പ്രഖ്യാപിക്കും, നടപ്പാക്കില്ല ; മോദിയുടെ ചെങ്കോട്ട പ്രസംഗങ്ങള്‍

അഖില ബാലകൃഷ്ണൻ
Published on Aug 16, 2025, 04:10 AM | 2 min read
ന്യൂഡൽഹി
‘രണ്ട് വർഷത്തിൽ മൂന്നരക്കോടി തൊഴിലവസരം, സ്വകാര്യ മേഖലയിൽ പുതുതായി തൊഴിലിൽ പ്രവേശിക്കുന്നവര്‍ക്ക് 15,000 രൂപ സഹായം’ – സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനങ്ങളാണിവ. മുൻപ് പ്രഖ്യാപിക്കുകയും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകുകയും ചെയ്‌ത പദ്ധതി ആവർത്തിക്കുകയാണ് മോദി ചെയ്‌തത്. കഴിഞ്ഞ 11 വർഷവും യുവജനങ്ങളെ ലക്ഷ്യമിട്ട് മോദി വൻ പ്രഖ്യാപനങ്ങള്‍ നടത്തി. പക്ഷെ, അവയൊന്നും സഫലമായില്ലെന്ന്, രാജ്യത്തെ തൊഴിൽരഹിതരിൽ 83 ശതമാനവും യുവജനങ്ങളാണെന്ന അന്താരാഷ്‌ട്ര തൊഴിൽ സംഘടനയുടെ റിപ്പോർട്ട് അടിവരയിടുന്നു.
ചെങ്കോട്ടയിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ മേക്ക് ഇൻ ഇന്ത്യ, സ്കിൽ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, ബേട്ടി പഠാവോ ബേട്ടി ബച്ചാവോ തുടങ്ങിയ പദ്ധതികൾ മോദി അവതരിപ്പിച്ചു. എന്നാൽ, ഈ പദ്ധതികളുടെ പരസ്യ പ്രചരണത്തിനും മറ്റുമാണ് കൂടുതൽ തുകയും ചെലവഴിച്ചത്. ഗ്രാമീണ മേഖലകളിൽ തൊഴിൽ സൃഷ്ടിക്കപ്പെട്ടില്ല. സ്കിൽ ഇന്ത്യ പ്രകാരം തുടക്കത്തിൽ 24 ലക്ഷം പേർക്ക് പരിശീലനം നൽകിയെന്ന് അവകാശപ്പെട്ടങ്കിലും 30 ശതമാനം പേർക്ക് മാത്രമാണ് ജോലി ലഭിച്ചത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൽപ്പാദന മേഖലയിൽ കൂടുതൽ തൊഴിൽ സൃഷ്ടിക്കുമെന്നായിരുന്നു വാഗ്ദാനം. വാസ്തവം മറിച്ചാണ്. ജിഡിപിയിൽ നിർമാണ മേഖലയുടെ പങ്ക് 2013–-14ൽ 16.7 ശതമാനമായിരുന്നത് 2023–24ൽ 15.9 ശതമാനമായി കുറഞ്ഞു.
നിക്ഷേപ പദ്ധതികൾക്ക് അംഗീകാരത്തിന് തൊഴിൽ സൃഷ്ടിക്കൽ നിർബന്ധമാക്കുമെന്ന് 2015ൽ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പാക്കിയില്ല. 2016ലും 2017ലും അടിസ്ഥാന സൗകര്യ വികസനത്തിലൂടെ തൊഴിൽസാധ്യത സൃഷ്ടിക്കുമെന്ന് അവകാശപ്പെട്ടെങ്കിലും പ്രസംഗത്തിൽ ഒതുങ്ങി. 2018 മുതൽ 2022 വരെയുള്ള പ്രസംഗങ്ങളിൽ "മേക്ക് ഫോർ വേൾഡ് വോക്കൽ ഫോർ ലോക്കൽ’, തൊഴിലവസരങ്ങൾക്കായി 100 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതിയായ ഗതിശക്തി എന്നിവ ആവർത്തിച്ചതല്ലാതെ ഒന്നും നടന്നില്ല. 2023ൽ പ്രഖ്യാപിച്ച 15,000 കോടിയുടെ ‘വിശ്വകർമ യോജന’ രണ്ട് വർഷങ്ങൾക്കിപ്പുറവും പ്രാരംഭഘട്ടത്തിലാണ്. 2024ൽ മേക്ക് ഇൻ ഇന്ത്യ, സ്കിൽ ഇന്ത്യ എന്നിവ വീണ്ടും മോദി ആവർത്തിച്ചു. എന്നാൽ പദ്ധതി എത്രത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്ന് മിണ്ടിയില്ല.
പാകിസ്ഥാന്റെ ആണവഭീഷണി വിലപ്പോകില്ലെന്ന് മോദി
പാകിസ്ഥാന്റെ ആണവ ഭീഷണി വിലപ്പോകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരരെയും അവർക്ക് സുരക്ഷിതതാവളം ഒരുക്കുന്നവരെയും ഒരുപോലെ കൈകാര്യം ചെയ്യുമെന്ന സന്ദേശമാണ് ‘ഓപ്പറേഷൻ സിന്ദൂറി’ലൂടെ ഇന്ത്യ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് മുഴുവൻ രാജ്യവും നടുങ്ങി. അതിനുള്ള പ്രതികരണമായിരുന്നു ‘ഓപ്പറേഷൻ സിന്ദൂർ’.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ശിക്ഷിക്കാൻ സൈന്യത്തിന് പൂർണ അധികാരം നൽകി. ഭാവിയിലും ഇതുപോലെയുള്ള സാഹചര്യങ്ങളുണ്ടായാൽ സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം സൈന്യത്തിന് നൽകിയിട്ടുണ്ട്. പഹൽഗാം ഭീകാരക്രമണത്തെ തുടർന്ന് സിന്ധുനദി കരാർ ഇന്ത്യ മരവിപ്പിച്ചു. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ലെന്ന സന്ദേശം നൽകാനാണിത്’– പ്രധാനമന്ത്രി പറഞ്ഞു.









0 comments