റിയാക്‌ടറുകള്‍ വാങ്ങിക്കൂട്ടും ; ട്രംപിനെ പ്രീതിപ്പെടുത്താൻ മോദി സർക്കാർ

എം പ്രശാന്ത്
Published on Sep 25, 2025, 03:59 AM | 1 min read
ന്യൂഡൽഹി
ട്രംപ് ഭരണകൂടം അടിച്ചേൽപ്പിച്ച 50 ശതമാനം പ്രതികാര തീരുവയ്‌ക്ക് മുന്നിൽ പൂർണമായും കീഴടങ്ങിയ മോദി സർക്കാർ അമേരിക്കൻ താൽപ്പര്യങ്ങൾക്ക് കീഴ്പ്പെടുന്ന തീരുമാനങ്ങളിലേക്ക് അതിവേഗം നീങ്ങുന്നു. അമേരിക്കയുമായി ഏതുവിധേനയും വ്യാപാരകരാറിൽ എത്തിച്ചേരുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം മുന്നോട്ടുവയ്‌ക്കുന്ന നിർദേശങ്ങളെല്ലാം ഒന്നൊന്നായി അംഗീകരിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ.
ആദ്യപടിയായി ആണവോർജ മേഖലയിലെ അമേരിക്കൻ കുത്തകകളിൽനിന്ന് ആണവ റിയാക്‌ടറുകൾ വലിയതോതിൽ ഇന്ത്യ വാങ്ങിക്കൂട്ടും. എൻടിപിസി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ മുൻനിർത്തിയാണ് റിയാക്‌ടർ കച്ചവടം. നിലവിൽ 8.8 ജിഗാവാട്ടുള്ള ആണവോർജ ഉൽപ്പാദനം 2047 ഓടെ നൂറ് ജിഗാവാട്ടായി ഉയർത്താൻ സർക്കാർ ലക്ഷ്യമിട്ടിട്ടുണ്ട്. ഇതിനായി, പ്രതിവർഷം 4.4 ജിഗാവാട്ട് വീതം ആണവോർജ ഉൽപ്പാദനം വർധിപ്പിക്കേണ്ടതുണ്ട്. അതിൽ മൂന്നിലൊന്നും എൻടിപിസി ഉൽപ്പാദിപ്പിക്കണമെന്ന ലക്ഷ്യമാണ് സർക്കാർ മുന്നോട്ടുവയ്‌ക്കുന്നത്. ഇതിന്റെ ഭാഗമായി ആണവറിയാക്ടറുകൾ വാങ്ങുന്നതിന് അനുമതിതേടി എൻടിപിസി കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുണ്ട്. എൻടിപിസിക്ക് സർക്കാരിന്റെ അനുമതി ലഭിച്ചാൽ ഏറ്റവും ഗുണം ലഭിക്കുക യുഎസ് ആണവകമ്പനികൾക്കാണ്.
ബാങ്കിങ് മേഖലയിൽ കൂടുതൽ എഫ്‌ഡിഐ
പൊതുമേഖല ബാങ്കുകളിൽ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണത്തിൽ ഭേദഗതി കൊണ്ടുവരാനും കേന്ദ്രം നീക്കമാരംഭിച്ചിട്ടുണ്ട്. യുഎസുമായുള്ള വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇൗ നീക്കമെന്നതും ശ്രദ്ധേയം.
നിലവിൽ 20 ശതമാനമാണ് പൊതുമേഖലാ ബാങ്കുകളിലെ എഫ്‌ഡിഐ പരിധി. ഇത് 49 ശതമാനം വരെയാക്കി ഉയർത്തുന്നതിനുള്ള ചർച്ചകൾക്ക് തുടക്കമായിട്ടുണ്ട്. 51 ശതമാനം സർക്കാർ ഓഹരിയായി തുടരും. എന്നാൽ എഫ്‌ഡിഐ പരിധി ഇരട്ടിയിലേറെയായി വർധിക്കുന്നതോടെ ബാങ്കിന്റെ ഭരണ നിയന്ത്രണത്തിലും മറ്റും മാറ്റം വരാമെന്നാണ് വിലയിരുത്തൽ.









0 comments