മേഘാലയയിൽ ഹണിമൂണിനെത്തിയ ഇൻഡോർ സ്വദേശിയുടെ കൊലപാതകം: രണ്ടുപേർ കൂടി അറസ്റ്റിൽ

ഗുവാഹത്തി : മേഘാലയയിൽ ഹണിമൂണിനെത്തിയ ഇൻഡോർ സ്വദേശി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കൊല്ലപ്പെട്ട രാജ രഘുവംശിയുടെ ഭാര്യ സോനത്തെ സഹായിച്ചെന്ന പേരിലാണ് വസ്തു ഇടപാടുകാരനെയും സെക്യൂരിറ്റി ജീവനക്കാരനെയും പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതുവരെ ഏഴുപേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്.
രഘുവംശിയെ കൊലപ്പെടുത്താനായി സോനം ഏർപ്പാടാക്കിയ വാടകക്കൊലയാളിയായ വിശാലിന് ഫ്ലാറ്റ് വാടകയ്ക്കെടുത്ത് നൽകിയത് വസ്തുക്കച്ചവടക്കാരനായ സിലോം ജെയിംസാണ്. ഇതേ ഫ്ലാറ്റിൽ തന്നെയാണ് പൊലീസിന്റെ പിടിയിലാകുന്നതിനു മുമ്പ് സോനവും താമസിച്ചിരുന്നതെന്നാണ് വിവരം. നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. ജെയിംസിന്റെ ഹോംസ്റ്റേയിൽ സോനം താമസിച്ചതായും വിലപിടിപ്പുള്ള വസ്തുക്കൾ അടങ്ങിയ ബോക്സ് സൂക്ഷിക്കാൻ ജെയിംസിനെ ഏൽപ്പിച്ചിരുന്നതായും പൊലീസ് പറയുന്നു.
ആഭരണങ്ങൾ, ലാപ്‌ടോപ്പ്, ആയുധം എന്നിവ അടങ്ങിയ ഒരു പെട്ടി ഒളിപ്പിക്കാൻ സോനത്തെ ജെയിംസ് സഹായിച്ചതായി സംശയിക്കുന്നതായാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. ഗാസിപൂരിൽ നിന്ന് ജൂൺ എട്ടിനാണ് സോനത്തെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ രഘുവംശിയുടെ ആഭരണങ്ങൾ, അഞ്ച് ലക്ഷം രൂപ, പിസ്റ്റൾ എന്നിവയടങ്ങിയ ബാഗ് ഫ്ലാറ്റിൽ സൂക്ഷിച്ചതായി സോനം പറഞ്ഞിരുന്നു. അന്വേഷണത്തിൽ പൊലീസിന് ഇവ കണ്ടെത്താനായില്ല. ജെയിംസിനെ ചോദ്യം ചെയ്തപ്പോൾ തനിക്ക് ഇതേപ്പറ്റി അറിയില്ല എന്നായിരുന്നു മൊഴി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ജെയിംസ് ബാഗുമായി പുറത്തേക്കിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചപ്പോൾ ഫോൺ ഓഫ് ചെയ്ത് ഇയാൾ നേപ്പാളിലേക്ക് രക്ഷപെടാൻ ശ്രമിച്ചു. ഇതിനിടയിലാണ് പിടിയിലായത്.
ഞായറാഴ്ച പുലർച്ചെ അശോക് നഗർ ജില്ലയിലെ ഗ്രാമത്തിൽ നിന്നാണ് സെക്യൂരിറ്റി ജീവനക്കാരനായ ബൽവീർ അഹിർവാറിനെ അറസ്റ്റ് ചെയ്തത്. കൊലയ്ക്ക് ശേഷം മേഘാലയയിൽ നിന്നെത്തിയ സോനം താമസിച്ച ഇൻഡോർ ഫ്ലാറ്റിലാണ് ഇയാൾ ജോലി ചെയ്തിരുന്നതെന്ന് റിപ്പോർട്ടുണ്ട്. രണ്ട് പ്രതികളെയും ഇൻഡോർ കോടതിയിൽ ഹാജരാക്കി മേഘാലയ പൊലീസിന്റെ ഏഴ് ദിവസത്തെ ട്രാൻസിറ്റ് കസ്റ്റഡിയിൽ വിട്ടതായി അഡീഷണൽ ഡിസിപി രാജേഷ് ദണ്ഡോതിയ പറഞ്ഞു.
മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ സൊഹ്‌റയിൽ (ചിറാപുഞ്ചി) ഹണിമൂണിനായി എത്തിയ രാജ രഘുവംശിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. മെയ് 23 നാണ് ഇരുവരെയും കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജൂൺ 2നാണ് രാജയുടെ മൃതദേഹം സൊഹ്‌റയിലെ വെള്ളച്ചാട്ടത്തിന് സമീപത്തെ ആഴത്തിലുള്ള മലയിടുക്കിൽ നിന്ന് കണ്ടെത്തിയത്.
വാടക കൊലയാളികളുടെ സഹായത്തോടെയാണ് രാജയെ ഭാര്യ സോനം കൊലപ്പെടുത്തിത്. രാജ് കുശ്വാഹ എന്നയാളുമായി സോനം പ്രണയത്തിലായിരുന്നുവെന്നും ഭർത്താവ് രാജിന്റെ കൊലപാതകം ആസൂത്രണം ചെയ്തതാണെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. സോനവും രാജ് കുശ്വാഹയും ഏർപ്പെടുത്തിയ മധ്യപ്രദേശിൽ നിന്നുള്ള മൂന്ന് വാടകക്കൊലയാളികളാണ് രഘുവംശിയെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയത്. രാജിന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും സോനത്തെ കണ്ടെത്താനായിരുന്നില്ല. യുവതിക്കായി പൊലീസ് അന്വേഷണം വ്യാപകമാക്കിയിരുന്നു. സോനം ഗാസിപൂരിൽ നിന്ന് കുടുംബത്തെ വിളിച്ചപ്പോഴാണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്.
മേഘാലയയിലെത്തി നോൻഗ്രിയാറ്റ് ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിൽ നിന്ന് ചെക് ഔട്ട് ചെയ്ത് ഇറങ്ങിയതിനു തൊട്ടുപിന്നാലെയാണ് ദമ്പതികളെ കാണാതായത്. ഇവിടെ നിന്ന് 20 കിലോമീറ്റർ അകലെയുള്ള സ്ഥലത്തുനിന്നാണ് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്. ട്രാൻസ്പോർട്ട് ബിസിനസ് നടത്തുകയാണ് രാജ രഘുവംശിയും കുടുംബവും. മെയ് 11 നാണ് ഇവർ വിവാഹിതരായത്. തുടർന്ന് മെയ് 20 ന് മേഘാലയയിലേക്ക് പോയതായി ബന്ധുക്കൾ പറഞ്ഞു.
കൊലപാതകം നടത്താൻ ആദ്യം രാജ് കുശ്വാഹയും വാടകക്കൊലയാളികളും വിസമ്മതിച്ചെന്നും പിന്നീട് 15 ലക്ഷം ഓഫർ ചെയ്താണ് സോനം കൃത്യം നടത്തിയതെന്നും വിവരമുണ്ട്. സോനം തന്നെയാണ് ഇവർക്ക് മേഘാലയയിലേക്കുള്ള ടിക്കറ്റുകൾ ബുക് ചെയ്ത് നൽകിയതെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. സോനമാണ് മേഘാലയയിലേക്കുള്ള യാത്ര ആസൂത്രണം ചെയ്തതെന്നും വിവരമുണ്ട്. രാജയെ കൊല്ലാൻ സോനം മുമ്പും ശ്രമിച്ചിരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. നാലാമത്തെ ശ്രമത്തിലാണ് രാജ രഘുവംശി കൊല്ലപ്പെട്ടത്. ഗുവാഹത്തിയിൽ വച്ചായിരുന്നു ആദ്യശ്രമം. തുടർന്ന് മേഘാലയയിലെ സൊഹ്‌റയിൽ വച്ച് മറ്റ് രണ്ട് ശ്രമങ്ങൾ കൂടി നടത്തി. ഇവയെല്ലാം പരാജയപ്പെട്ടതിനെത്തുടർന്ന് വീസാവോങ് വെള്ളച്ചാട്ടത്തിൽ വെച്ച് നാലാമത്തെ ശ്രമത്തിൽ കൊലപ്പെടുത്തുകയായിരുന്നു. രാജയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മലയിടുക്കിൽ തള്ളുകയായിരുന്നു. ഇൻഡോറിൽ വച്ചുതന്നെ രാജയെ കൊലപ്പെടുത്താനുള്ള പദ്ധതി തയാറാക്കിയിരുന്നു.









0 comments