പ്രസവിച്ചയുടൻ നവജാത ശിശുവിനെ കൊന്നു; 40 വയസ്സുകാരി അറസ്റ്റിൽ, സാമ്പത്തിക പ്രതിസന്ധി കാരണമെന്ന് സൂചന

ചുരു: പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ നവജാത ശിശുവിനെ അമ്മ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതായി പരാതി. രാജസ്ഥാനിലെ ചുരു ജില്ലയിലുള്ള സർക്കാർ ആശുപത്രിയിലാണ് സംഭവം. പരാതിയെ തുടർന്ന് 40 വയസ്സുകാരിയായ ഗുഡ്ഡി ദേവിക്കെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തു.
വ്യാഴാഴ്ച രാത്രിയാണ് ഗുഡ്ഡി ദേവി അഞ്ചാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. "മണിക്കൂറുകൾക്ക് ശേഷം, ആശുപത്രി വാർഡിൽ മറ്റ് ബന്ധുക്കൾ ഉറങ്ങുന്നതിനിടെ ഇവർ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി," കോട്‍വാലി എസ്എച്ച്ഒ സുഖ്റാം ഛോട്ടിയ പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ കുഞ്ഞിന് അനക്കമില്ലെന്ന് കണ്ട ഗുഡ്ഡിയുടെ മൂത്ത സഹോദരി മൈന ദേവിയാണ് സംഭവം ആദ്യം ശ്രദ്ധിച്ചത്. "കുഞ്ഞിന്റെ കഴുത്തിൽ ആഴത്തിലുള്ള പാടുകൾ കണ്ടതിനെ തുടർന്ന് അവർ ഉടൻ ഡോക്ടർമാരെ വിവരമറിയിച്ചു. എന്നാൽ അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു," എസ്എച്ച്ഒ കൂട്ടിച്ചേർത്തു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ മരണം കഴുത്ത് ഞെരിഞ്ഞാണെന്ന് സ്ഥിരീകരിച്ചു. സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗുഡ്ഡി ദേവിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും മാനസിക സമ്മർദ്ദവും ആണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ഭർത്താവ് താരാചന്ദ് പക്ഷാഘാതം വന്ന് കിടപ്പിലാണ്. "മറ്റൊരു കുഞ്ഞിനെക്കൂടി വളർത്താനുള്ള ഭാരം ഏറ്റെടുക്കാൻ തനിക്കാവില്ലെന്ന് ഇവർ ബന്ധുക്കളോട് പറഞ്ഞിരുന്നതായി റിപ്പോർട്ടുകളുണ്ട്," പൊലീസ് അറിയിച്ചു.









0 comments