മണിപ്പുരില്‍ ഷോ ; 27 മാസത്തിനുശേഷം പ്രധാനമന്ത്രി എത്തി


എം അഖിൽ
Published on Sep 14, 2025, 03:41 AM | 1 min read
ന്യൂഡൽഹി
കലാപത്തീയിൽ ഉരുകുന്ന മണിപ്പുരിലേക്ക് രണ്ടേകാൽ വർഷത്തിനുശേഷമെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു– ‘നിങ്ങളോടൊപ്പം ഉണ്ടാകും’! പരിഹാസ്യമായ പ്രഖ്യാപനം സന്ദർശനത്തിനിടെ കുക്കി സ്വാധീനമേഖലയായ ചുരാചന്ദ്‌പുരിലും മെയ്‌ത്തീ മേഖലയായ ഇംഫാലിലുമെത്തിയ മോദി സമാധാനം പുനഃസ്ഥാപിക്കാനും ഇരകളുടെ കണ്ണീരൊപ്പാനും ഒന്നും ചെയ്‌തില്ല. രണ്ടിടത്തും ചില പദ്ധതികളുടെ ഉദ്‌ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ചു മടങ്ങി. ഇംഫാലിൽ വലിയ പ്രതിഷേധപ്രകടനം നടന്നു. മോദി ഗോ ബാക്ക് മുദ്രാവാക്യം പ്രതിഷേധത്തിൽ ഉയര്‍ന്നു. സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഒരിടപെടലും ഉണ്ടാകുന്നില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
ശനി പകൽ ഇംഫാലിലെത്തിയ പ്രധാനമന്ത്രി കനത്തമഴ കാരണം ഹെലികോപ്‌റ്റർ ഒഴിവാക്കി റോഡുമാർഗമാണ് ചുരാചന്ദ്‌പുരിൽ എത്തിയത്. കലാപബാധിത മേഖലകളിലെ ചില കുടുംബങ്ങളുമായി പീസ് ഗ്രൗണ്ടിൽവച്ച് സംസാരിച്ചു. വർഷങ്ങളായി ദുരിതത്തിലും ആശങ്കയിലുമാണെന്ന് കുടുംബങ്ങൾ പരാതിപ്പെട്ടു. പൊതുയോഗത്തിൽ സംസാരിച്ച മോദി ‘മണിപ്പുരിന്റെ വാതിലിൽ പുതിയ പ്രഭാതം മുട്ടിവിളിക്കുകയാണെന്ന്’ പറഞ്ഞു.
മണിപ്പുർ ജനതയും എല്ലാ സംഘടനകളും സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങണം. കഴിഞ്ഞ 11 വർഷത്തിനിടെ വടക്കുകിഴക്കൻ മേഖലയിലെ സംഘർഷങ്ങൾ ഇല്ലാതാക്കാൻ വലിയ നടപടി ഉണ്ടായെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
250ലേറെ പേർ കൊല്ലപ്പെടുകയും 60,000ത്തിലേറെ പേർ അഭയാർഥികളാകുകയും ചെയ്‌ത മണിപ്പുരിൽ 27 മാസത്തിനുശേഷമാണ് പ്രധാനമന്ത്രി കാലുകുത്തുന്നത്. നിലവിൽ രാഷ്ട്രപതിഭരണത്തിലുള്ള മണിപ്പുരിൽ ഇപ്പോഴും ക്രമസമാധാനം സാധാരണനിലയിലായിട്ടില്ല. സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് നീതി ലഭിച്ചിട്ടില്ല. കുക്കി, മെയ്‌ത്തീ വിഭാഗക്കാർ ശത്രുക്കളെപ്പോലെ കഴിയുന്നു. തീവ്രവാദസംഘങ്ങൾ സർക്കാർ ആയുധശാലകളിൽനിന്നു കടത്തിയ ആയുധങ്ങളിൽ ഭൂരിഭാഗവും തിരിച്ചെത്തിയിട്ടില്ല.









0 comments