മുംബൈയിൽ മഴ ശക്തം: റെഡ് അലർട്ട് പ്രഖ്യാപിച്ചു; നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട്

മുംബൈ : മുംബൈയിൽ മൺസൂൺ മഴ കനക്കുന്നു. മഴ ശക്തമായതോടെ ഐഎംഡി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മുംബൈയിൽ കാലവർഷം എത്തിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. 75 വർഷത്തിനിടെ ആദ്യമായാണ് മുംബൈയിൽ കാലവർഷം നേരത്തെയെത്തുന്നത്. പൊതുജനം ജാഗ്രത പാലിക്കണമെന്ന് മഹാരാഷ്ട്ര ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉച്ചയ്ക്ക് 2 മുതൽ 4 വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
തിങ്കളാഴ്ച രാവിലെ 6 നും 7 നും ഇടയിൽ മുംബൈയിലെ നരിമാൻ പോയിന്റിൽ 40 മില്ലിമീറ്ററാണ് മഴ പെയ്തത്. സമീപ പ്രദേശങ്ങളിലും സമാനമായ മഴ ലഭിച്ചു. നിലവിൽ നഗരത്തിൽ ഗതാഗതം സാധാരണ നിലയിലാണെന്നും എൻഡിആർഎഫ് സംഘം മുംബൈയിലുണ്ടെന്നും ദുരന്തനിവാരണ മന്ത്രി ഗിരീഷ് മഹാജൻ പറഞ്ഞു. എന്നാൽ കനത്ത മഴ പെയ്തത് ചിലയിടങ്ങളിലെ ഗതാഗതം തടസപ്പെടുത്തി. നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മോശം കാലാവസ്ഥ കാരണം വിമാന സർവീസുകളടക്കം തടസപ്പെട്ടു. കുർള, സിയോൺ, ദാദർ, പരേൽ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

തുടർച്ചയായ മഴയിൽ റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ സബർബൻ ട്രെയിൻ സർവീസുകൾ വൈകി. അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ വൈകിയാണ് സർവീസുകൾ ആരംഭിച്ചത്. എങ്കിലും നിലവിൽ ട്രെയിൻ സർവീസുകൾ സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കനത്ത മഴയിൽ ഒരു ഭൂഗർഭ സ്റ്റേഷൻ വെള്ളത്തിനടിയിലായതിനെ തുടർന്ന് ആചാര്യ ആത്രെ ചൗക്കിനും വോർലിക്കും ഇടയിലുള്ള മെട്രോ ലൈൻ 3 ന്റെ പ്രവർത്തനം തിങ്കളാഴ്ച നിർത്തിവച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. 33 കിലോമീറ്റർ നീളമുള്ള കൊളാബ-ബികെസി-ആരേ ജെവിഎൽആർ ഭൂഗർഭ മെട്രോ ഇടനാഴിയിലെ ഭൂഗർഭ മെട്രോ സ്റ്റേഷനുള്ളിൽ വെള്ളം കയറിയത് ആശങ്ക ഉയർത്തിയിട്ടുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് കര്‍ണാടകത്തിലും പലയിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.










0 comments