സ്പോർട്സിൽ കേന്ദ്രം പിടിമുറുക്കുന്നു ,സംസ്ഥാനങ്ങളുടെ പ്രസക്തി നഷ്ടമാകും, കേരളം പ്രതിഷേധം അറിയിക്കും
കായിക ഭരണ ബിൽ 2025 ; കളത്തിന് പുറത്ത് കേന്ദ്രക്കളി

റിതിൻ പൗലോസ്
Published on Aug 01, 2025, 01:45 AM | 1 min read
ന്യൂഡൽഹി
രാജ്യത്തെ കായിക ഭരണസംവിധാനത്തിൽ സമൂലമായ പൊളിച്ചെഴുത്തിനെന്ന് അവകാശപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന കായിക ഭരണ ബിൽ ഫെഡറൽ തത്വങ്ങളെ നഗ്നമായി ലംഘിക്കുന്നത്. ഭരണഘടന പ്രകാരം സംസ്ഥാന വിഷയമായ കായിക ഇനത്തെ പൂർണമായും കൈപ്പിടിയിലൊതുക്കാൻ സഹായിക്കുന്ന ബില്ലാണ് കേന്ദ്രകായികമന്ത്രി മൺസൂഖ് മാണ്ഡവ്യ ലോക്സഭയിൽ അവതരിപ്പിച്ചത്.
പുതുതായി രുപീകരിക്കുന്ന ദേശീയ കായിക ബോർഡ് (എൻഎസ്‌ബി), തർക്കപരിഹാരത്തിനുള്ള അർധ ജുഡീഷ്യൽ സ്വഭാവമുള്ള ട്രിബ്യൂണൽ എന്നിവ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പൂർണമായും ഇല്ലാതാക്കും. സംസ്ഥാന കായികവകുപ്പിന്റെ പ്രസക്തിതന്നെ ഇല്ലാതാകുമെന്നാണ് ആശങ്ക. സ്‌പോർട്‌സ് ഫെഡറേഷനുകളുടെ സ്വയംഭരണാധികാരത്തിനും അവസാനമാകും.
കേരളത്തിൽ സ്‌പോർട്‌സ് കൗൺസിലിന്റെ പ്രവർത്തനത്തിന് തിരിച്ചടിയാകും. ടീം തെരഞ്ഞെടുപ്പിൽപോലും ഇടപെടാനുള്ള അധികാരം കേന്ദ്രത്തിന് നൽകുന്നതാണ് പുതിയ ബിൽ. ബില്ലിനെതിരെ സംസ്ഥാനം ശക്തമായ പ്രതിഷേധം അറിയിക്കും.
എൻഎസ്‌ബി ചെയർപേഴ്‌സൺ, അംഗങ്ങൾ, ട്രിബ്യൂണൽ ചെയർമാൻ, അംഗങ്ങൾ തുടങ്ങിയവരുടെ നിയമനവും നിയന്ത്രണവും പൂർണമായും കേന്ദ്രസർക്കാരിനാണ്. ഫെഡറേഷനുകൾക്ക് അംഗീകാരം നൽകൽ, റദ്ദാക്കൽ, സസ്‌പെൻഡ് ചെയ്യൽ തുടങ്ങിയ അധികാരങ്ങളുള്ള എസ്‌എസ്‌ബി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൽനിന്ന് സംസ്ഥാനങ്ങളെ വെട്ടി. കേന്ദ്രം രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റിയാണ് നിയമനങ്ങൾ നടത്തുക.
സംഘടനകളെ അംഗീകരിക്കാനും റദ്ദാക്കാനുമുള്ള അധികാരം കേന്ദ്രത്തിന് ലഭിക്കും. അതോടൊപ്പം അംഗങ്ങളുടെ യോഗ്യതയിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരുത്താനും അധികാരമുണ്ടാകും. 35(1) വകുപ്പനുസരിച്ച് കേന്ദ്രത്തിന് തോന്നുന്ന ആരെയും ബോർഡുകളിലും ഫെഡറേഷനുകളിലും നിയമിക്കാനാവും. അതുവഴി വേണ്ടപ്പെട്ടവരെ നിയമിച്ച് ഫെഡറേഷനുകൾ പിടിച്ചെടുക്കാനും അവസരം കിട്ടും. ബില്ലിലെ 35(2) വ്യവസ്ഥപ്രകാരം ഏത് ഇനത്തിലുള്ള ദേശീയ ടീമിനെയും വ്യക്തികളെയും തോന്നുമ്പോൾ ദേശീയ–-രാജ്യാന്തര മത്സരങ്ങളിൽനിന്ന് വിലക്കാനുള്ള അധികാരവും കേന്ദ്രത്തിനുണ്ട്.









0 comments