തീരുവപ്രഹരം ഏറ്റിട്ടും മോദി യുഎസിന് പിന്നാലെ

ന്യൂഡൽഹി
അമേരിക്കയുമായി ഉഭയകക്ഷി വ്യാപാര കരാറിൽ ഏർപ്പെടാൻ ശ്രമം തുടരുകയാണെന്ന വാണിജ്യ മന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്‌താവന മോദി സർക്കാരിന്റെ യുഎസ് വിധേയത്വം ഇപ്പോഴും തുടരുന്നതിന്റെ സൂചന. യുകെയുമായും യൂറോപ്യൻ യൂണിയനുമായും ഓസ്‌ട്രേലിയയുമായും എത്തിച്ചേർന്നതിന് സമാനമായി അമേരിക്കയുമായി ഉഭയകക്ഷി കരാർ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും നവംബറോടെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് പീയുഷ് ഗോയൽ ചൊവ്വാഴ്‌ച പറഞ്ഞത്. ഇന്ത്യക്കുമേൽ 50 ശതമാനം പ്രതികാര തീരുവ അടിച്ചേൽപ്പിച്ചിട്ടും വ്യാപാര കരാറിനായി അമേരിക്കയോട് കെഞ്ചുന്ന നിലപാടാണ് ഗോയലിന്റേത്.
ഡോണൾഡ് ട്രംപും അദ്ദേഹത്തിന്റെ വിശ്വസ്‌തരും തുടർച്ചയായി ഇന്ത്യയെ അവഹേളിക്കുന്ന പരാമർശം നടത്തുമ്പോഴും മോദി സർക്കാർ മൗനത്തിലാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നിർജീവമെന്ന് അമേരിക്കൻ പ്രസിഡന്റ് വിശേഷിച്ചപ്പോഴും മറുപടിയുണ്ടായില്ല. അമ്പത് ശതമാനം പ്രതികാര തീരുവ അടിച്ചേൽപ്പിച്ച് ഒരാഴ്‌ച പിന്നിടുമ്പോഴും യുഎസ് ഉൽപ്പന്നങ്ങൾക്ക് മേൽ സമാനമായ പകരം തീരുവ ചുമത്താൻ തയ്യാറായിട്ടുമില്ല. ചൈനയുമായി ഇന്ത്യ അടുക്കുന്നതിനോട് സംഘപരിവാറിലെ തീവ്ര യുഎസ് അനുകൂല വിഭാഗത്തിന് യോജിപ്പില്ല. എത്ര നാണംകെട്ടാലും യുഎസുമായി സംഭാഷണങ്ങൾ തുടരണമെന്നാണ് ഇവരുടെ നിലപാട്.
ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിന് മുന്നിൽ പകച്ചുനിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ നിലവിലെ പ്രതിസന്ധിയിൽനിന്ന് ഏതുവിധേനയും പുറത്തുകടക്കണമെന്ന താൽപ്പര്യത്തിൽ മാത്രമാണ് നീങ്ങുന്നത്. അമേരിക്കൻ ഉൽപ്പന്നങ്ങൾ തീരുവയില്ലാതെ ഇറക്കുമതി ചെയ്യാമെന്ന വാഗ്‌ദാനം ഇന്ത്യ നൽകിയെന്ന ട്രംപിന്റെ വെളിപ്പെടുത്തൽ യുഎസിനെ പ്രീണിപ്പിക്കാൻ ഏതറ്റം വരെയും പോകുമെന്നതിന് ഉദാഹരണമാണ്.









0 comments