4 വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച്‌ പദ്ധതി തയ്യാറാക്കി

ഭീകരർ ഒരാഴ്‌ചമുമ്പ്‌ 
പഹൽഗാമിലെത്തി ; സുരക്ഷാവീഴ്‌ചയുണ്ടായെന്ന് എൻഐഎ

NIA report on Pahalgam Terror Attack
വെബ് ഡെസ്ക്

Published on May 03, 2025, 02:42 AM | 1 min read


ന്യൂഡൽഹി :

പഹൽഗാം ഭീകരാക്രമണം തടയുന്നതിൽ സുരക്ഷാസേനയ്‌ക്ക്‌ ഗുരുതര വീഴ്‌ച സംഭവിച്ചെന്ന കണ്ടെത്തലുമായി എൻഐഎ. ദിവസങ്ങളോളം ഭീകരർ മേഖലയിൽ തമ്പടിച്ചെന്നാണ്‌ പ്രാഥമികാന്വേഷണ റിപ്പോർട്ട്‌.


ഏപ്രിൽ 22നാണ്‌ പഹല്‍​ഗാമില്‍ 26 പേർ കൊല്ലപ്പെട്ടത്. ഏപ്രിൽ 15ന്‌ ഭീകരർ പഹൽഗാമിലെത്തിയെന്നും ബൈസരൺ താഴ്‌വര, ആരു താഴ്‌വര, ബൈതാബ്‌ താഴ്‌വര, സ്ഥലത്തെ അമ്യൂസ്‌മെന്റ്‌ പാർക്ക്‌ എന്നിവിടങ്ങള്‍ സന്ദർശിച്ച്‌ പദ്ധതി തയ്യാറാക്കിയെന്നും കണ്ടെത്തി. സേനാസാന്നിധ്യം കുറവായതിനാലാണ്‌ ബൈസരൺ തെരഞ്ഞെടുത്തത്‌. പദ്ധതി തയ്യാറാക്കാൻ രണ്ടുനാൾ നിരീക്ഷണം നടത്തിയിട്ടും സുരക്ഷാസേന തിരിച്ചറിഞ്ഞില്ല. ആക്രമണത്തിന്‌ മുമ്പുള്ള ദിവസങ്ങളിൽ സാറ്റലൈറ്റ്‌ ഫോണുകളുടെ ഉപയോഗം വർധിച്ചെന്നും കണ്ടെത്തി. മൂന്ന്‌ സാറ്റലൈറ്റ്‌ ഫോണുകളിൽനിന്ന്‌ പഹൽഗാമിന്‌ അകത്തേക്കും പുറത്തേക്കുമുള്ള സിഗ്നലുകൾ എൻഐഎ തിരിച്ചറിഞ്ഞു.


ഏഴുപേർ കൊല്ലപ്പെട്ട 2024ലെ സോനാമാർഗ്‌ ടണൽ ആക്രമണം നടത്തിയവരാണ്‌ പഹൽഗാം ആക്രമണത്തിന്‌ പിന്നിലെന്നാണ്‌ എൻഐഎയുടെ സംശയം. 2023ൽ ആർമി ക്യാമ്പിനുനേരെ നടന്ന ആക്രമണത്തിൽ ഭീകരരെ സഹായിച്ചവർ പഹല്‍​ഗാമിലും പങ്കാളികളായെന്നും സംശയിക്കുന്നു.


ലഷ്‌കർ ഇ തായ്‌ബയിലേക്കും പാക് ചാരസംഘടനയിലേക്കുമാണ്‌ അന്വേഷണം നീളുന്നത്‌. രണ്ട്‌ ഭീകരര്‍ പാകിസ്ഥാൻ പൗരരാണ്‌. ഭീകരരെ സഹായിച്ച ഇരുപതോളം പേരെ തിരിച്ചറിഞ്ഞു. ഇതുവരെ 2800 പേരെ ചോദ്യം ചെയ്‌തു. 150പേർ കസ്റ്റഡിയിലുണ്ട്‌.


വെള്ളിയാഴ്‌ച എൻഐഎയുടെ നേതൃത്വത്തിൽ ബൈസരൺ താഴ്‌വരയിൽ അന്വേഷണത്തിന്റെ ഭാഗമായി ത്രിമാന മാപ്പിങ്‌ നടത്തി. ശ്രീനഗറിൽ 21 കേന്ദ്രങ്ങൾ റെയ്‌ഡ്‌ചെയ്‌തു. അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുകയാണ്‌.



ചർച്ച ചെയ്യാമെന്ന് രക്ഷാസമിതി

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന്‌ ഇന്ത്യ–- പാകിസ്ഥാൻ അതിര്‍ത്തി സംഘർഷം രൂക്ഷമാകുന്ന സാഹചര്യം ചർച്ച ചെയ്യാൻ യു എൻ രക്ഷാസമിതി ഉടൻ യോഗം ചേരുമെന്ന് സൂചന. വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം ഉയർന്നാൽ തീർച്ചയായും യോഗം വിളിക്കുമെന്ന്‌ രക്ഷാസമിതി പ്രസിഡന്റും ​ഗ്രീസിന്റെ യുഎന്‍ സ്ഥിരം പ്രതിനിധിയുമായ ഇവാഞ്ജലോസ്‌ സെകെരിസ്‌ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച്‌ രക്ഷാസമിതി കഴിഞ്ഞയാഴ്‌ച പ്രസ്‌താവന ഇറക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home