ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷൻ ദുരന്തം ; റെയിൽവേയെ തള്ളി ആർപിഎഫ്

ചൊവ്വാഴ്ച പട്‌ന റെയിൽവേ സ്റ്റേഷനിലുണ്ടായ തിരക്ക്
ന്യൂഡൽഹി : ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിൽ കൂട്ട മരണത്തിനിടയാക്കിയ ദുരന്തത്തിൽ റെയിൽവേ നൽകിയ വിശദീകരണത്തെ പൂർണമായി തള്ളി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്). അപകടത്തിൽ 20 പേർ മരിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 18 മരണമെന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. ദുരന്തം നടന്ന ശനി വൈകിട്ട് ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളിൽ മൂന്ന് മിനിറ്റിനുള്ളിൽ നടത്തിയ പരസ്‌പരവിരുദ്ധമായ രണ്ട് അനൗൺസ്‌മെന്റുകൾ കാരണമുണ്ടായ ഗുരുതര ആശയകുഴപ്പമാണ് വലിയ തിക്കും തിരക്കും ഉണ്ടാക്കിയതെന്ന് ആർപിഎഫ് റിപ്പോർട്ടിൽ പറയുന്നത്.
അനൗൺസ്‌മെന്റുകൾ ഉണ്ടാക്കിയ ആശയക്കുഴപ്പമാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന റിപ്പോർട്ടുകളെ റെയിൽവേ നേരത്തെ തള്ളിയിരുന്നു.
റെയിൽവേയുടെ വീഴ്‌ച വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ആർപിഎഫ് ന്യൂഡൽഹി പോസ്‌റ്റിലെ ഇൻസ്‌പെക്‌ടർ ഇൻ ചാർജ് മേലുദ്യോഗസ്ഥർക്ക് കൈമാറിയത്.
‘ശനിയാഴ്‌ച്ച വൈകിട്ട് ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിലെ 12,- 13, 14, 15പ്ലാറ്റ്‌ഫോമുകളിലും മേൽപ്പാലങ്ങളിലും അസാധാരണമായ തിക്കുംതിരക്കുമുണ്ടായി. കുംഭമേള സ്‌പെഷ്യൽ ട്രെയിൻ 12–-ാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നും പുറപ്പെടുന്നുവെന്ന ആദ്യ അനൗൺസ്‌മെന്റുണ്ടായി.
മിനിറ്റുകൾക്കുള്ളിൽ, കുംഭമേള സ്‌പെഷ്യൽ ട്രെയിൻ 16–-ാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നും ഉടൻ പുറപ്പെടുമെന്ന രണ്ടാമത്തെ അനൗൺസ്‌മെന്റും വന്നു. അനൗൺസ്‌മെന്റുകൾക്ക് പിന്നാലെ 12,13, 14,15 പ്ലാറ്റ്‌ഫോമുകളിലെ യാത്രക്കാർ മേൽപ്പാലങ്ങളിലേക്ക് കുതിച്ചു. ഈഅവസരത്തിൽ 14–-ാം നമ്പർ പ്ലാറ്റ്‌ഫോമിൽ മഗധ് എക്‌സ്‌പ്രസും 15–-ാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഉത്തർ സമ്പർക്കക്രാന്തി എക്‌പ്രസും നിന്നിരുന്നു. നിർത്തിയിട്ട ട്രെയിനുകളിലേക്കുള്ള യാത്രക്കാരും കുംഭമേള സ്‌പെഷ്യൽ ട്രെയിൻ കയറാനുള്ള യാത്രക്കാരും മേൽപ്പാലങ്ങൾ ഉപയോഗിച്ചതോടെ വലിയ ഉന്തും തള്ളുമുണ്ടായി. ചില യാത്രക്കാർ നിലതെറ്റി വീണതോടെ പരിഭ്രാന്തിയുണ്ടായി. മേഖലയിൽ മൊബൈൽ നെറ്റ്‌വർക്ക് കുറവായതോടെ ഉദ്യോഗസ്ഥർക്കും പൊലീസുകാർക്കും തക്കസമയത്ത് വിവരങ്ങൾ കൈമാറാൻ സാധിച്ചില്ല’–- ആർപിഎഫ് റിപ്പോർട്ട് വിശദീകരിച്ചു.
പാഠം പഠിക്കാതെ റെയിൽവേ
കുംഭമേള അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ, യാത്രക്കാരുടെ വലിയ തിരക്ക് കൈകാര്യം ചെയ്യാനാകാതെ റെയിൽവേ. വലിയ ആൾക്കൂട്ടത്തെ ഉൾകൊള്ളാൻ ആകാതായതോടെ പ്രയാഗ്‌രാജ് സംഗം റെയിൽവേ സ്‌റ്റേഷൻ 26 വരെ അടച്ചിട്ടു. ഇതോടെ സമീപ സ്‌റ്റേഷനുകളിലേക്ക് യാത്രക്കാരുടെ പ്രവാഹമാണ്. ബിഹാറിലെ മിക്ക റെയില്‍വെ സ്റ്റേഷനുകളിലും തിരക്ക് അതിരൂക്ഷമാണ്.









0 comments