അവഹേളിച്ചത് സമര പാരമ്പര്യത്തെ: എം എ ബേബി
വാഴ്‌ത്ത് ഒറ്റുകാർക്ക് ; മോദിയുടെ പരാമർശത്തിൽ കനത്ത പ്രതിഷേധം

ന്യൂഡൽഹി
സ്വാതന്ത്ര്യപ്രക്ഷോഭത്തെ ഒറ്റുകൊടുത്ത ആർഎസ്‌എസിനെ സ്വാതന്ത്ര്യദിനത്തിലെ ചെങ്കോട്ട പ്രസംഗത്തില്‍ വാനോളം പുകഴ്-ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിച്ചത് രാജ്യത്തിനായി ജീവൻനൽകി പോരാടിയ രക്തസാക്ഷികളെ. 100 വർഷം മുമ്പ് രൂപീകൃതമായ ആർഎസ്‌എസിന്റെകൂടി ശ്രമഫലമായാണ് രാജ്യം നിർമിക്കപ്പെട്ടതെന്നും കേവലം സർക്കാരുകളുടെയോ അധികാരത്തിലിരുന്നവരുടെയോ സംഭാവനകൊണ്ടുമാത്രമല്ലെന്നുമാണ് മോദി തട്ടിവിട്ടത്.
പ്രതിപക്ഷ പാർടികളും സമൂഹത്തിലെ നാനാതുറകളിലുള്ളവരും മോദിയുടെ പരാമർശത്തെ അതിരൂക്ഷമായി വിമർശിച്ചു. ഇന്ത്യയിൽ കൊളോണിയൽ മേധാവിത്വം ‘ആ ചന്ദ്രതാരം’ തുടരണമെന്ന് ആഗ്രഹിക്കുകയും ബ്രിട്ടീഷുകാർക്ക് പാദസേവചെയ്യുകയും ചെയ്‌ത ആർഎസ്‌എസിന്റെ അപമാനകരമായ ചരിത്രം മൂടിവയ്‌ക്കാനുള്ള വൃഥാശ്രമമാണ് മോദി നടത്തിയത്. 1925ൽ സ്ഥാപിക്കപ്പെട്ട ആർഎസ്‌എസ് 1947 വരെയുള്ള സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളിൽ കാഴ്‌ച്ചക്കാരായിപ്പോലും ഉണ്ടായിരുന്നില്ല. ‘നിസഹകരണ പ്രസ്ഥാനവും ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവും യുവതലമുറയെ അരാജകവാദികളും കുരുത്തംകെട്ടവരുമാക്കുന്നു’– എന്നായിരുന്നു രണ്ടാം സർസംഘചാലക് എം എസ് ഗോൾവാൾക്കറുടെ നിലപാട്. ഇതാദ്യമായാണ് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി ആർഎസ്‌എസിനെ പരാമർശിച്ചത്. മോദിയുടെ നടപടി ഭരണഘടനയുടെ അന്തഃസത്തയ്‌ക്ക് വിരുദ്ധമാണെന്ന് കോൺഗ്രസ് വിമർശിച്ചു. ചരിത്രത്തെ മോദി വളച്ചൊടിക്കുകയാണെന്ന് ആർജെഡി നേതാവ് മനോജ് ഝാ പറഞ്ഞു.
അവഹേളിച്ചത് സമര പാരമ്പര്യത്തെ: എം എ ബേബി
ആർഎസ്‌എസിനെ പ്രശംസിച്ചതിലൂടെ മോദി സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യത്തെയും രക്തസാക്ഷികളുടെ സ്‌മരണകളേയും അവഹേളിക്കുകയാണ് ചെയ്‌തതെന്ന് സിപിഐ എം ജനറൽസെക്രട്ടറി എം എ ബേബി വിമർശിച്ചു. മഹാത്മാഗാന്ധി വധത്തിന് പിന്നാലെ നിരോധിക്കപ്പെട്ട സംഘടന കൂടിയാണ് ആർഎസ്‌എസ്. സ്വാതന്ത്ര്യസമരങ്ങളിൽ ഇടപെട്ട ചരിത്രമില്ല. മതത്തിന്റെ പേരിൽ രാജ്യത്തിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുന്ന സംഘടനയാണെന്നും എം എ ബേബി സമൂഹമാധ്യമത്തിൽ കുറിച്ചു.









0 comments