print edition ലേബർ കോഡുകൾക്കെതിരെ ഇന്ന് രാജ്യവ്യാപക പ്രക്ഷോഭം

ന്യൂഡൽഹി
തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന നാല് ലേബർ കോഡുകൾ പിൻവലിക്കണമെന്നും ഐതിഹാസിക കർഷകസമരം ഒത്തുതീർപ്പായ ഘട്ടത്തിൽ കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ട്രേഡ് യൂണിയനുകളും കർഷക–കർഷകത്തൊഴിലാളി സംഘടനകളും ബുധനാഴ്‌ച രാജ്യവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കും. ജില്ലാ– സംസ്ഥാന ആസ്ഥാനങ്ങളിലും ഗ്രാമങ്ങളിലും പ്രതിഷേധ പരിപാടികളുണ്ടാകും. തൊഴിൽ കോഡുകളുടെ പകർപ്പുകൾ കത്തിക്കും. കാർഷിക നിയമങ്ങൾക്കെതിരായ ഐതിഹാസിക കർഷകസമരത്തിന്റെ അഞ്ചാം വാർഷികംകൂടി മുൻനിർത്തിയാണ് രാജ്യവ്യാപക പ്രക്ഷോഭം. സിപിഐ എം ഉൾപ്പെടെ ഇടതുപക്ഷ പാർടികൾ പിന്തുണ അറിയിച്ചിട്ടുണ്ട്.
തൊഴിൽ കോഡുകൾ പിൻവലിക്കുംവരെ സമരപരിപാടികൾ തുടരാനാണ് സിഐടിയു ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകളുടെ തീരുമാനം. കർഷക സംഘടനകൾ ട്രേഡ് യൂണിയനുകൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. കോടിക്കണക്കിന് തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും പങ്കാളികളാകും. ബിഎംഎസ് ഒഴികെ മറ്റെല്ലാ ട്രേഡ് യൂണിയനുകളും പ്രക്ഷോഭരംഗത്തുണ്ട്.








0 comments