നാഗ്പുരില്‍ ബുള്‍ഡോസര്‍രാജ്

photo credit: X
നാഗ്പുര്‍: നാഗ്പുര്‍ ബുള്‍ഡോസര്‍ രാജിനെതിരായ സുപ്രീംകോടതി വിധി കാറ്റിൽപ്പറത്തി സംഘര്‍ഷത്തിലെ പ്രതികളുടെ വീട് ഇടിച്ചുനിരത്തി മഹാരാഷ്ട്രയിലെ ബിജെപി സഖ്യ സര്‍ക്കാര്‍. കേസിൽ അറസ്റ്റിലായ മൈനോറിറ്റീസ് ഡെമോക്രാറ്റിക് പാര്‍ടി നേതാവ് ഫഹിം ഖാന്റെ സഞ്ജയ് ബാഗ് കോളനിയിലെ റാസ മസ്ജിദിന് സമീപമുള്ള രണ്ട് നില വീട് പൊളിച്ചുനീക്കി. മറ്റൊരു പ്രതി അബ്ദുള്‍ ഹാഫിസ് ഷെയ്ക്കിന്റെ ജോഹ്രിപുരയിലെ വീടിന്റെ ഒരു ഭാഗവും അനധികൃതമെന്ന് ആരോപിച്ച് പൊളിച്ചുനീക്കി. പൊളിക്കലിന് ഫഹിം ഖാന്റെ കുടുംബം ബോംബെ ഹൈക്കോടതി നാഗ്പുര്‍ ബെഞ്ചിൽ സ്റ്റേ നേടിയെങ്കിലും ഉത്തരവിറങ്ങും മുമ്പ് തന്നെ വീട് നിലംപരിശാക്കി.
തിങ്കളാഴ്ച രാവിലെ 150 പൊലീസുകാരുടെ സംരക്ഷണയിലാണ് രണ്ട് മണിക്കൂര്‍ കൊണ്ട് ഇരുനില വീട് പൊളിച്ചത്. ലോക്‍സഭാ തെരഞ്ഞെടുപ്പിൽ നാഗ്പുരിൽ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ മത്സരിച്ചയാളാണ് ഫഹീം ഖാന്‍. ഇടിച്ചുനിരത്തിൽ അമിതാധികാര പ്രയോഗമാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തിൽ മുസ്ലിങ്ങളെ ലക്ഷ്യമിട്ടാണ് ബിജെപി സര്‍ക്കാര്‍ കേസെടുത്തത്.
എട്ട് സംഘപരിവാറുകാരെ അറസ്റ്റുചെയ്തിരുന്നെങ്കിൽ ജാമ്യം നൽകി.രാജ്യദ്രോഹമടക്കം കുറ്റം ചുമത്തപ്പെട്ട ഫഫീം ഖാന്‍ ജയിലിലാണ്. എല്ലാ അനുമതിയോടെയും നിര്‍മിച്ച വീടാണെന്നും ഇതുവരെ മുൻസിപ്പൽ അധികൃതര്‍ ഒരു ആക്ഷേപവും ഉന്നയിച്ചിട്ടില്ലെന്നും കുടുംബം വ്യക്തമാക്കി. കുറ്റാരോപിതരുടെ വീട് ഇടിച്ചുനിരത്തുന്ന നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ഈ ഉത്തരവ് ലംഘിച്ചാണ് നടപടി. പ്രയാഗ് രാജിൽ വീടുകള്‍ പൊളിച്ച യുപി സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതി തിങ്കളാഴ്ച അതിരൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു.









0 comments