ഉത്തരേന്ത്യൻ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: സംയുക്ത കിസാൻ മോർച്ച


സ്വന്തം ലേഖകൻ
Published on Sep 07, 2025, 09:08 PM | 1 min read
ന്യൂഡൽഹി: പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ദുരിതാശ്വാസ– പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്നും സംയുക്ത കിസാൻ മോർച്ച . പ്രളയത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്ത നിലപാടിനെ പ്രസ്‌താവനയിൽ അപലപിച്ചു.
ഇരകൾക്ക് നഷ്‌ടപരിഹാരം ഉടൻ നൽകണം. 2.5 ലക്ഷം ഹെക്ടറിലധിധം കൃഷിയിടം ഒലിച്ചുപോയി. വീടുകളും കന്നുകാലികളും വ്യാപകമായി നഷ്‌ടപ്പെട്ടു. നൂറുകണക്കിന് മനുഷ്യരാണ് ഇതിനോടകം മരിച്ചത്. 2025 ലെ ദുരന്തനിവാരണ (ഭേദഗതി) നിയമപ്രകാരം ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്രം ഒഴിഞ്ഞുമാറുന്നു. നഷ്ടപരിഹാരം" എന്ന പദത്തെ "ആശ്വാസം" എന്നാക്കി നിയമപരമായ ബാധ്യത ഇല്ലാതാക്കി. ഹിമാലയ സംസ്ഥാനങ്ങളിലെ കെടുകാര്യസ്ഥതയും അശാസ്ത്രീയ പദ്ധതികളും ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചു. കോർപ്പറേറ്റ് ശക്തികൾക്ക് കീഴടങ്ങുന്നതിലൂടെ പ്രകൃതിവിഭവങ്ങളും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള കടമയിൽ കേന്ദ്രം സ്വയം തോറ്റുകൊടുക്കുകയാണ്.
പരിസ്ഥിതി ആഘാത പഠനങ്ങൾ ഒഴിവാക്കി വൻതോതിൽ മരം മുറിക്കാൻ അനുവദിച്ചാൽ ഹിമാലയൻ വനങ്ങൾ ഇല്ലാതാകുമെന്ന് സുപ്രീംകോടതിപോലും നിരീക്ഷിച്ചു. മരിച്ച ഓരോരുത്തരുടെയും ആശ്രിതർക്ക് 25ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നൽകണം. ഹെക്ടറിന് 70,000 രൂപയും കന്നുകാലി, കാർഷിക ഉപകരണങ്ങൾ തുടങ്ങിയവയ്‌ക്ക് പൂർണതോതിലും നഷ്‌ടപരിഹാരം നൽകണം. കൃഷിക്കാരുടെയും ഗ്രാമീണ തൊഴിലാളികളുടെയും കുടുംബങ്ങൾക്ക് 50000 രൂപ നഷ്ടപരിഹാരം നൽകണം. വീടുകളുടെ വായ്‌പ എഴുതിത്തള്ളണം. ദുരന്തസമയത്ത് പ്രധാനമന്ത്രി ഫസൽ ബീമ യോജനയും മറ്റൊരു ദുരന്തമാകുന്നു. കോർപറേറ്റ് അനുകൂല നിയമങ്ങൾ ഉടൻ പൊളിച്ചെഴുതണം. ഇന്ത്യയിലുടനീളമുള്ള കർഷകരും കർഷകത്തൊഴിലാളികളും ദുരന്തബാധിതര സഹായിക്കാൻ മുന്നിട്ടിറങ്ങണമെന്നും പഞ്ചാബിൽ എസ്‌കെഎം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും പ്രസ്‌താവനയിൽ പറഞ്ഞു.









0 comments