ദേശീയപാത ടോൾനിരക്ക് വർധന കോടതിയിലേക്ക്‌

NH toll price hike
വെബ് ഡെസ്ക്

Published on Sep 02, 2025, 01:56 AM | 1 min read


തൃശൂർ

ദേശീയപാത സഞ്ചാരയോഗ്യമാക്കാതെ പാലിയേക്കരയിൽ ടോൾ വർധിപ്പിച്ച വിഷയം കോടതിയിലേക്ക്‌. എൻഎച്ച്‌ 544-ൽ മണ്ണുത്തി – ഇടപ്പള്ളി പാതയിൽ അടിപ്പാത നിർമാണത്തിലെ കാലതാമസവും റോഡ്‌ തകർച്ചയും ഗതാഗതക്കുരുക്കും സംബന്ധിച്ച്‌ കലക്ടർ നൽകിയ റിപ്പോർട്ടിനെത്തുടർന്ന്‌ ടോൾ പിരിവ്‌ ഹൈക്കോടതി മരവിപ്പിച്ചിരിക്കയാണ്‌. സുപ്രീം കോടതിയും ഇത്‌ ശരിവച്ചിരുന്നു.


സെപ്‌തംബർ ഒമ്പത്‌ വരെയാണ്‌ ഹൈക്കോടതി ഉത്തരവനുസരിച്ച്‌ ടോൾപിരിവ്‌ തടഞ്ഞിട്ടുള്ളത്‌. ഇതിനകം റോഡ്‌ സഞ്ചാരയോഗ്യമാക്കണമെന്നും ഉത്തരവുണ്ട്‌. ഇതിനിടയിലാണ്‌ സെപ്തംബർ ഒന്നിന് ടോൾ വർധിപ്പിക്കാൻ കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാ സ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് ദേശീയപാത അതോറിറ്റി അനുമതി നൽകിയത്‌. ടോൾ മരവിപ്പിക്കൽ കോടതി റദ്ദാക്കുന്നതനുസരിച്ച്‌ ഈ നിരക്ക് ഈടാക്കാനാണ്‌ തീരുമാനം.


ടോൾ വിഷയം നിലവിൽ കോടതി പരിഗണനയിലാണ്‌. കോടതി ഉത്തരവില്ലാതെ നിരക്ക്‌ വർധന പാടില്ലെന്ന്‌ വിവിധ ഹർജികളിൽ പറയുന്നു. പാതയില്‍ ഇപ്പോഴും ഗതാഗതക്കുരുക്ക് തുടരുകയാണെന്ന്‌ കലക്ടർ ഹൈക്കോടതിയിൽ വീണ്ടും റിപ്പോർട്ട്‌ നൽകി. 750 കോടി രൂപ ചെലവിലാണ്‌ പാതയുടെ ആദ്യഘട്ട നിർമാണം പൂർത്തിയാക്കിയത്‌. ഇക്കഴിഞ്ഞ ജൂലൈമാസത്തിനുള്ളിൽ 1614.26 കോടി ടോൾ പിരിച്ചു.


സമാന്തര പാതയൊരുക്കാതെ ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിൽ അടിപ്പാതയും കൊരട്ടിയിൽ മേൽപ്പാലവും ഒരുമിച്ച്‌ നിർമാണം ആരംഭിച്ചതാണ്‌ ഗതാഗതക്കുരുക്കിന്‌ ഇടയാക്കിയത്‌. നിർമാണത്തിലെ അപാകംമൂലം തമിഴ്നാട് കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമിച്ച പിഎസ്ടി എൻജിനിയറിങ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിക്കാണ് ദേശീയപാത 544ലെ ബ്ലാക്ക്‌ സ്‌പോട്ട്‌ നിർമാണത്തിന്‌ കരാർ ലഭിച്ചത്. മദ്രാസ് ഹൈക്കോടതിയിൽനിന്ന് സ്റ്റേ നേടിയാണ്‌ കമ്പനി പ്രവർത്തനം തുടരുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Home