'ചപ്പുചവറുകൾ കൊണ്ടു പോകണം'; സെയ്ഫ് അലി ഖാനെതിരെ വിദ്വേഷ പരാമർശവുമായി ബിജെപി മന്ത്രി

മുംബൈ: സെയ്ഫ് അലിഖാനെതിരെ വിദ്വേഷ പരാമർശവുമായി ബിജെപി മന്ത്രി നിതേഷ് റാണെ. സെയ്ഫിനെ ബംഗ്ലാദേശ് അക്രമി കൊണ്ടുപോയിരുന്നെങ്കിൽ നന്നായേനെയെന്നും അത് മാലിന്യം നീക്കുന്ന പ്രവൃത്തി ആകുമായിരുന്നുവെന്നുമാണ് മഹാരാഷ്ട്ര തുറമുഖ വികസന മന്ത്രിയുടെ പരാമർശം. സെയ്ഫ് അലിഖാനെതിരെ നടന്നത് ആക്രമണമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്ര വലിയ കുത്തേറ്റയാൾ എങ്ങനെയാണ് പെട്ടന്ന് ആശുപത്രി വിടുക. ഖാൻമാർക്ക് വേദനിക്കുമ്പോഴാണ് ചിലർക്ക് പ്രശ്നമെന്നും ഹിന്ദു നടന്മാർ വേദനിക്കുമ്പോൾ ആരും ചോദ്യം ചെയ്യാൻ തയാറാകുന്നില്ലെന്നുമുള്ള വർഗീയ വിദ്വേഷ പരാമർശമാണ് ബിജെപി മന്ത്രി നിതേഷ് റാണെ നടത്തിയത്.
"ബംഗ്ലാദേശികൾ മുംബൈയിൽ ചെയ്യുന്നത് നോക്കൂ, അവർ സെയ്ഫ് അലി ഖാന്റെ വീട്ടിൽ കയറി, മുമ്പ് അവർ റോഡരികിൽ നിൽക്കുകയായിരുന്നു, ഇപ്പോൾ അവർ വീടുകളിൽ കയറാൻ തുടങ്ങി, ഒരുപക്ഷെ അവനെ(സെയ്ഫിനെ) കൊണ്ടുപോകാൻ വന്നതാകാം. കൊള്ളാം, ചപ്പുചവറുകൾ കൊണ്ടു പോകണം. ആശുപത്രി വിട്ട് തിരികെ വരുമ്പോൾ നൃത്തം ചെയ്താണ് നടന്നിരുന്നത്. ഇത് കാണുമ്പോൾ അവന് കുത്തേറ്റോ എന്ന് സംശയമാണ്.
ഷാരൂഖ് ഖാനെ പോലെയോ സെയ്ഫ് അലി ഖാനെ പോലെയോ ഏതെങ്കിലും ഖാൻ വേദനിക്കുമ്പോൾ മാത്രമാണ് മുംബ്രയുടെ ജീത്തുദ്ദീനും (ജിതേന്ദ്ര അവ്ഹദ്) ബാരാമതിയുടെ തായും (സുപ്രിയ സോൾ) പ്രതികരിക്കുന്നത്. സുശാന്ത് സിംഗ് രാജ്പുത്തിനെ പോലെയുള്ള ഒരു ഹിന്ദു നടൻ പീഡിപ്പിക്കപ്പെടുമ്പോൾ, ആരും ഒന്നും പറയാൻ മുന്നോട്ട് വരില്ല.
അവർക്ക് സെയ്ഫ് അലി ഖാനെയും ഷാരൂഖ് ഖാന്റെ മകനെയും നവാബ് മാലിക്കിനെയും കുറിച്ച് മാത്രമാണ് ആശങ്ക. ഏതെങ്കിലും ഹിന്ദു കലാകാരനെ കുറിച്ച് അവർ വിഷമിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ... നിങ്ങൾ ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം"- എന്നായിരുന്നു മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ വിദ്വേഷ പരാമർശം.
കഴിഞ്ഞ വ്യാഴാഴ്‌ച പുലർച്ചെയാണ് ബോളിവുഡ് താരം സെയ്‌ഫ് അലി ഖാനെ ബാന്ദ്ര വെസ്റ്റ് വീട്ടിലെത്തിയ മോഷ്‌ടാവ് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആറു തവണ കുത്തേറ്റ സെയ്‌ഫിന്റെ നട്ടെല്ലിന് സമീപം തറച്ചിരുന്ന കത്തിയുടെ ഭാഗം ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തിരുന്നു. മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു.









0 comments