അഞ്ചാംദിനവും സഭ കലുഷിതം

ന്യൂഡൽഹി
ബിഹാറില്‍ വോട്ടര്‍മാരെ പൗരത്വം തെളിയിക്കാന്‍ നിര്‍ബന്ധിക്കുന്ന വോട്ടർപ്പട്ടിക പുനഃപരിശോധന (എസ്‌ഐആർ) റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കടുത്ത പ്രതിഷേധമുയര്‍ത്തിയതോടെ തുടർച്ചയായ അഞ്ചാംദിനവും പാർലമെന്റിന്റെ ഇരുസഭയും സ്‌തംഭിച്ചു. വർഷകാലസമ്മേളനം തുടങ്ങി അഞ്ച് ദിവസം പിന്നിട്ടിട്ടും ഒരു ബിൽ മാത്രമാണ് കേന്ദ്രസർക്കാരിന് പാസാക്കാനായത്. വെള്ളിയാഴ്‌ച്ച പാർലമെന്റിന് പുറത്ത് പ്രതിപക്ഷാംഗങ്ങൾ എസ്‌ഐആർ പോസ്‌റ്ററുകളും പ്ലക്കാർഡുകളും കീറി ചവറ്റുക്കൊട്ടയിലിട്ട് പ്രതിഷേധിച്ചു.
കാര്യോപദേശകസമിതിയോഗം ചേര്‍ന്ന് നിർണായക വിഷയം ചർച്ച ചെയ്യാമെന്ന് സ്‌പീക്കർ ഓംബിർള പ്രതിപക്ഷത്തിന് ഉറപ്പുനൽകി. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ വിഷയങ്ങളിൽ പാർലമെന്റിൽ പ്രത്യേക ചർച്ച തുടങ്ങുമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. തിങ്കളാഴ്‌ച്ച ലോക്‌സഭയിലും ചൊവ്വാഴ്‌ച്ച രാജ്യസഭയിലും ഈ വിഷയങ്ങളിൽ 16 മണിക്കൂർ ചർച്ചനടക്കും.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചർച്ചയ്‌ക്ക് നേതൃത്വം കൊടുക്കും. ആഭ്യന്തരമന്ത്രി അമിത്‌ഷാ, വിദേശകാര്യമന്ത്രി എസ് ജയശങ്കർ തുടങ്ങിയവരും കേന്ദ്രസർക്കാരിന്റെ നിലപാട് വിശദീകരിക്കും.









0 comments