നവരാത്രി ആഘോഷങ്ങളിൽ പ്രവേശനം ഹിന്ദുക്കൾക്കുമാത്രം, ആധാർ കാർഡ് നിർബന്ധമാക്കണം- വിഎച്ച്പി

മുംബൈ: മഹാരാഷ്ട്രയിലെ നവരാത്രി ആഘോഷങ്ങളിൽ ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശനം നൽകാവൂ എന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി). പങ്കെടുക്കുന്നവർക്ക് ആധാർകാർഡ് നിർബന്ധമാക്കണമെന്ന് സംഘാടകരോട് വിഎച്ച്പി ആവശ്യപ്പെട്ടു. പൊലീസ് അനുമതിയോടെ നടക്കുന്ന ഒരു പരിപാടിയിൽ പ്രവേശനത്തിന് നിബന്ധനകൾ ഏർപ്പെടുത്താൻ സംഘാടകർക്ക് അവകാശമുണ്ടെന്ന് മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു.
നവരാത്രി ആഘോഷത്തിലെ പ്രധാന ആകർഷണമായ ഗർബ വെറുമൊരു നൃത്തമല്ല, മറിച്ച് ദേവിയെ പ്രീതിപ്പെടുത്താനുള്ള ഒരു ആരാധനാരീതിയാണ്. വിഗ്രഹാരാധനയിൽ വിശ്വസിക്കാത്തവരെ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് വിഎച്ച്പി പറഞ്ഞു. പങ്കെടുക്കാനെത്തുന്നവരുടെ ആധാർകാർഡുകൾ പരിശോധിക്കാനും അവർക് തിലകം അണിയിക്കാനും വിഎച്ച്പി ഗർബ പരിപാടിയുടെ സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം പ്രവേശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംഘാടകസമിതികളുടെ അവകാശമാണെന്ന് മന്ത്രി ബവൻകുലെ പറഞ്ഞു. പരിപാടിക്ക് പൊലീസ് അനുമതിയുണ്ടോ എന്നതാണ് നിർണായകമായ ഏക ഘടകം. അതിന്റെ അടിസ്ഥാനത്തിൽ സംഘാടക സമിതികൾ തീരുമാനങ്ങളെടുക്കണമെന്ന് ബവൻകുലെ പറഞ്ഞു.









0 comments