കാർഷിക വിപണി തുറന്നിടാൻ മോദി

modi trump deal
വെബ് ഡെസ്ക്

Published on Sep 16, 2025, 12:49 AM | 2 min read

ന്യ‍ൂഡൽഹി: അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനെ പ്രീണിപ്പിക്കാൻ രാജ്യത്തെ കർഷകരുടെയും ക്ഷീരകർഷകരുടെയും താൽപ്പര്യങ്ങൾ ബലികഴിക്കാനൊരുങ്ങി മോദി സർക്കാർ. അമേരിക്കയിൽ നിന്നുള്ള ചോളത്തിനും ക്ഷീരോൽപന്നങ്ങൾക്കും വിപണി തുറന്നിടാൻ നീക്കം. യുഎസുമായുള്ള സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് വാണിജ്യ മന്ത്രി പീയുഷ്‌ ഗോയൽ പങ്കെടുക്കുന്ന യോഗത്തിൽ തീരുമാനമുണ്ടാകും. ട്രംപിന്റെ ക്ഷണപ്രകാരം യോഗത്തിൽ പങ്കെടുക്കാൻ ഗോയൽ ഇ‍ൗ മാസം അമേരിക്കയിലേക്ക് തിരിക്കും. അമേരിക്കൻ ഉൽപ്പന്നങ്ങൾക്കായി ഇന്ത്യൻ വിപണി തുറന്നിടണമെന്നാണ്‌ യുഎസ്‌ ആവശ്യം. എന്നാൽ അഞ്ച്‌ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ അത്തരമൊരു തീരുമാനം ആത്മഹത്യാപരമാകുമെന്ന ഭയത്തിലാണ്‌ മോദി മടിച്ചുനിൽക്കുന്നത്‌.


അതേസമയം, തങ്ങളുടെ കൈയിൽനിന്ന്‌ ചോളം വാങ്ങിയില്ലെങ്കിൽ അമേരിക്കൻ വിപണിയിലേക്കുള്ള പ്രവേശനം ഇന്ത്യക്ക്‌ നഷ്‌ടപ്പെടുമെന്നാണ്‌ യുഎസ്‌ വാണിജ്യ സെക്രട്ടറി ഹൊവാർഡ്‌ ലുട്‌നികിന്റെ ഭീഷണി. 140 കോടി ജനങ്ങൾ രാജ്യത്തുണ്ടെന്ന്‌ ഇന്ത്യ വീന്പിളക്കുന്നു. എന്നിട്ടും എന്തുകൊണ്ടാണ്‌ അവർ ഒരുതരി ചോളം പോലും അമേരിക്കയിൽനിന്ന്‌ വാങ്ങാത്തത്‌. യുഎസ് പറയുന്നത്‌ അംഗീകരിച്ചില്ലെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവുമായി കച്ചവടം ചെയ്യാൻ ഇന്ത്യക്ക്‌ ബുദ്ധിമുട്ടാകും –അഭിമുഖത്തിൽ രോഷാകുലനായി ലുട്‌നിക്‌ പറഞ്ഞു.


ആന്ധ്രയിലെ 
ചെമ്മീൻ കയറ്റുമതി 
മേഖലയ്‌ക്ക്‌ നഷ്‌ടം 25,000 കോടി


അമരാവതി: 50 ശതമാനം അധികതീരുവ ആന്ധ്രപ്രദേശിലെ ചെമ്മീൻ കയറ്റുമതി മേഖലയ്‌ക്ക്‌ വൻ പ്രഹരമാകും. 25000 കോടിയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. 50 ശതമാനത്തോളം കയറ്റുമതി ഓഡർ റദ്ദായി. കയറ്റി അയച്ച 2000 കണ്ടെയ്നറുകൾക്കുമേൽ 600 കോടിയോളം രൂപയുടെ തീരുവ ബാധ്യതയാണ് ഉണ്ടായതെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.രാജ്യത്തെ ചെമ്മീൻ കയറ്റുമതിയിലെ 80 ശതമാനവും സമുദ്രോൽപ്പന്ന കയറ്റുമതിയുടെ 34 ശതമാനവും ആന്ധ്രയിൽനിന്നാണ്.


യുഎസ്‌ സംഘം എത്തി; ഇന്ന് ചർച്ച


ന്യ‍ൂഡൽഹി: അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ പ്രതികാര തീരുവ യുദ്ധത്തെത്തുടർന്ന്‌ മരവിച്ചിരുന്ന ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾക്കായി യുഎസ്‌ സംഘം ഇന്ത്യയിൽ. ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള അമേരിക്കയുടെ വ്യാപാര പ്രതിനിധി ബ്രൻഡൺ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇന്ത്യയിലെത്തിയത്‌.


ഇന്ത്യയുടെ വാണിജ്യ വിഭാഗം പ്രത്യേക സെക്രട്ടറി രാകേഷ്‌ അഗർവാളുമായി സംഘം ഇന്ന്‌ കൂടിക്കാഴ്‌ച നടത്തും. ഇന്ത്യയ്‌ക്കുമേൽ ട്രംപ്‌ 50 ശതമാനം തീരുവ ചുമത്തിയ സാഹചര്യത്തിൽ മുടങ്ങിക്കിടന്ന ആറാം ഘട്ട ചർച്ചയ്‌ക്കായാണ്‌ യുഎസ്‌ സംഘത്തിന്റെ വരവെന്നാണ് റിപ്പോർട്ട്.


ചുങ്ക ഭീഷണി തിരിച്ചടി ഉണ്ടാകുമെന്ന് ചൈനയുടെ മുന്നറിയിപ്പ്


ബീജിങ്‌: റഷ്യൻഎണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കുമേൽ അധികചുങ്കം ചുമത്തണമെന്ന ജി7, നാറ്റോ രാജ്യങ്ങളോടുള്ള അമേരിക്കയുടെ ആഹ്വാനത്തിനെതിരെ ശക്തമായി പ്രതികരിച്ച്‌ ചൈന. ഏകപക്ഷീയമായ ഭീഷണിപ്പെടുത്തലിന്റെയും സാമ്പത്തിക ബലപ്രയോഗത്തിന്റെയും രീതിക്ക്‌ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ചൈന മുന്നറിയിപ്പുനൽകി. റഷ്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള ചൈനയുടെ സാമ്പത്തിക, ഊർജ്ജ സഹകരണം നിയമാനുസൃതവും അപവാദത്തിന് അതീതവുമാണെന്ന് ചൈനീസ് വിദേശമന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു. അമേരിക്കയുടെ നീക്കം അന്താരാഷ്ട്ര വ്യാപാരനിയമങ്ങളെ ദുർബലപ്പെടുത്തുകയും ആഗോള വ്യാവസായിക, വിതരണ ശൃംഖലകളുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുകയും ചെയ്യുമെന്ന്‌ ലിൻ പറഞ്ഞു. വ്യാപാരചർച്ചകളുടെ രണ്ടാംദിവസം ചൈനീസ്, അമേരിക്കൻ പ്രതിനിധികൾ സ്പെയിനിൽ യോഗം ചേരവേയാണ്‌ ചൈനയുടെ പ്രതികരണം



deshabhimani section

Related News

View More
0 comments
Sort by

Home