തൊഴിലാളികളെ 
തോന്നുംപോലെ പിരിച്ചുവിടാം

print edition തൊഴിലാളിദ്രോഹം ; 4 തൊഴിൽ ചട്ടങ്ങൾ പ്രാബല്യത്തിലാക്കി മോദി സർക്കാർ

modi
avatar
എം പ്രശാന്ത്‌

Published on Nov 22, 2025, 04:04 AM | 3 min read


ന്യൂഡൽഹി

സിഐടിയു ഉൾപ്പെടെയുള്ള കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ ശക്തമായി എതിർക്കുന്ന നാല്‌ തൊഴിൽ ചട്ടങ്ങൾ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വന്നതായി മോദി സർക്കാർ പ്രഖ്യാപിച്ചു. തൊഴിലാളികൾക്ക്‌ ദ്രോഹകരമായ ചട്ടങ്ങൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിഎംഎസ്‌ ഒഴികെയുള്ള ട്രേഡ്‌യൂണിയൻ സംഘടനകൾ സമരരംഗത്ത് നിൽക്കവെയാണ് ഏകപക്ഷീയ പ്രഖ്യാപനം.


നാല്‌ ലേബർ കോഡുകളും വിജ്‌ഞാപനം ചെയ്‌തെന്നും ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ഒരാഴ്‌ചയ്‌ക്കകം പുറത്തുവിടുമെന്നും തൊഴിൽ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ചട്ടങ്ങൾ ആവശ്യമില്ലാത്ത വ്യവസ്ഥകൾ വെള്ളിയാഴ്‌ച തന്നെ പ്രാബല്യത്തിലായെന്നും മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു. പുതിയ ചട്ടങ്ങൾ തൊഴിലാളികളെ ശാക്തീകരിക്കുമെന്നാണ്‌ കേന്ദ്രസർക്കാർ അവകാശവാദം.


2020 സെപ്‌തംബറിൽ കോവിഡ്‌ നിയന്ത്രണങ്ങൾ നിലനിൽക്കെ പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ച ചെയ്യാതെയാണ്‌ തൊഴിൽ ചട്ടങ്ങൾ പാസാക്കിയത്‌. ട്രേഡ്‌ യൂണിയനുകളുടെ കടുത്ത എതിർപ്പ്‌ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതിനെ തടഞ്ഞു. ഇപ്പോൾ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്‌ പിന്നാലെയാണ്‌ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നതായുള്ള അപ്രതീക്ഷിത പ്രഖ്യാപനം.


29 തൊഴിൽ നിയമങ്ങൾ ഏകീകരിച്ചാണ്‌ നാല്‌ കോഡുകളായി മാറ്റിയത്‌. വേതന ചട്ടം, വ്യവസായബന്ധ ചട്ടം, സാമൂഹ്യസുരക്ഷാ ചട്ടം, തൊഴിൽസുരക്ഷയും ആരോഗ്യവും തൊഴിൽസാഹചര്യങ്ങളും വ്യവസ്ഥ ചെയ്യുന്ന ചട്ടം എന്നിങ്ങനെയാണ്‌ ചുരുക്കിയത്‌.

തൊഴിൽസുരക്ഷ 
ഇല്ലാതാകും

തൊഴിലാളികളെയും ജീവനക്കാരെയും മുന്നറിയിപ്പില്ലാതെ വേഗത്തിൽ പിരിച്ചുവിടാൻ തൊഴിലുടമകൾക്ക്‌ സ്വാതന്ത്ര്യം നൽകുന്നതാണ്‌ പുതിയ ചട്ടങ്ങളെന്ന്‌ ട്രേഡ്‌ യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു. സർക്കാരിന്റെ മുൻകൂർ അനുമതി കൂടാതെതന്നെ കൂട്ടപ്പിരിച്ചുവിടൽ സാധ്യമാകും. തൊഴിൽസുരക്ഷ ഇല്ലാതാകും. തൊഴിൽ സമയവും തൊഴിൽ ഭാരവും വർധിക്കും.


തൊഴിലാളികളുടെ അനുമതി ഇല്ലാതെതന്നെ തൊഴിൽ സമയവും തൊഴിൽ സാഹചര്യവും മാറ്റാൻ തൊഴിലുടമകൾക്ക്‌ സാധിക്കും. യൂണിയനുകൾ രൂപീകരിച്ച്‌ അവകാശങ്ങൾക്കായി സംഘടിക്കാൻ തൊഴിലാളികൾക്ക്‌ കഴിയാതെ വരും. 
ചില മേഖലകളിൽ യൂണിയൻ രൂപീകരണം തന്നെ അസാധ്യമാകും. അന്യായമായ തൊഴിൽ രീതികൾക്കെതിരെ പണിമുടക്ക്‌ പോലും സാധ്യമാകില്ല. മിനിമം വേതനം എത്രയെന്ന വ്യവസ്ഥയില്ല. എല്ലാ തൊഴിലാളികൾക്കും സാമൂഹ്യസുരക്ഷ ഉറപ്പില്ല. തൊഴിലാളിക്ഷേമത്തെക്കാൾ പരിഗണന ബിസിനസ്‌ താൽപ്പര്യങ്ങൾക്കാവും.


തൊഴിലാളികളെ 
തോന്നുംപോലെ പിരിച്ചുവിടാം

പുതിയ തൊഴിൽ ചട്ടങ്ങളിലെ ഭൂരിഭാഗം വ്യവസ്ഥകളും അങ്ങേയറ്റം തൊഴിലാളികളെ ദ്രോഹിക്കാനുള്ളതാണ്‌. ഫാക്‌ടറി നിയമപ്രകാരം 10 തൊഴിലാളികൾവരെയുള്ള, വൈദ്യുതി ഉപയോഗിക്കുന്ന യൂണിറ്റുകളെയും 20 തൊഴിലാളികൾ വരെയുള്ള വൈദ്യുതി ഉപയോഗിക്കാത്ത യൂണിറ്റുകളെയും ഫാക്‌ടറികളായി പരിഗണിച്ചിരുന്നു. പുതിയ ചട്ടത്തിൽ ഇത്‌ യഥാക്രമം 20, 40 എന്നാക്കി.


100 തൊഴിലാളികൾ വരെയുള്ള തൊഴിലിടത്തിൽ പിരിച്ചുവിടലിന്‌ സർക്കാർ അനുമതി ആവശ്യമായിരുന്നു. എന്നാൽ പുതിയ ചട്ടത്തിൽ ഇത്‌ 300ൽ കൂടുതൽ തൊഴിലാളികളുള്ള തൊഴിലിടമെന്നാക്കി മാറ്റി. അതായത്‌ 300 തൊഴിലാളികൾ വരെയുള്ള തൊഴിലിടങ്ങളിൽ ഉടമയ്‌ക്ക്‌ തോന്നുംപോലെ പിരിച്ചുവിടൽ സാധ്യമാകും. സർക്കാരിന്‌ വിജ്‌ഞാപനത്തിലൂടെ ഈ സംഖ്യയിൽ മാറ്റവും കൊണ്ടുവരാം.


വ്യവസായ തൊഴിൽ നിയമപ്രകാരം 100 തൊഴിലാളികൾ വരെയുള്ള സ്ഥാപനത്തിൽ തൊഴിൽ സാഹചര്യങ്ങൾ കൃത്യമായി നിർവചിക്കണമെന്ന നിബന്ധനയുണ്ടായിരുന്നു. ഇനി 300ൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കേ ഇത് ബാധകമാകൂ. വ്യവസായ സ്ഥാപനങ്ങളെ ആവശ്യമെങ്കിൽ പുതിയ തൊഴിൽ ചട്ടങ്ങളിൽനിന്ന്‌ ഒഴിവാക്കാനുള്ള സ്വാതന്ത്ര്യം പുതിയ ചട്ടപ്രകാരം സർക്കാരിനുണ്ടാകും.


തൊഴിലുൽപ്പാദനം, വർധിച്ച സാമ്പത്തികപ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച്‌ തൊഴിൽസുരക്ഷ, ആരോഗ്യം, സാമൂഹ്യസുരക്ഷ എന്നിവ ഉറപ്പാക്കേണ്ട ചട്ടത്തിൽനിന്നും വ്യവസായങ്ങളെ ഒഴിവാക്കാൻ സർക്കാരിന്‌ സ്വാതന്ത്ര്യമുണ്ടാകും. അടിസ്ഥാന സുരക്ഷാ –ക്ഷേമ മാനദണ്ഡങ്ങളിൽനിന്ന്‌ ഏത്‌ ഫാക്‌ടറിയെയും ഒഴിവാക്കാൻ സംസ്ഥാന സർക്കാരുകൾക്ക്‌ പുതിയ ചട്ടം സ്വാതന്ത്ര്യം നൽ
കുന്നു.


ചട്ടങ്ങൾ പിൻവലിക്കുംവരെ പോരാട്ടം: ട്രേഡ്‌ യൂണിയനുകൾ

തൊഴിലാളിദ്രോഹ തൊഴിൽചട്ടങ്ങൾ ഏകപക്ഷീയമായി വിജ്‌ഞാപനം ചെയ്‌ത കേന്ദ്രസർക്കാർ നടപടിയെ നിശിതമായി അപലപിച്ച്‌ സിഐടിയു ഉൾപ്പെടെയുള്ള കേന്ദ്ര ട്രേഡ്‌യൂണിയനുകൾ.


തൊഴിൽ ചട്ടങ്ങൾ പിൻവലിക്കുംവരെ രാജ്യത്തെ തൊഴിലാളിവർഗം പോരാട്ടം തുടരും. ബുധനാഴ്‌ച കർഷകസംഘടനകളും ട്രേഡ്‌യൂണിയനുകളും ആഹ്വാനം ചെയ്‌ത രാജ്യവ്യാപക പ്രക്ഷോഭം തൊഴിൽ ചട്ടങ്ങളുടെ നടപ്പാക്കലിനെതിരായ പ്രതിഷേധമായി മാറണം. കറുത്ത ബാഡ്‌ജ്‌ ധരിച്ച്‌ എല്ലാ തൊഴിലിടങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കണം. ഗേറ്റ്‌ യോഗങ്ങളും തെരുവുയോഗങ്ങളും മറ്റും അടിയന്തരമായി സംഘടിപ്പിച്ച്‌ കേന്ദ്രനീക്കം തുറന്നുകാട്ടണം.


29 തൊഴിൽ നിയമങ്ങളെ നാല്‌ തൊഴിൽ ചട്ടങ്ങളാക്കിയുള്ള നിയമനിർമാണം നടത്തിയത്‌ മുതൽ ട്രേഡ്‌യൂണിയനുകൾ എതിർക്കുകയാണ്‌. 2020 ജനുവരിയിലെ പൊതുപണിമുടക്ക്‌ അടക്കം രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. ഇ‍ൗ വർഷം ജൂലൈയിൽ സംഘടിപ്പിച്ച പണിമുടക്കിൽ 25 കോടി തൊഴിലാളികളാണ്‌ പങ്കെടുത്തത്‌.


തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും കവർന്നെടുത്ത്‌ അടിമകളാക്കി മാറ്റുകയാണ്‌ ലക്ഷ്യം– സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്‌എംസ്‌, എഐസിടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ്‌, യുടിയുസി എന്നിവ പ്രസ്‌താവനയിൽ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Home