20 ലക്ഷം തൊഴിൽപോകും , തിരുപ്പുർ, സൂറത്ത്‌, നോയ്ഡ വസ്‌ത്രനിർമാണം നിർത്തി

യുഎസുമായി ചങ്ങാത്തം തുടർന്ന്‌ മോദി സർക്കാർ ; തീരുവയിൽ ഇരട്ടപ്രഹരമേറ്റിട്ടും വിധേയത്വം

modi trump deal
വെബ് ഡെസ്ക്

Published on Aug 28, 2025, 03:59 AM | 2 min read


ന്യൂഡൽഹി

റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കുമേൽ 50 ശതമാനം തീരുവ അടിച്ചേൽപ്പിച്ച ശേഷവും അമേരിക്കയുമായി പ്രതിരോധ ഇടപാട്‌ തുടർന്ന്‌ മോദി സർക്കാർ. യുഎസ്‌ കുത്തകയായ ജനറൽ ഇലക്‌ട്രിക്കൽസിൽ(ജിഇ)നിന്ന്‌ 8700 കോടി രൂപ മുതൽമുടക്കിൽ യുദ്ധവിമാനങ്ങളുടെ എഞ്ചിൻ വാങ്ങാനുള്ള കരാറിൽ സർക്കാർ അടുത്ത മാസം ഒപ്പിടുമെന്നാണ്‌ റിപ്പോർട്ട്‌. ലൈറ്റ്‌ കോംബറ്റ്‌ യുദ്ധവിമാനം എൽസിഎ എംകെ 1 എയ്‌ക്ക്‌ ആവശ്യമായ 113 എഞ്ചിനുകളാണ്‌ ജിഇയിൽനിന്ന്‌ പൊതുമേഖലാ സ്ഥാപനമായ എച്ച്‌എഎൽ വാങ്ങുക. ജിഇ നിർമിക്കുന്ന എ-ഫ്‌ 404–ഐഎൻ 20 എഞ്ചിനുകളാണ്‌ വാങ്ങുന്നത്‌.


നേരത്തെ 99 എഞ്ചിനുകൾ വാങ്ങാൻ ജിഇയും എച്ച്‌എഎല്ലും ധാരണയിലെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ്‌ ഇപ്പോൾ 113 എഞ്ചിൻകൂടി വാങ്ങുന്നത്‌. എച്ച്‌എഎൽ നിർമിക്കുന്ന എൽസിഎ എംകെ2 വിമാനങ്ങൾക്ക്‌ ആവശ്യമായ എഫ്‌414 എഞ്ചിനുകളും ജിഇയിൽനിന്ന്‌ എച്ച്‌എഎഇൽ വാങ്ങാനിരിക്കുകയാണ്‌. എഞ്ചിൻ സാങ്കേതികവിദ്യയുടെ 80 ശതമാനം വിവരങ്ങളും റാമെന്ന ഉറപ്പിലാണ്‌ എഫ്‌414 എഞ്ചിൻ വാങ്ങുന്നത്‌. 13,050 കോടി രൂപ ഇതിനായി ചെലവിടും. 99 എഫ്‌404 എഞ്ചിനുകൾ വാങ്ങാനുള്ള 6200 കോടി രൂപയുടെ കരാർ പ്രകാരമുള്ള എഞ്ചിനുകളുടെ കൈമാറ്റം തുടങ്ങിയിട്ടുണ്ടെങ്കിലും ധാരണപ്രകാരമുള്ള സമയപരിധി പാലിക്കാൻ ജിഇക്ക്‌ കഴിഞ്ഞിട്ടില്ല.



20 ലക്ഷം തൊഴിൽപോകും

അമേരിക്ക ചുമത്തിയ 50 ശതമാനം അധിക തീരുവ രാജ്യത്ത്‌ വ്യാപകമായ തൊഴിൽ നഷ്‌ടത്തിന്‌ വഴിവയ്‌ക്കുമെന്ന ആശങ്ക ശക്തിപ്പെടുന്നു. 20 ലക്ഷത്തോളം പ്രത്യക്ഷ തൊഴിൽ നഷ്‌ടമാകുമെന്നാണ്‌ വ്യവസായ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നതെങ്കിലും അതിലുമേറെ തൊഴിൽനഷ്‌ടം സംഭവിച്ചേക്കാം.


നാലര കോടിയോളം പേർ തൊഴിലെടുക്കുന്ന ടെക്‌സ്റ്റെൈൽ മേഖലയ്‌ക്കാണ്‌ കനത്ത ആഘാതം. യുഎസിലേക്കുള്ള തുണിത്തരങ്ങളുടെ കയറ്റുമതിയിൽ 43 ശതമാനം ഇടിവുണ്ടാകുമെന്നാണ്‌ കണക്കാക്കുന്നത്‌. തിരിച്ചടിയുണ്ടാകുമെന്ന്‌ ഭയക്കുന്ന ആഭരണം, സമുദ്രോൽപ്പന്നം, തുകൽ–പാദരക്ഷ എന്നീ മൂന്ന്‌ മേഖലകളിലായി ഒരു കോടിയോളം പേർ തൊഴിലെടുക്കുന്നു. ഇ‍ൗ സാഹചര്യത്തിൽ, പ്രതിസന്ധിയിലാകുന്ന മേഖലകളെ സഹായിക്കുന്നതിനായി അടിയന്തര വായ്‌പാപദ്ധതിക്ക്‌ രൂപം നൽകാൻ സർക്കാർ ആലോചിക്കുന്നുന്നുണ്ട്‌. ഇ‍ൗടില്ലാതെയുള്ള പ്രവർത്തന മൂലധനമാകും അനുവദിക്കുക.


പലിശയിളവ്‌, വായ്‌പാ തിരിച്ചടവിൽ ഇളവ്‌ തുടങ്ങിയ സംരക്ഷണ നടപടികളും കയറ്റുമതിക്കാരും ചെറുകിട–ഇടത്തരം വ്യവസായികളും താൽപ്പര്യപ്പെടുന്നുണ്ട്‌. ടെക്‌സ്റ്റൈൽ മേഖലയെ സംരക്ഷിക്കാൻ പുതിയ വിപണികൾ കണ്ടെത്താനുള്ള ശ്രമങ്ങൾക്കും സർക്കാർ വൈകിയാണെങ്കിലും തുടക്കമിട്ടിട്ടുണ്ട്‌. യുകെ, ജപ്പാൻ, കൊറിയ, യൂറോപ്യൻ രാജ്യങ്ങൾ, ക്യാനഡ, തുർക്കി തുടങ്ങി നാൽപ്പതോളം രാജ്യങ്ങളുമായി പ്രത്യേകം ബന്ധപ്പെട്ട്‌ തുടങ്ങിയതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.


തിരുപ്പുർ, സൂറത്ത്‌, നോയ്ഡ വസ്‌ത്രനിർമാണം നിർത്തി

​അമേരിക്ക അധിക തീരുവ ചുമത്തിയതിനെ തുടർന്ന്‌ തിരുപ്പൂർ, സൂറത്ത്‌, നോയിഡ തുടങ്ങിയ മേഖലകളിൽ വസ്‌ത്ര നിർമാതാക്കൾ ഉൽപ്പാദനം നിർത്തി. മറ്റു രാജ്യങ്ങളിലെ വാണിജ്യ എതിരാളികൾക്ക്‌ മുന്നിൽ പിടിച്ചുനിൽക്കാനാകാത്ത സാഹചര്യത്തിലാണ്‌ ഉൽപ്പാദനം നിർത്തുന്നതെന്ന്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യൻ എക്‌സ്‌പോർട്ട്‌ ഓർഗനൈസേഷൻസ്‌ (എഫ്‌ഐഇഒ) അറിയിച്ചു.


വിയത്‌നാം, ബംഗ്ലാദേശ്‌ തുടങ്ങിയ രാജ്യങ്ങളിൽനിന്ന്‌ കുറഞ്ഞ ചെലവിൽ വസ്‌ത്രങ്ങളുടെ പ്രവാഹമുണ്ടാകുമ്പോൾ അതിനോട്‌ പിടിച്ചുനിൽക്കാനാവില്ലെന്ന്‌ എഫ്‌ഐഇഒ പറഞ്ഞു. അമേരിക്കയുടെ തീരുവ പ്രഹരത്തെ പ്രതിരോധിക്കാൻ നീക്കങ്ങൾ തുടങ്ങിയതായി കേന്ദ്രസർക്കാർ പറഞ്ഞു. ടെക്‌സ്റ്റൈൽ മേഖലയിലെ പ്രതിസന്ധി മറികടക്കാൻ ബ്രിട്ടൻ, ജപ്പാൻ, ദക്ഷിണകൊറിയ തുടങ്ങി 40ഓളം രാജ്യങ്ങളിലേക്ക്‌ കയറ്റുമതി പ്രോത്സാഹിപ്പിക്കാനാണ്‌ ആലോചന.


ട്രംപ്‌ ആവർത്തിക്കുന്നു ; ഇന്ത്യ–പാക്‌ സംഘർഷം തടഞ്ഞത്‌ തീരുവ ഭീഷണിയിലൂടെ

ഇന്ത്യയും പാകിസ്ഥാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപ്പെട്ടുവെന്ന്‌ ആവർത്തിച്ച്‌ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. സമ്മതിച്ചില്ലെങ്കിൽ തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. വ്യാപാര കരാറുകൾ നിരസിക്കുമെന്നും മുന്നറിയിപ്പ്‌ നൽകി. ഇതോടെ അഞ്ച് മണിക്കൂറിനുള്ളിൽ, സംഘർഷം ഒഴിവായി. സംഘർഷം പുനരാരംഭിച്ചാൽ താൻ നിർത്തിക്കും –ട്രംപ്‌ പറഞ്ഞു.


ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ ചുമത്തിയത്‌ പ്രാബല്യത്തിന്‌ വരുന്നതിന്‌ മണിക്കൂറുകൾക്ക് മുമ്പാണ് ട്രംപിന്റെ അവകാശവാദം. സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന ട്രംപിന്റെ അവകാശവാദം ശരിയല്ലെന്നാണ്‌ ഇന്ത്യയുടെ നിലപാട്‌.




deshabhimani section

Related News

View More
0 comments
Sort by

Home