മോദിയുടെ മണിപ്പുർ സന്ദർശനം ; കേന്ദ്രം നടത്തിയ പ്രശ്‌നപരിഹാര ഇടപെടലുകൾ പാളി

ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുമ്പായി മണിപ്പുരിൽ എന്തെങ്കിലും ഇടപെടൽ നടത്തിയെന്ന് വരുത്തിതീർക്കാനുള്ള കേന്ദ്രസർക്കാർ ശ്രമം പാളുന്നു. കുകി–സൊ സായുധ ഗ്രൂപ്പുകളുമായുള്ള വെടിനിർത്തൽ നീട്ടാൻ ധാരണയായെന്നും പകരമായി ഇംഫാൽ താഴ്‌വരയിലേക്കുള്ള ദേശീയപാതാ ഉപരോധം കുകി വിഭാഗക്കാർ അവസാനിക്കുമെന്ന് അറിയിച്ചതായും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കുകി സംഘടനകൾ ഇതു തള്ളി. ദേശീയപാതാ ഉപരോധം പൂർണമായും ഒഴിവാക്കാനാവില്ലെന്ന് അവർ വ്യക്തമാക്കി.
നാഗാ സംഘടനകളും തങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിക്കുന്നില്ലെന്ന് ആരോപിച്ച് തിങ്കൾ അർധരാത്രി മുതൽ വ്യാപാരവിലക്ക് പ്രഖ്യാപിച്ചു. അതേസമയം കുകി സായുധ ഗ്രൂപ്പുകളുമായുള്ള വെടിനിർത്തൽ കേന്ദ്രം നീട്ടിയതിൽ മെയ്‌തി വിഭാഗക്കാരും പ്രതിഷേധത്തിലാണ്. സെപ്‌തംബർ 13 നോ 14 നോ മണിപ്പുർ സന്ദർശിക്കാനാണ് മോദിയുടെ പദ്ധതി. ഇതിനു മുന്നോടിയായാണ് കുകി സംഘടനകളുമായി കേന്ദ്രസർക്കാർ തിരക്കിട്ട് വെടിനിർത്തൽ ധാരണ നീട്ടുന്നതിലേക്ക് എത്തിയത്. ആഭ്യന്തര മന്ത്രാലയമാണ് കുകി നാഷണൽ ഓർഗനൈസേഷൻ, യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ട് എന്നീ സംഘടനകളുമായി ചർച്ച നടത്തിയത്.









0 comments