വാഹനത്തിൽ കടത്തിയ 150 കുപ്പി മദ്യവുമായി നിലമ്പൂർ സ്വദേശി പിടിയിൽ

വടകര : മിനി പിക്കപ്പ് വാഹനത്തിൽ കടത്തുകയായിരുന്ന 150 കുപ്പി (75 ലിറ്റർ) മാഹി മദ്യവുമായി നിലമ്പൂർ സ്വദേശി പിടിയിൽ. തിരുവാലി കൊടിയക്കുന്നേൽ ബിനോയ് (55) ആണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദേശീയപാത ലിങ്ക് റോഡ് ജങ്ഷനിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. എയ്സ് മിനി പിക്കപ്പ് വാഹനത്തിൽ നാലു ചാക്കുകളിലായി കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം.
മദ്യം കടത്താൻ ഉപയോഗിച്ച വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തു. ആക്രി സാധനങ്ങൾ മാഹിയിൽ എത്തിച്ച് തിരിച്ച് പോകവെയാണ് ഇയാൾ 32,000 രൂപയുടെ മദ്യം വാങ്ങി വണ്ടിയിൽ സൂക്ഷിച്ചത്. ഇവ നിലമ്പൂരിൽ എത്തിച്ച് ചെറുകിട കച്ചവടക്കാർക്ക് വിൽപന നടത്തും. 15,000 രൂപ ഇതിലൂടെ തനിക്ക് ലഭിക്കുമെന്ന് പ്രതി എക്സൈസ് അധികൃതർക്ക് മൊഴി നൽകി. മുമ്പ് മദ്യം കടത്തിയ മൂന്ന് കേസുകളിൽ പ്രതി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ പി എം ഷൈലേഷ്, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ എ ജയരാജൻ, സിപിഒ എ കെ രതീഷ്, സിഇഒ മാരായ എം പി വിനീത്, പി വി സന്ദീപ്, കെ എം അഖിൽ എന്നിവർ പങ്കെടുത്തു.









0 comments