മാധ്യമ മേഖലയിലെ നേതൃനിരകളിൽ ഇപ്പോഴും കടുത്ത വിവേചനം- വനിതാ കോൺക്ലേവ്

National Women Journalists conclave 2025

കെ പി ജൂലി
Published on Feb 21, 2025, 04:04 PM | 4 min read
മാധ്യമമേഖലയിൽ വനിതാമാധ്യമ പ്രവർത്തകർ അനുഭവിക്കുന്ന പ്രശ്നങ്ങളും അവ സംബന്ധിച്ച പ്രായോഗിക നിർദേശങ്ങളും ചർച്ചചെയ്ത് ദേശീയ വനിതാ കോൺക്ലേവ്. ചർച്ചകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ കേരള പത്ര പ്രവർത്തക യൂണിയന്റെ സഹകരണത്തോടെ രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകരെ പങ്കെടുപ്പിച്ചാണ് തിരുവനന്തപുരത്ത് രണ്ട് ദിവസത്തെ കോൺക്ലേവ് സംഘടിപ്പിച്ചത്.
ദേശീയതലത്തിലെ പ്രമുഖ മാധ്യമപ്രവർത്തകരായ റാണ അയൂബ്, ലീന രഘുനാഥ്, മായ ശർമ, മീന കന്ദസ്വാമി, അനിത പ്രതാപ് ഉൾപ്പെടെയുള്ളവർ പങ്കാളികളായി. ഒപ്പം കേരളത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകരും പാനൽ ചർച്ചകൾക്കും ചാറ്റ് സെഷനുകൾക്കും നേതൃത്വം നൽകി.
പങ്കാളിത്തം വർധിച്ചു,
നിർണ്ണായക സ്ഥാനങ്ങളിൽ ഇപ്പോഴും വിവേചനം
കേരളത്തിൽ വനിതാ മാധ്യമപ്രവർത്തകരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട്ടുണ്ടെങ്കിലും തീരുമാനങ്ങളെടുക്കാൻ കഴിയുന്ന സ്ഥാനങ്ങളിൽ എത്ര വനിതാമാധ്യമപ്രവർത്തകരുണ്ടെന്നതാണ് ലിംഗസമത്വത്തിന്റെ ഗുണനിലവാരം നിർണയിക്കുന്നതെന്ന് കോൺക്ലേവിൽ അഭിപ്രായമുയർന്നു.
വാർത്തകളിലെ സ്ത്രീ, മാധ്യമങ്ങളിലെ ലിംഗസമത്വം, സാമൂഹ്യ മാധ്യമങ്ങളിലെ സ്ത്രീ എന്നീ വിഷയങ്ങളിലാണ് പാനൽ ചർച്ചകൾ നടന്നത്. ഓരോ സെഷനുകളും മാധ്യമമേഖലയിലെ സ്ത്രീ ഇടത്തെ കൂടുതൽ സജീവമാക്കുന്നതിനുള്ള തുറന്ന സംവാദ വേദികളായി. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള കടന്നാക്രമണത്തിൻ്റെ പൊള്ളുന്ന അനുഭവങ്ങളും പ്രതിനിധികൾ തുറന്ന ചർച്ചകളിൽ അവതരിപ്പിച്ചു.

മാധ്യമസ്ഥാപനങ്ങളിലെ നേതൃസ്ഥാനങ്ങളിൽ വനിതകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്നതിലൂടെ ലിംഗനീതിക്ക് ആക്കംകൂട്ടാനാകുമെന്നും ‘വാർത്തകളിലെ സ്ത്രീ ’ വിഷയത്തിൽ നടന്ന പാനൽചർച്ച യിൽ അഭിപ്രായം ഉയർന്നു . മാധ്യമരംഗത്ത് അഭിപ്രായരൂപീകരണത്തിലും അന്തിമ തീരുമാനം എടുക്കുന്ന ഇടങ്ങളിലും പുരുഷന്മാരുടെ മേൽക്കോയ്മ പ്രകടമാണ്. സ്ത്രീകൾ സ്വന്തം ഉൾക്കരുത്ത് തിരിച്ചറിഞ്ഞ് മുന്നോട്ടുവന്നാലേ ഈ സ്ഥിതിക്ക് പരിഹാരമുണ്ടാക്കാനാവൂ.
മാധ്യമ മേഖലയിൽ കൂടുതൽ വനിതകൾ എത്തുന്നു
മാധ്യമ സ്ഥാപനങ്ങളിലെ ഉന്നതസ്ഥാനങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യത്തിന്റെ വളർച്ചയുടെ വേഗത പോരെ ന്ന് എൻ ഡി ടി വിയിലെ മുൻമാധ്യമപ്രവർത്തക മായ ശർമയും പറഞ്ഞു. ജേണലിസം പഠിക്കാനെത്തുന്നവരിൽ ഭൂരിപക്ഷവും വനിതകളാണ്. ഭാവിയിൽ അത് കൂടുതൽ വനിതാപ്രാതിനിധ്യത്തിലേക്കു നയിക്കുമെന്നു കരുതുന്നതായും അവർ പറഞ്ഞു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ ന്യൂസ് റൂമുകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
വനിതാനയം രൂപപ്പെടണം
സ്ത്രീകൾ ഉൾപ്പെടുന്ന വാർത്തകളിലെ ഭാഷ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് മാധ്യമപ്രവർത്തക ആർ പാർവതി ദേവി പറഞ്ഞു.
വാർത്തകളുടെ ഉള്ളടക്കം ചർച്ചചെയ്യാതെ ഗ്ലാമർ രംഗത്തെ വനിതകളെ വിനോദ ഉപാധികളായും കുറ്റകൃത്യങ്ങളിലുൾപ്പെട്ട വനിതകളെ വിപണിയുടെ താൽപര്യത്തിനനുസരിച്ചും ആഘോഷിക്കുന്ന പ്രവണത അവസാനിപ്പിക്കണം. ദളിത്, ന്യൂനപക്ഷ, തൊഴിലാളി സ്ത്രീസമൂഹമുൾപ്പെടെ പാർശ്വവൽകൃത സമൂഹത്തെ മുന്നിലെത്തിക്കേണ്ട ഉത്തരവാദിത്തം മാധ്യമങ്ങൾക്കുണ്ട്. വനിതകൾക്ക് പ്രവർത്തിക്കുന്നതിനനുയോജ്യമായ സാഹചര്യം ഒരുക്കാനും വനിതാനയം രൂപപ്പെടുത്താനും മാധ്യമസ്ഥാപനങ്ങൾ മുൻതൂക്കം നൽകണമെന്നും അവർ ചൂണ്ടിക്കാട്ടി.
വ്യവസ്ഥാപിത ചട്ടക്കൂടുകൾ മറികടന്ന് വനിതകൾ പ്രതികരിക്കേണ്ടതുണ്ടെന്ന് സുപ്രീംകോർട്ട് ഒബ്‌സർവർ എഡിറ്റർ ഇൻ ചീഫ് ലീന രഘുനാഥ് പറഞ്ഞു. സമൂഹത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് ശബ്ദിക്കുന്നതിനുള്ള ആർജവം കാണിക്കണം. സ്ത്രീവിരുദ്ധ വിധികൾ വ്യാപകമായി പ്രസ്താവിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ സമാന ചിന്താഗതിയുള്ളവരെ ഒപ്പംകൂട്ടി നീതിക്കായി പോരാടേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
പുതുതലമുറ തിരുത്തൽ ശക്തിയാവണം
വാർത്തകളിൽ ലിംഗനീതി ഉറപ്പാക്കുന്നതിൽ പുതുതലമുറയിലുള്ളവർ തിരുത്തൽ ശക്തിയാകണം. തൊഴിൽ സ്ഥലത്തെ ലൈംഗിക പീഡനങ്ങൾ തടയാനായി രൂപംനൽകിയ പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തര പരാതിപരിഹാര സമിതികളുടെ പ്രവർത്തനം ഭൂരിപക്ഷം മാധ്യമസ്ഥാപനങ്ങളിലും പരാജയമാണെന്ന് 'മാധ്യമങ്ങളിലെ ലിംഗസമത്വം' എന്ന വിഷയത്തിലെ സെമിനാർ ചൂണ്ടിക്കാട്ടി. സ്ഥാപനത്തിന്റെ താൽപര്യങ്ങൾക്കു അനുസരിച്ചു നിൽക്കുന്ന അംഗങ്ങളെ ഉൾപ്പെടുത്തിയാണ് പലയിടത്തും ഇത്തരം സമിതികൾ രൂപീകരിക്കുന്നതെന്നും പാനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി. ഇതിൽ മാറ്റം അനിവാര്യമാണെന്നും അഭിപ്രായമുയർന്നു.

ഏറ്റവും രൂക്ഷമായ ആക്രമണം സാമൂഹ്യമാധ്യമങ്ങൾ വഴി
ജനാധിപത്യ ഇടങ്ങളായ സമൂഹമാധ്യമങ്ങൾ സംഘടിതമായ ആക്രമണങ്ങളിലൂടെ മോശപ്പെട്ട ഇടമായി മാറുകയാണ്. ശബ്ദം ഉയർത്തുന്ന സ്ത്രീകൾക്കെതിരെ കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നുമുണ്ടാകുന്ന എതിർപ്പുകളുടെ ആയിരം മടങ്ങാണ് സമൂഹമാധ്യമങ്ങളിൽ നിന്നുണ്ടാകുന്നത് . സമൂഹത്തിന്റെ പരിച്‌ഛേദമാണ് സമൂഹമാധ്യമങ്ങളിലും കാണുന്നതും പുലരുന്നതും. പുരുഷാധിപത്യസമൂഹം രൂപപ്പെടുത്തിയ പൊതുബോധത്തെ ഉടച്ചുവാർത്തുകൊണ്ടേ സമൂഹമാധ്യമങ്ങളിൽ ശുദ്ധീകരണം സാധ്യമാകൂവെന്നും അഭിപ്രായമുയർന്നു. സൈബർ ആക്രമണങ്ങൾക്കെതിരെയുള്ള പരാതികളിൽ കൂടുതൽ വേഗത്തിലുള്ള പരിഹാരത്തിന് സർക്കാർ നടപടിയെടുക്കണമെന്നും ആവശ്യമുയർന്നു.
അധികാരത്തിൽ കോർപ്പറേറ്റുകളും അവരുടെ താത്പര്യങ്ങളും
സമൂഹമാധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങൾക്കെതിരെയുള്ള സംഘടിതമായ ബലാത്സംഗ ഭീഷണികൾക്കും ട്രോൾ ആർമികൾക്കും കോർപറേറ്റ് സ്വഭാവമാണുള്ളതെന്ന് എഴുത്തുകാരി മീന കന്ദസാമി അഭിപ്രായപ്പെട്ടു. ഇതിനെ പുരുഷത്വത്തിന്റെ ശക്തിപ്രകടനമായൊന്നും കാണേണ്ടതില്ല. സമൂഹമാധ്യമങ്ങളെ ആരാണ് നിയന്ത്രിക്കുന്നത് എന്നതാണ് ചിന്തിക്കേണ്ടതെന്നും അവർ പറഞ്ഞു.
ഐടി ആക്ട് 66 എ വകുപ്പ് റദ്ദാക്കിയത് എന്തും വിളിച്ചുപറയാനുള്ള അവകാശമായി ആളുകൾ തെറ്റിദ്ധരിക്കുന്നുണ്ടെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി ചൂണ്ടിക്കാട്ടി. മറ്റുള്ളവരുടെ മാനാഭിമാനത്തെപ്പോലും ബാധിക്കുന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ ഉയർന്നുവരുന്നുണ്ട്. 66എ വകുപ്പ് ഭേദഗതികളോടെ നിലനിർത്താനായെങ്കിൽ ഓൺലൈൻ ആക്രമണങ്ങൾക്കെതിരെ നിയന്ത്രണങ്ങൾ സാധ്യമാകുമായിരുന്നു എന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു.

കരുത്താർജിച്ചുനിൽക്കുക എന്നതാണ് സമൂഹമാധ്യമങ്ങളിലെ ആക്രമണങ്ങളെ അതിജീവിക്കാനുള്ള മാർഗമെന്നും പാനലിസ്‌റ്റുകൾ അഭിപ്രായപ്പെട്ടു.
അന്വേഷണാത്മക പത്രപ്രവർത്തനത്തിലേക്ക് കൂടുതൽ വനിതാ മാധ്യമപ്രവർത്തകർ കടന്നു വരണമെന്നും പാർശ്വൽക്കരിക്കപ്പെട്ടവർക്ക് വേണ്ടി മാധ്യമ പ്രവർത്തകർ നിരന്തരം നിലകൊള്ളണമെന്നും പ്രമുഖ മാധ്യമ പ്രവർത്തക റാണാ അയൂബ് പറഞ്ഞു. മാധ്യമ പ്രവർത്തകർ പ്രത്യേകിച്ച് സ്ത്രീകൾ എപ്പോഴും ധൈര്യമുള്ളവരായിരിക്കേണ്ട ആവശ്യമില്ല. തെറ്റും ശരിയും വേർതിരിച്ചു മനസിലാക്കാൻ കഴിയുന്ന സാധാരണ മനുഷ്യരായിരുന്നാൽ തന്നെ മതി.
സ്വതന്ത്രവും നിർഭയവുമായ മാധ്യമപ്രവർത്തനം അപകടകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രശസ്ത മാധ്യമപ്രവർത്തക അനിത പ്രതാപ്. ലോകമെമ്പാടും കാണുന്ന ഒരു പ്രതിഭാസമായി ആ അവസ്ഥ മാറിയിരിക്കുന്നുവെന്നും അവർ പറഞ്ഞു. കോർപ്പറേറ്റുവൽക്കരണം വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്വതന്ത്ര പത്രപ്രവർത്തനത്തിന് അതിജീവിക്കാനാവില്ല. അധികാരവും സമ്പത്തും ഒന്നിക്കുമ്പോൾ നിർഭയ മാധ്യമപ്രവർത്തനം സാധ്യമാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സ്ത്രീ എന്നത് ബാധ്യതയല്ല അവസരം
അവസരങ്ങളെ ഉപയോഗിക്കാൻ പഠിക്കുന്നത്പോലെ സ്വയംസുരക്ഷയ്‌ക്ക് മുൻകരുതലുകൾ എടുക്കാനും വനിതാ മാധ്യമപ്രവർത്തകർ അറിഞ്ഞിരിക്കണം. ദയയും സഹാനുഭൂതിയും ഉണ്ടാകണം. സാഹചര്യങ്ങൾ എന്തായാലും പ്രശ്‌നങ്ങളിൽ നിന്ന് മാധ്യമപ്രവർത്തകർ ഒളിച്ചോടരുത്. സ്ത്രീ എന്നത് ബാധ്യതയല്ല, അവസരമാണെന്നും അനിത പ്രതാപ് അഭിപ്രായപ്പെട്ടു.
കുടുംബവും ജോലിയും ഒന്നിച്ചുകൊണ്ടുപോകാൻ കഴിയാതെ നിരവധി വനിതാമാധ്യമപ്രവർത്തകർ ജോലി ഉപേക്ഷിച്ചിട്ടുണ്ട്. തൊഴിലിടങ്ങളിൽ സ്വന്തം ശരീരം ചുമന്നുകൊണ്ട് നിൽക്കേണ്ട ഗതികേടിലാണ് വനിതാ മാധ്യമപ്രവർത്തകരെന്നും പ്രതിനിധികൾ പറഞ്ഞു .
പൊതുഇടങ്ങൾ രൂപപ്പെടണം
വനിതാ മാധ്യമപ്രവർത്തകർക്ക് ഒത്തുചേരാൻ ഒരു പൊതുഇടം വേണമെന്ന് കോൺക്ലേവിലെ തുറന്ന സംവാദം അഭിപ്രായപ്പെട്ടു. പലവിധ സമ്മർദങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് അവരുടെ കുഞ്ഞുങ്ങളെ വിശ്വസിച്ചേൽപ്പിക്കാൻ ക്രഷ് പോലെയുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും തൊഴിലെടുക്കുന്ന അമ്മമാർക്കായി രാത്രിയിലും പ്രവർത്തിക്കുന്ന ശിശുപരിപാലനകേന്ദ്രങ്ങൾ(ക്രഷ്) സ്ഥാപിക്കാൻ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. അവിവാഹിതരായ വനിതാമാധ്യമപ്രവർത്തകർക്കു രാത്രിയിൽ ജോലി കഴിഞ്ഞു തങ്ങുന്നതിന് ഹോസ്റ്റൽ സൗകര്യങ്ങൾ ഓരോ ജില്ലയിലും സ്ഥാപിക്കണമെന്നും ആവശ്യമുയർന്നു.
ലിംഗനീതിയെക്കുറിച്ചുള്ള ബോധവൽക്കരണവും സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച നിയമങ്ങളും സ്‌കൂൾ തലം മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അഭിപ്രായമുയർന്നു.









0 comments