എങ്ങുമെത്താതെ കേന്ദ്രത്തിന്റെ ചർച്ച; നിലപാടിൽ ഉറച്ച് കർഷക സംഘടനകൾ

ന്യൂഡൽഹി: കർഷകരുമായുള്ള കേന്ദ്രത്തിന്റെ ആറാംഘട്ട ചർച്ചയും എങ്ങുമെത്തിയില്ല. വിളകൾക്ക് മിനിമം താങ്ങുവില(എംഎസ്‌പി) സംബന്ധിച്ച കാര്യങ്ങൾ ധാരണയാകാത്തതിനാൽ കേന്ദ്ര മന്ത്രിമാരും കർഷക യൂണിയനുകളും തമ്മിലുള്ള ചർച്ച തീരുമാനമില്ലാതെ അവസാനിച്ചു.
മിനിമം താങ്ങുവില നിയമപരമായി ഉറപ്പു നൽകുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, വിളകൾക്ക് ഇൻഷൂറൻസ് നടപ്പാക്കുക മുതലായ ആവശ്യങ്ങളാണ് കർഷകർ ഉന്നയിച്ചത്. അത് നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ കർഷകർ കേന്ദ്രത്തോട് തേടുകയും ചെയ്തിരുന്നു. കർഷകർ 25,000 കോടി മുതൽ 30,000 കോടി രൂപ വരെ ചെലവാണ് ഇതിനായി കണക്കാക്കുന്നത്. എന്നാൽ ഈ തുക വളരെ കൂടുതലാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. മാർച്ച് 19 ന് ചണ്ഡീഗഡിൽ അടുത്ത ഘട്ട ചർച്ച നടക്കും.
എട്ട് ദിവസത്തിനുള്ളിൽ നടന്ന രണ്ടാമത്തെ യോഗവും ഒരു വർഷത്തിനിടെ നടന്ന ആറാമത്തെ യോഗവുമാണിത്.
“രാജ്യത്തെ കർഷകർ 23 വിളകൾക്ക് നിയമപരമായ ഉറപ്പോടെ എംഎസ്‌പിയുടെ കീഴിൽ വരണമെന്ന് ആഗ്രഹിക്കുന്നു. ഇത് മന്ത്രിമാർക്ക് മുന്നിൽ അവതരിപ്പിച്ചു. എംഎസ്‌പിക്ക് 25,000 കോടി മുതൽ 30,000 കോടി രൂപ വരെ വേണ്ടിവരുമെന്ന് ഞങ്ങൾ അവരോട് പറഞ്ഞു. തങ്ങളുടെ വിദഗ്ധർ വഴി ഡാറ്റ വിശകലനം ചെയ്യുമെന്നും സമയം ആവശ്യമാണെന്നും മന്ത്രിമാർ പറഞ്ഞു. അടുത്ത യോഗം മാർച്ച് 19 ന് നടക്കും, ” കർഷക നേതാവ് അഭിമന്യു കൊഹാദ് പറഞ്ഞു.
ഫെബ്രുവരി 25 ന് ശംഭു അതിർത്തിയിലൂടെ കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തുന്നതിനെക്കുറിച്ച് 24 ന് തീരുമാനമെടുക്കുമെന്ന് കർഷക നേതാക്കൾ പറഞ്ഞു.
നിരാഹാരം കിടക്കുന്ന സംയുക്ത കിസാൻ മോർച്ചയുടെ (രാഷ്‌ട്രീയേതര വിഭാഗം) കൺവീനറായ ദല്ലേവാളിനോട് സമരം അവസാനിപ്പിക്കാനും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. വിളകൾക്ക് മിനിമം താങ്ങുവില(എംഎസ്‌പി) അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്രത്തിനെതിരെ പഞ്ചാബ്–ഹരിയാന അതിർത്തിയിലെ ഖന്നൗരിയിൽ നവംബർ 26 മുതൽ ദല്ലവാൾ നിരാഹാര സമരം നടത്തിവരികയാണ്.









0 comments