ഞാനും ട്രംപും ഒരുപോലെ : മോദി

ന്യൂഡൽഹി : അമേരിക്കൻ പോഡ്‌കാസ്റ്ററുമായുള്ള അഭിമുഖത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് തികഞ്ഞ വിധേയത്വം പുലർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഞാനും ട്രംപും ഒരു പോലെയാണെന്നും ഞങ്ങൾ രാജ്യത്തിനാണ് ആദ്യ പരിഗണന നൽകുന്നതെന്നും’ പോഡ്‌കാസ്റ്റർ ലെക്‌സ് ഫ്രിഡ്‌മാനുമായുള്ള അഭിമുഖത്തിൽ മോദി പറഞ്ഞു. ഡോണൾഡ് ട്രംപ് അധികാരമേറ്റ ശേഷം ഇന്ത്യയോടും ഇന്ത്യക്കാരോടും ചെയ്‌ത കടുംകൈകൾ ശരിവയ്‌ക്കുംവിധമുള്ള വാഴ്‌ത്തലുകളാണ് മോദി നടത്തിയത്.
ട്രംപ് വൈറ്റ്‌ഹൗസിൽ എത്തിയതിന് പിന്നാലെ നൂറുകണക്കിന് ഇന്ത്യക്കാരെ അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി കൈകാലുകൾ ബന്ധിച്ച് സൈനിക വിമാനങ്ങളിൽ നടതള്ളി. അമേരിക്കൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവകൾ ഉടൻ വെട്ടിക്കുറച്ചില്ലെങ്കിൽ പകരംതീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതെല്ലാം മറന്നാണ് ട്രംപിന്റെ ധൈര്യവും നിശ്ചയദാർഢ്യവും തന്നെ ആകർഷിച്ചെന്നും തനിക്കും ട്രംപിനും ഇടയിൽ ‘നല്ല കണക്‌ഷൻ’ ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞത്. മോദിയുടെ പോഡ്‌കാസ്റ്റ് ട്രംപ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചു.
യുഎൻ ഉൾപ്പടെയുള്ള അന്താരാഷ്ട്ര സംഘടനകൾ തികച്ചും അപ്രസക്തമായെന്ന പരാമർശവും അഭിമുഖത്തിൽ പ്രധാനമന്ത്രിയിൽ നിന്നുണ്ടായി.









0 comments