ദീപാവലി ആഘോഷം; 'കാർബൈഡ് ഗൺ' ഉപയോഗിച്ച 200 ലേറെപേർക്ക് പരിക്ക്, നിരവധിപേർക്ക് കാഴ്ച നഷ്ടമായി

ഭോപ്പാൽ: ദീപാവലി ആഘോഷങ്ങൾക്കിടെ, സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ 'കാർബൈഡ് ഗൺ' എന്ന അനധികൃത കളിപ്പീരങ്കി ഉപയോഗിച്ചതിനെ തുടർന്ന് മധ്യപ്രദേശിൽ 200-ൽ അധികം പേർക്ക് പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ പലർക്കും കാഴ്ചശക്തി പൂർണമായും നഷ്ടമായി. ഭോപ്പാൽ, വിദീഷ, ഗ്വാളിയോർ, ഇൻഡോർ തുടങ്ങിയ നഗരങ്ങളിലാണ് അപകടങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്തത്.
പിവിസി പൈപ്പുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ നാടൻ കളിപ്പാട്ടം സാമൂഹ്യ മാധ്യമങ്ങളിൽ 'ഫൺ ട്രെൻഡ്' എന്നും 'ഗ്രീൻ പടക്കം' എന്നും പറഞ്ഞ് വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. ഇതിൽ ഉപയോഗിക്കുന്ന കാർബൈഡ് രാസവസ്തുക്കളുടെ സ്ഫോടനം കണ്ണുകൾക്ക് ഗുരുതരമായി ക്ഷതമേൽപ്പിക്കും.
അപകടത്തെ തുടർന്ന് 200-ൽ അധികം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തലസ്ഥാനമായ ഭോപ്പാലിൽ മാത്രം 124 പേരുടെ കണ്ണുകൾക്ക് ഈ സ്ഫോടനത്തിൽ പരിക്ക് പറ്റിയതായാണ് വിവരം. കാർബൈഡ് ഗണിന്റെ അനധികൃതമായ വില്പനയെക്കുറിച്ച് നേരത്തെ തന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
കളിപ്പാട്ടം നിരോധിക്കാൻ അധികൃതർ തയ്യാറാകാതിരുന്നത് ഇത്രയും വലിയ ദുരന്തത്തിലേക്ക് വഴിവെച്ചതിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.









0 comments