തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്ഐആർ പരിശോധനയ്ക്കെതിരെ എൻഡിഎ സഖ്യ നേതാവ് ഉപേന്ദ്ര കുശ്‌വാഹ

പട്‌ന: ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ മുൻനിർത്തിയുള്ള ബിജെപിയുടെ പൗരത്വ പുനർ നിർണയ നീക്കത്തിനെതിരെ എൻഡിഎ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് മോർച്ച നേതാവ് ഉപേന്ദ്ര കുശ്‌വാഹ. തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പ്രത്യേക തീവ്ര പുനരവലോകനം (എസ്‌ഐആർ) വഴി വോട്ടർ പട്ടികയിൽ നിന്ന് ഒരു വോട്ടറും ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കുശ്‌വാഹ ആവശ്യപ്പെട്ടു.
“വോട്ടർ പട്ടികകളുടെ പുനഃപരിശോധന പുതിയ കാര്യമല്ല, മുമ്പും ഇത് സംഭവിച്ചിട്ടുണ്ട്. എന്നാൽ ഇസിഐ നൽകിയ സമയം വളരെ കുറവാണ്. ജനസംഖ്യ കണക്കിലെടുത്ത് ഇസിഐ ഒന്നോ രണ്ടോ വർഷം മുമ്പ് ഈ പ്രക്രിയ ആരംഭിക്കേണ്ടതായിരുന്നു,” - കുശ്‌വാഹ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.
നിതീഷ് കുമാറിന്റെ ജനതാദൾ (യുണൈറ്റഡ്), ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി, ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച തുടങ്ങിയ ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) ഘടകകക്ഷികൾ ഇതുവരെ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
എസ്‌ഐആർ ഈ പാർടികളുടെ എല്ലാം വോട്ടർ അടിത്തറയെ ബാധിക്കുമെന്ന് വ്യക്തമായിരിക്കയാണ്. അപ്പോഴും മിക്ക എൻഡിഎ പാർട്ടികളും വ്യക്തമായ മൗനം തുടരുന്നു. ഇതിനിടെയാണ് കുശ്‌വാഹയുടെ പ്രതികരണം.
തയാറെടുപ്പോടെ തേജസ്വി
ഇന്ത്യ ബ്ലോക്കിൽ നിന്നും ആർ ജെ ഡി നേതാവ് തേജസ്വി യാദവ് വോട്ടർപട്ടികാ വിവേചന ശ്രമത്തിന് എതിരെ കടുത്ത വിമർശനവുമായി രംഗത്ത് എത്തി. രാഷ്ട്രീയ ജനതാദളിന്റെ മുഖ്യമന്ത്രി മുഖവും സംസ്ഥാന പ്രതിപക്ഷ നേതാവുമായ തേജസ്വി സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ എന്നത് ബിഹാരി ഐഡന്റിക്ക് എതിരായ ആക്രമണമാണെന്ന് പറഞ്ഞു.
പരിഷ്കരണത്തിന്റെ പേരിൽ “പൗരത്വ” പരിശോധനയ്ക്കായി ബിഹാർ നിവാസികളെ ഒറ്റപ്പെടുത്തുന്നതിലൂടെ ഇസിഐ സംസ്ഥാനത്തിനും ജനങ്ങളുടെ അഭിമാനത്തിനും മുറിവേൽപ്പിച്ചുവെന്ന് യാദവ് പറഞ്ഞു.
“രാജ്യമെമ്പാടും, ബിഹാറികളുണ്ട്. ഓരോ ബിഹാറിയും ആ നാടുകളിൽ എവിടെയെങ്കിലും അവരുടെ പൗരത്വം തെളിയിക്കാൻ നിർബന്ധിതരായിട്ടുണ്ടോ? എന്തുകൊണ്ടാണ് ഓരോ ബിഹാറിയും ബിഹാറിൽ മാത്രം അവരുടെ പൗരത്വം തെളിയിക്കേണ്ടത്. അതല്ല നിലവിലുള്ള വോട്ടർ പട്ടികകൾ വ്യാജമാണോ. ആണെന്ന് ഇസിഐ വിശ്വസിക്കുന്നുവെങ്കിൽ, 2025 ന് മുമ്പ് ബിഹാറിൽ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളും വ്യാജമായി പ്രഖ്യാപിക്കുമോ.
“നിങ്ങൾ ഹിന്ദുവോ, മുസ്ലീമോ, സിഖോ, ക്രിസ്ത്യാനിയോ, അല്ലെങ്കിൽ മുന്നാക്ക, പിന്നോക്ക, ദലിത് അല്ലെങ്കിൽ അങ്ങേയറ്റം പിന്നോക്ക ജാതികളിൽ പെട്ടവരോ എന്നത് പ്രശ്നമല്ല. ബിഹാറിലെ എല്ലാവരും അവരുടെ ഇന്ത്യൻ പൗരത്വം തെളിയിക്കേണ്ടിവരുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും തേജസ്വി പറഞ്ഞു.
ദരിദ്രർക്കും ന്യൂനപക്ഷങ്ങൾക്കും പുറമേ ഏകദേശം 4.5 കോടി മനുഷ്യരെ ഈ പരിശോധന വോട്ടവകാശത്തിൽ നിന്നും പുറത്താക്കും. രേഖകൾ ലഭിക്കുന്നതിന് നിർബന്ധിക്കപ്പെടുന്ന സാഹചര്യം പ്രാദേശിക തലത്തിൽ അഴിമതിയെയും കൈക്കൂലിയെയും പ്രോത്സാഹിപ്പിക്കും തേജസ്വി അഭിപ്രായപ്പെട്ടു.
ഇലക്ടറൽ പട്ടിക വിവേചനപരമായി പരിഷ്കരിക്കാനുള്ള ഇസിഐയുടെ ശ്രമം ബിഹാറികളുടെ അഭിമാനത്തെ ഇല്ലാതാക്കാനുള്ള നീക്കമായി ചർച്ചയിൽ എത്തുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉയരുന്ന ഈ വിവാദം ബിഹാർ രാഷ്ട്രീയത്തിൽ പുതിയ ധ്രുവീകരണം സൃഷ്ടിക്കാം.









0 comments