നോമ്പെടുത്തില്ല; ഇന്ത്യൻ ക്രിക്കറ്റ് താരം ഷമിയെ അധിക്ഷേപിച്ച് മുസ്ലീം പുരോഹിതൻ

ഉത്തർപ്രദേശ്: നോമ്പെടുക്കാത്തതിന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ കുറ്റവാളിയെന്ന് വിളിച്ച് അധിക്ഷേപിച്ച് ഓൾ ഇന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്‍വി ബറേൽവി. ക്രിക്കറ്റ് കളിക്കിടയിൽ വെള്ളം കുടിച്ചതിനാണ് ഷമിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. നോമ്പ് എടുക്കാത്തതിലൂടെ അയാൾ (മുഹമ്മദ് ഷമി) ഒരു കുറ്റകൃത്യം ചെയ്തിരിക്കുകയാണ്. അയാൾ ഇത് ചെയ്യാൻ പാടില്ലായിരുന്നു. ശരിയത്തിന്റെ ദൃഷ്ടിയിൽ അയാൾ ഒരു കുറ്റവാളിയാണ്. അയാൾക്ക് ദൈവത്തോട് ഉത്തരം പറയേണ്ടിവരും," മൗലാന ഷഹാബുദ്ദീൻ റസ്‍വി ബറേൽവി പറഞ്ഞു.
നോമ്പ് നിർബന്ധിത കടമയാണെന്നും അത് പാലിക്കാത്തവർ കുറ്റവാളികളാണെന്നും അദ്ദേഹം പറഞ്ഞു. "നിർബന്ധിത കടമകളിൽ ഒന്നാണ് നോമ്പ്. ആരോഗ്യമുള്ള ഏതെങ്കിലും പുരുഷനോ സ്ത്രീയോ നോമ്പെടുക്കുന്നില്ലെങ്കിൽ അവർ വലിയ കുറ്റവാളികളാകും. ഇന്ത്യയിലെ ക്രിക്കറ്റ് താരമായ മുഹമ്മദ് ഷമി മത്സരത്തിനിടെ വെള്ളം കുടിക്കുന്നുണ്ടായിരുന്നു. മൗലാന ഷഹാബുദ്ദീൻ പറഞ്ഞു.
"ആളുകൾ അദ്ദേഹത്തെ കാണുന്നുണ്ടായിരുന്നു. അദ്ദേഹം കളിക്കുന്നുണ്ടെങ്കിൽ, അതിനർത്ഥം അദ്ദേഹം ആരോഗ്യവാനാണെന്നാണ്. അത്തരമൊരു അവസ്ഥയിൽ, അദ്ദേഹം നോമ്പ് എടുത്തില്ലെന്ന് മാത്രമല്ല പരസ്യമായി വെള്ളം പോലും കുടിച്ചു. ഇത് ആളുകൾക്കിടയിൽ തെറ്റായ സന്ദേശം നൽകും" മൗലാന കൂട്ടിച്ചേർത്തു.
ദുബായിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ നാല് വിക്കറ്റിന് വിജയിച്ചതിന് ശേഷമാണ് ഷഹാബുദ്ദീന്റെ പരാമർശം. അദ്ദേഹത്തിന്റെ പരാമർശം വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. എൻസിപി എസ്പി നേതാവ് രോഹിത് പവാർ ഷമിയെ ന്യായീകരിച്ച് സംസാരിക്കുകയും കായികരംഗത്ത് മതം കൊണ്ടുവരരുതെന്ന് പറയുകയും ചെയ്തു.









0 comments