ബിഹാറിൽ പുറത്താക്കപ്പെട്ടത് അധികവും സ്ത്രീകൾ; മുസ്ലീം ദളിത് മേഖലകളിൽ കടുംവെട്ട്


സ്വന്തം ലേഖകൻ
Published on Aug 21, 2025, 02:06 PM | 3 min read
ബിഹാറിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (SIR) ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തു വിട്ട ഡാറ്റ പ്രകാരം കരട് വോട്ടർ പട്ടികയിൽ നിന്ന് ഏറ്റവും കൂടുതൽ ഒഴിവാക്കപ്പെട്ടത് സ്ത്രീകളും മുസ്ലീം ഭൂരിപക്ഷ ജില്ലകളിലെ താമസക്കാരുമാണ്.
ബിഹാറിലെ സംസ്ഥാനത്തെ വോട്ടർമാരിൽ 47.7 ശതമാനം മാത്രമാണ് സ്ത്രീകൾ. വോട്ടർ പട്ടികയിൽ നിന്നും പുറത്തായ ഏകദേശം 6.56 ദശലക്ഷം പേരുകളിൽ 55 ശതമാനവും സ്ത്രീകളാണ്. 243 നിയമസഭാ മണ്ഡലങ്ങളിൽ 43 എണ്ണത്തിൽ നീക്കം ചെയ്തവയിൽ 60 ശതമാനത്തിലധികവും സ്ത്രീകളാണ്. 40 വയസിന് താഴെയുള്ളവരാണ് അധികവും പുറത്താക്കപ്പെട്ടിട്ടുള്ളത് എന്ന വൈരുദ്ധ്യവും നിലനിൽക്കുന്നു.
സംസ്ഥാനത്തെ 38 ജില്ലകളിൽ 37 ലും സ്ത്രീകളാണ് കൂടുതലും പുറത്താക്കപ്പെട്ടിരിക്കുന്നത്. പട്ടികയിൽ നിന്ന് 6.1 ശതമാനം പുരുഷൻമാർ മാത്രം പുറത്തായപ്പോൾ 8.3 ശതമാനം സ്ത്രീകളുടെ വോട്ട് വെട്ടി. തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുന്ന 11 രേഖകൾ തിരിച്ചറിയാൻ പോലും കഴിയാത്തവരാണ് കൂടുതലും ഇരയാക്കപ്പെട്ടത്. ബിഹാറിലെ ഗാമപ്രദേശങ്ങളിലെ സാക്ഷരതാ നിരക്ക് ഔദ്യോഗിക കണക്കുകൾ പ്രകാരം പുരുഷൻമാർക്ക് ഇടയിൽ 57.1 ശതമാനവും സ്ത്രീകൾക്കിടയിൽ 29.6 ശതമാനവുമാണ്. സ്ത്രീ സാക്ഷരതയിൽ രാജ്യത്ത് ഏറ്റവും പിന്നോക്കമായ (55%) സംസ്ഥാനമാണ്.

പുറത്താക്കപ്പെട്ട സ്ത്രീകളിൽ തന്നെ സാമൂഹിക സുരക്ഷയുടെയും സാമ്പത്തിക ഭദ്രതയുടെ കാര്യത്തിൽ അതീവ പിന്നോക്കാവസ്ഥയിൽ കഴിയുന്ന വിഭാഗങ്ങളിൽ നിന്നുള്ളവരാണ് കൂടുതലും. ദളിത്, മുസ്ലീം വിഭാഗങ്ങളിൽ നിന്നുള്ളവരാണ് ഭൂരിപക്ഷവും. സംഘപരിവാറിന്റെ വർഗ്ഗീയ വിഭജന തന്ത്രങ്ങളുടെ ഭാഗമായി കേന്ദ്രീകരിക്കപ്പെട്ട വോട്ട് ബാങ്കിന് പുറത്തുള്ള ജനവിഭാഗങ്ങളാണ് ഒന്നായി നീക്കം ചെയ്യപ്പെട്ടത്.
പട്ടികജാതി സംവരണ മണ്ഡലമായ രാജ്പൂരിലാണ് (കൈമൂർ ജില്ല) ഏറ്റവും കൂടുതൽ സ്ത്രീകൾ ഒഴിവാക്കപ്പെട്ടത്, അവിടെ 69 ശതമാനം ഒഴിവാക്കപ്പെട്ടവരും സ്ത്രീകളാണെന്ന് ഡാറ്റയിൽ വ്യക്തമാവുന്നു. ഗോപാൽഗഞ്ച് ജില്ലയിൽ ഒരു പുരുഷൻ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായപ്പോൾ ആറിൽ അധികം (6.8) സ്ത്രീകൾ തൽസ്ഥാനത്ത് പുറത്തായി.
വോട്ടർമാരുടെ പേര് നീക്കം ചെയ്തതിൽ ആദ്യ പത്തിൽ വരുന്ന പൂർണിയ, കിഷൻഗഞ്ച്, മധുബാനി, ഭഗൽപൂർ, സീതാമർഹി എന്നിവ ഗണ്യമായ മുസ്ലീം ജനസംഖ്യയുള്ള പ്രദേശങ്ങളാണ്.
ജനസംഖ്യയുടെ ഏകദേശം 38.5 ശതമാനം മുസ്ലീങ്ങൾ ഉള്ള പൂർണിയയിൽ, 273,000-ത്തിലധികം പേരുകൾ നീക്കം ചെയ്തു. മധുബാനിയിൽ 352,000 വോട്ടർമാരെ വെട്ടി. കിഴക്കൻ ചമ്പാരനിൽ 316,000 ഇല്ലാതാക്കലുകളും, സീതാമർഹിയിൽ 245,000 ഇല്ലാതാക്കലുകളും ഉണ്ടായി.

ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് പട്ടിക വിവാദങ്ങൾ ഉയർന്നതോടെ കമ്പ്യൂട്ടർ സംവിധാനങ്ങൾ ഉപയോഗിച്ച് വായിക്കാവുന്ന പിഡിഎഫ് ഫോർമാറ്റിൽ നിന്ന് മാറ്റി ഇമേജ് രൂപത്തിലാക്കിയിരുന്നു. വിശകലനങ്ങളും പഠനങ്ങളും ഒഴിവാക്കാനാണ് ഇതെന്ന് വിമർശനം ഉയർന്നു. വോട്ട് ചോരി വിവാദം കൂടി ഉയർന്നതോടെ തിടുക്കപ്പെട്ട് മാറ്റം വരുത്തുകയായിരുന്നു. ഇമേജ് രൂപത്തിൽ ആക്കിയതോടെ കോടിക്കണക്കിന് വരുന്ന ഡാറ്റ പരാതിക്കാർക്ക് മനുഷ്യാധ്വാനം ഉപയോഗിച്ച് വേർതിരിച്ച് മനസിലാക്കുക അസാധ്യമാക്കി.
എല്ലാം തച്ചുടയ്ക്കപ്പെട്ടവരുടെ
ഭരണഘടനാവകാശവും വോട്ടും വെട്ടി
സുപ്രീം കോടതി നിർദ്ദേശിച്ച 56 മണിക്കൂറിനുള്ളിൽ ബിഹാറിലെ കരട് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത 65 ലക്ഷം വോട്ടർമാരുടെ പട്ടിക കമ്മീഷൻ അപ്‌ലോഡ് ചെയ്തതായി കഴിഞ്ഞ ദിവസം സിഇസി ഗ്യാനേഷ് കുമാർ പ്രഖ്യാപിച്ചു. ഇനി ശേഷിക്കുന്ന 15 ദിവസത്തെ സമയപരിധിക്കുള്ളിൽ സംസ്ഥാനത്തെ വോട്ടർമാരോടും രാഷ്ട്രീയ പാർട്ടികളോടും അവരുടെ അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കാൻ ഞായറാഴ്ച കമ്മീഷൻ ആവശ്യപ്പെട്ടു.
സ്വാഭാവികമായും ചോദിക്കാനും പറയാനും ആളില്ലാത്ത, വിദ്യഭ്യാസമോ അവകാശ ബോധമോ ലഭിക്കാത്ത മനുഷ്യരോടാണ് ഔദ്യോഗിക രേഖകൾ ആവശ്യപ്പെട്ട് വെല്ലുവിളി നടത്തുന്നത്. ഇത്തവണ അതിന് ഉത്തരം പറയേണ്ടത് എതിർപ്പ് ഉയർത്തിയ രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തമാക്കി പ്രസ്താവന ഇറക്കുകയും ചെയ്തു.
സെപ്റ്റംബർ 1 ന് ശേഷം എന്തെങ്കിലും പിശകുകൾ ചൂണ്ടിക്കാണിക്കുന്നത് അർത്ഥശൂന്യമാണെന്നാണ് ഗ്യാനേഷ് കുമാർ പറഞ്ഞത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി എല്ലാ രാഷ്ട്രീയ പാർട്ടികളും വോട്ടർ പട്ടികയിലെ അപാകതകൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് വെട്ടിനിരത്തലിന്റെ ഉത്തരവാദിത്തവും വിയോജിച്ച രാഷ്ട്രീയ പാർട്ടികൾക്ക് മുകളിലേക്ക് ഇട്ടു.
ബിഹാറിലെ വനിതാ വോട്ടർമാർ ഒന്നിച്ച് നാടുവിട്ടുവോ
ദരിദ്രമായ സാഹചര്യത്തിൽ ജീവിതായോധനം അസാധ്യമായിത്തീർന്ന പുതുതലമുറ ഇതര സംസ്ഥാനങ്ങളിലേക്ക് തൊഴിൽ തേടി പോകുന്ന സാഹചര്യമാണ്. ഇതിൽ അധികവും പുരുഷൻമാരാണ്. കുടുംബങ്ങൾ പുറത്ത് ഒരുമിച്ച് മാറിപ്പോകുന്നത് താരതമ്യേന കുറവാണ്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കിൽ നാട് വിട്ട് പോയിട്ടുള്ളവർ അധികവും സ്ത്രീകളാണ്.

വോട്ടർപട്ടികയിൽ നിന്നും നീക്കം ചെയ്തതിന് നാല് കാരണങ്ങൾ നിരത്തിയതിൽ നാടു വിട്ട് പോയവർ (Permanently Shifted) എന്ന ഇനത്തിലാണ് ഏറ്റവും കൂടുതൽ പേർ പുറത്താക്കപ്പെട്ടിട്ടുള്ളത്. ഇവരിൽ കൂടുതലും സ്ത്രീകളാണ്. 62.6 ശതമാനം സ്ത്രീകൾ നാട്ടിൽ ഇല്ലാത്തവരായി കണക്കിയപ്പോൾ പുരുഷൻമാർ 37.4 ശതമാനം മാത്രമാണ്. ഇത്രയും സ്ത്രീകൾ എവിടെ പോയി എന്നതിന് ഉത്തരമില്ല. 30 വയസിനും 49 നും ഇടയിലുള്ള സ്ത്രീകളാണ് ഇത്തരത്തിൽ ഏറ്റവും അധികം ഒഴിവാക്കപ്പെട്ടിട്ടുള്ളത്.
ബിഹാർ സംസ്ഥാന സർക്കാരിന്റെ കണക്ക് പ്രകാരം 21.2 ലക്ഷം പുരുഷൻമാരാണ് സംസ്ഥാനത്തിന് പുറത്ത് തൊഴിൽ തേടി പോയിട്ടുള്ളത്. സ്ത്രീകളുടെ സംഖ്യ വെറും 1.4 ലക്ഷവുമാണ്.
വർഗ്ഗീയമായി വിഭജിച്ച് കൂടെ നിർത്താനാവാത്തതും തങ്ങൾക്ക് വഴങ്ങാത്തതുമായ വോട്ട് ബാങ്കിനെ തകർക്കുകയാണ്. തങ്ങളുടെ അജണ്ടകളുടെയും മേൽക്കോയ്മയുടെയും പരിധിയിലേക്ക് വരാൻ സമീപ സാധ്യകൾ ഇല്ലാത്ത സംസ്ഥാനങ്ങളിലേക്ക് വോട്ട് മാറ്റം പ്രോത്സാഹിപ്പിക്കയും ചെയ്യുന്നു.









0 comments