കശ്‌മീരിലെ മരണം; ദുരൂഹതകൾ ഏറെ, പകർച്ചവ്യാധിയല്ലെന്ന്‌ കേന്ദ്രം

Mysterious Illness Budhal Village
വെബ് ഡെസ്ക്

Published on Jan 23, 2025, 06:36 PM | 2 min read

ന്യൂഡൽഹി: ജമ്മു കശ്മീരിൽ 'അജ്ഞാതരോഗം' ബാധിച്ച്‌ 17 പേർ മരിച്ച സംഭവത്തിനു പിന്നിൽ പകർച്ചവ്യാധിയല്ലെന്ന്‌ കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ്. "ലക്‌നൗവിലെ സിഎസ്ഐആർ ലാബ് നടത്തിയ പ്രാഥമിക അന്വേഷണമനുസരിച്ച്, ഇത് ബാക്ടീരിയയോ മറ്റോ മൂലമുള്ള അണുബാധ അല്ല. വിഷവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ, ഇത് ഏതുതരം വിഷവസ്തുവാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നു," അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിൽ അജ്ഞാത വിഷവസ്തുക്കളാണ് മരണത്തിന് കാരണമെന്നാണ്‌ ഉദ്യോഗസ്ഥർ പറയുന്നത്‌. വിഷയം എല്ലാ കോണുകളിൽ നിന്നും അന്വേഷിച്ചുവരികയാണെന്നും സംഭവത്തിൽ ഗൂഢാലോചന കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


ജമ്മു കശ്‌മീരിലെ രജൗരി ജില്ലയിലെ ബുദാൽ ഗ്രാമത്തിലാണ്‌ അപകടമുണ്ടായത്‌. ഡിസംബർ 7 മുതൽ ജനുവരി 19 വരെയായി ഗ്രാമത്തിലെ മൂന്ന് കുടുംബങ്ങളിലാണ് മരണം സംഭവിച്ചത്. ഇതേത്തുടർന്ന്‌ ബുധനാഴ്ച പ്രദേശത്തെ കണ്ടെയ്ൻമെന്റ്‌ സോണായി പ്രഖ്യാപ്പിച്ചു. സ്ഥലത്ത്‌ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്‌. മരണം സംഭവിച്ച മൂന്നുകുടുംബങ്ങളുടെ വീടുകൾ ഉൾപ്പെടുന്നതാണ്‌ ആദ്യ നിയന്ത്രിത മേഖല. ആരോഗ്യപ്രവർത്തകർക്ക്‌ മാത്രമാണ്‌ പ്രവേശനം. രോഗബാധിതരുമായി അടുത്തിടപഴകിയവരുടെ വീടുകൾ, മറ്റ്‌ വീടുകൾ എന്നിവ രണ്ടും മൂന്നും മേഖലകൾ. ആദ്യ രണ്ട്‌ മേഖലകളിലെ വീടുകളിൽ വെള്ളവും ഭക്ഷണവും സർക്കാർ എത്തിക്കും. എല്ലാ ജലവിതരണ സാമഗ്രികളും പുതിയത്‌ സ്ഥാപിക്കും. രോഗബാധിതനായ ഐജാസ്‌ അഹമ്മദി(24)ന്റെ നില ഗുരുതരമാണ്‌.


ദുരൂഹ മരണങ്ങൾ അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയം 11 അംഗ അന്തർ മന്ത്രാലയ സംഘത്തെ രൂപീകരിച്ചു. മരണസംഖ്യ 17 ആയി ഉയർന്ന്‌ ഒരു ദിവസം കഴിഞ്ഞാണ്‌ സംഘം രജൗരി ജില്ലയിൽ എത്തിയത്. പനി, വേദന, ഓക്കാനം, തീവ്രമായ വിയർപ്പ്, ബോധം നഷ്ടപ്പെടൽ എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ രോഗികളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


ഗ്രാമത്തിലെ മരണങ്ങൾ ഏതെങ്കിലും പകർച്ചവ്യാധിയുടെ ഫലമല്ലെന്നും ഭക്ഷ്യവസ്തുക്കളിലെ വിഷാംശം തിരിച്ചറിയുന്നതിലേക്ക് അന്വേഷണം ചുരുക്കിയിട്ടുണ്ടെന്നും മുതിർന്ന എപ്പിഡെമിയോളജിസ്റ്റും ജിഎംസി രജൗരിയിലെ കമ്മ്യൂണിറ്റി മെഡിസിൻസ് വിഭാഗം മേധാവിയുമായ ഡോ.ഷുജ ഖാദ്രി പറഞ്ഞു. 200 ലധികം ഭക്ഷണ സാമ്പിളുകൾ സ്‌ക്രീനിങ്ങിനായി ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് അയച്ചിട്ടുണ്ട്.


10 ദിവസത്തിനുള്ളിൽ വിഷം മനസിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കൂടുതൽ മരണങ്ങൾ തടയുന്നതിനുള്ള നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ കഴിയുമെന്നും ഖാദ്രി മാധ്യമങ്ങളോട്‌ പറഞ്ഞു. ബാക്‌ടീരിയ മൂലമോ വൈറൽ മൂലമോ ഉള്ള സാംക്രമിക രോഗത്തിന് തെളിവുകളില്ലെന്ന് ജമ്മു കശ്മീർ സർക്കാർ പ്രസ്താവിച്ചു. സംഭവത്തിന്‌ പിന്നിൽ ദുരൂഹതയുണ്ടെന്ന്‌ ഗ്രാമം സന്ദർശിച്ച മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള പറഞ്ഞു. രോഗമല്ല മരണകാരണമെന്നും പൊലീസ്‌ അന്വേഷണത്തിൽ എല്ലാം വ്യക്തമാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home