അഞ്ചുവർഷം 
പേടകം ഭൗമനിരീക്ഷണം നടത്തും

ലോക കാലാവസ്ഥ നിരീക്ഷിക്കാൻ 
നിസാർ ഭ്രമണപഥത്തിൽ

Nisar Satellite india
വെബ് ഡെസ്ക്

Published on Jul 31, 2025, 12:34 AM | 2 min read


ശ്രീഹരിക്കോട്ട

ഭൗമോപരിതലത്തിലെ നേരിയ മാറ്റങ്ങൾപോലും സൂക്ഷ്‌മമായി നിരീക്ഷിച്ച്‌ വിവരം കൈമാറാൻ കഴിയുന്ന നിസാർ ഉപഗ്രഹം ഐഎസ്‌ആർഒ വിജയകരമായി വിക്ഷേപിച്ചു. നാസയുമായി ചേർന്നാണ്‌ ദൗത്യം. 13000 കോടിയാണ്‌ ചെലവ്‌. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽനിന്ന്‌ ബുധനാഴ്‌ചയായിരുന്നു വിക്ഷേപണം. ഉപഗ്രഹത്തിൽ നിന്ന്‌ വിവരങ്ങൾ ലഭിച്ചു തുടങ്ങിയതായി ഐഎസ്‌ആർഒ അറിയിച്ചു. 27 മണിക്കൂർ നീണ്ട കൗണ്ട്‌ ഡൗണിനു പിന്നാലെ, വൈകിട്ട്‌ 5.40 ന്‌ ജിഎസ്എൽവി–എഫ് 16 റോക്കറ്റാണ്‌ 2393 കിലോ ഭാരമുള്ള പേടകവുമായി കുതിച്ചത്‌.


വിക്ഷേപണത്തിന്റെ മൂന്നാം മിനിട്ടിൽ റോക്കറ്റിന്റെ ആദ്യഘട്ടം വേർപെട്ടു. ക്രയോഘട്ടം അഞ്ചാംമിനിട്ടിൽ കൃത്യമായി ജ്വലിച്ചതോടെ വേഗം സെക്കൻഡിൽ 4.5 കിലോമീറ്ററിന്‌ മുകളിലായി. 19ാം മിനിട്ടിൽ പേടകം നിശ്‌ചിത ഭ്രമണപത്തിലെത്തി. തുടർന്ന്‌ സൗരോർജപാനലും 12 മീറ്ററുള്ള ആന്റിനയും വിന്യസിപ്പിച്ചു. 743 കിലോമീറ്റർ ഉയരത്തിലുള്ള സൗരസ്ഥിര ഭ്രമണപഥത്തിൽ അഞ്ചുവർഷം പേടകം ഭൗമനിരീക്ഷണം നടത്തും. ജിഎസ്‌എൽവി റോക്കറ്റ്‌ ഈ ഭ്രമണപഥത്തിൽ ഒരു പേടകത്തെ എത്തിക്കുന്നത്‌ ആദ്യമാണ്‌.


ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും ലോക കാലാവസ്ഥാ നിരീക്ഷണത്തിനുമുള്ള നിർണായക വിവരങ്ങൾ ലഭ്യമാക്കാനും നിസാറിന്‌ കഴിയും. ഇരട്ട ഫ്രീക്കൻസി റഡാറുകൾ ഏതു കാലാവസ്ഥയിലും വിവരശേഖരണം നടത്തും. കടലിലെയും കരയിലെയും മാറ്റങ്ങൾ കൃത്യതയോടെ നിരീക്ഷിക്കും. അഗ്‌നിപർവതങ്ങൾ, ഭൂകമ്പം, കൊടുങ്കാറ്റ്‌, പ്രളയം, മഞ്ഞുരുക്കം, കാട്ടുതീ, വന നശീകരണം, കാലാവസ്ഥാ വ്യതിയാനം, ഭൂവിനിയോഗം തുടങ്ങിയവയെല്ലാം നിരീക്ഷിച്ച്‌ വിവരങ്ങൾ ലഭ്യമാക്കും. 12 ദിവസത്തെ ഇടവേളകളിൽ ഭൂമിയിലെ ഒരോ സ്ഥലത്തേയും സൂക്ഷ്‌മ വിവരങ്ങളും ചിത്രങ്ങളും അയക്കും.


ഐഎസ്‌ആർഒ ചെയർമാൻ ഡോ വി നാരായണൻ, സെന്റർ ഡയറക്ടർമരായ ഡോ എസ്‌ ഉണ്ണികൃഷ്‌ണൻനായർ(വിഎസ്‌എസ്‌സി), എം മോഹൻ(എൽപിഎസ്‌സി), ഡോ എ എസ്‌ അനിൽകുമാർ(ഇസ്‌ട്രാക്‌), ഇ എസ്‌ പത്മകുമാർ(ഐഐഎസ്‌യു), എ രാജരാജൻ(ഷാർ), എം ശങ്കരൻ(യുആർഎസ്‌സി)തുടങ്ങിയവർ വിക്ഷേപണത്തിന്‌ നേതൃത്വം നൽകി. തോമസ്‌ കുര്യൻ മിഷൻ ഡയറക്ടറും ചൈത്രാറാവു പ്രോജക്ട്‌ ഡയറക്ടറുമാണ്‌.


ഈ വർഷം 
9 വിക്ഷേപണം: 
ഡോ. വി നാരായണൻ

ഐഎസ്‌ആർഒ ഈ വർഷം ഒമ്പത്‌ വിക്ഷേപണങ്ങൾ നടത്തുമെന്ന്‌ ചെയർമാൻ ഡോ. വി നാരായണൻ. ഗഗൻയാൻ ദൗത്യത്തിന്‌ മുന്നോടിയായുള്ള ആളില്ലാ ദൗത്യവും ഇക്കൂട്ടത്തിലുണ്ട്‌. എൽവിഎം 3 എം 5, പിഎസ്‌എൽവി 62, പിഎസ്‌എൽവി എൻ1, ജിഎസ്‌എൽവി എഫ്‌ 17, പിഎസ്‌എൽവി 63, ജിഎസ്‌എൽവി എഫ്‌18 എന്നീ വിക്ഷേപണങ്ങൾ വരും മാസങ്ങളിൽ നടത്തും.


നാസയുടെ അടുത്ത ബ്ലൂബേർഡ്‌ ഉപഗ്രഹം ശ്രീഹരിക്കോട്ടയിൽ നിന്ന്‌ വിക്ഷേപിക്കും. ജിസാറ്റ്‌ 1 എ, എൻവിഎസ്‌–-03 വിക്ഷേപണങ്ങൾ, ഇലക്ട്രിക്ക്‌ പ്രൊപ്പൽഷൻ പരീക്ഷണം തുടങ്ങിയവയുമുണ്ടാകും. ചെറിയ ഉപഗ്രഹങ്ങൾക്കായുള്ള എസ്‌എസ്‌എൽവി റോക്കറ്റുകളും വിക്ഷേപിക്കും. നിസാർ ഉപഗ്രഹ വിക്ഷേപണ വിജയം ഐഎസ്‌ആർഒയുടെ അന്താരാഷ്‌ട്ര സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഡോ. നാരായണൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home