ട്രംപിന്റെയും അനുയായികളുടെയും അധിക്ഷേപം കണ്ടില്ലെന്ന് നടിക്കും , ട്രംപിന് ഇഷ്ടമല്ലാത്ത കാര്യങ്ങളെല്ലാം ഒഴിവാക്കും
കാലുപിടിക്കാൻ മോദി ; ട്രംപിന്റെ ആക്ഷേപങ്ങൾക്ക് മറുപടിയില്ല

ന്യൂഡൽഹി
ഇന്ത്യയുടെ ആത്മാഭിമാനം വ്രണപ്പെടുത്തി അമ്പതുശതമാനം പ്രതികാരച്ചുങ്കം അടിച്ചേല്‍പ്പിച്ചിട്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രീതി പിടിച്ചുപറ്റാനായി തലകുനിക്കാൻ മോദി സർക്കാര്‍. യുഎസ് താൽപര്യങ്ങൾക്ക് മുൻതൂക്കമുള്ള വ്യാപാരകരാരിന്റെ ആദ്യഘട്ടം ഉടൻ യാഥാർഥ്യമാക്കാനാണ് ശ്രമം. ട്രംപിന്റെയും അനുയായികളുടെയും അധിക്ഷേപ പരാമർശങ്ങൾ കണ്ടില്ലെന്നു നടിക്കുക, ട്രംപിന് അതൃപ്‌തിയുണ്ടാക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക, ഇന്ത്യ–പാക് വെടിനിർത്തലില്‍ ട്രംപിന്റെ ഇടപെടല്‍ പൂർണമായും തള്ളാതിരിക്കുക തുടങ്ങി അടവുകള്‍ പയറ്റാനാണ് കേന്ദ്രതീരുമാനം.
അമേരിക്കയുടെ ‘തീരുവപ്രതികാര’ത്തിൽ അടിപതറി ചൈനയുമായും റഷ്യയുമായും ഉണ്ടാക്കിയ ധാരണയെ പ്രതികൂലമായി ബാധിക്കുംവിധം അമേരിക്കൻ വിധേയത്വം തുടരാനാണ് മോദിയുടെ നീക്കം. ഇതിന്റെ ഭാഗമായാണ് മോദിയെ പ്രശംസിച്ച ട്രംപിനോട് തിടുക്കത്തിൽ പ്രതികരിച്ചതെന്ന് കരുതുന്നു. ട്രംപിന്റെ വാക്കുകളെ അങ്ങേയറ്റം വിലമതിക്കുന്നുവെന്നും അദ്ദേഹത്തിന്റെ വികാരം പങ്കിടുന്നുവെന്നും മോദി പറഞ്ഞു.
ഇന്ത്യ ചത്ത സന്പദ്‌വ്യവസ്ഥയാണെന്നും പാക്കിസ്ഥാനുമായുണ്ടായ സംഘർഷം അവസാനിപ്പിച്ചത് താനാണെന്നും പറഞ്ഞ് അപമാനിച്ചിട്ടും മിണ്ടാതിരുന്ന മോദിയാണ് മുഖസ്തുതിക്കു മുന്നിൽ ചാടിവീണത്. ട്രംപിന്റെ ഭാഗത്ത് നിന്നും ഒരുവാക്ക് കേൾക്കാൻ മോദി കാത്തുനിൽക്കുകയായിരുന്നുവെന്ന് തോന്നും വിധമായിരുന്നു പ്രതികരണം.
ട്രംപിന്റെ പ്രശംസകളെയും അഭിനന്ദങ്ങളെയും മുഖവിലയ്‌ക്ക് എടുക്കാൻ കഴിയില്ലെന്ന മുൻഅനുഭവങ്ങളും മോദി മറന്നു. എന്നാൽ, മോദി അധികാരത്തിലെത്തിയ ശേഷം അമേരിക്കയുമായി ഉണ്ടാക്കിയ ‘ബന്ധം’ നഷ്ടപ്പെടുത്താന്‍ കേന്ദ്രസർക്കാരിന് താൽപര്യമില്ലെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. ട്രംപിന്റെ ‘പോസിറ്റീവ് നീക്കങ്ങളോട്’ അതേരീതിയിൽ പ്രതികരിച്ച് ഘട്ടംഘട്ടമായി ബന്ധം മെച്ചപ്പെടുത്താമെന്ന കണക്കുകൂട്ടലാണ് മോദിക്ക്.
ഐടി പുറംപണി തടയാനും നീക്കം
അമേരിക്കയിലുള്ള ഐടി കമ്പനികള്‍ ഇന്ത്യയിലെ കമ്പനികള്‍ക്ക് പുറംജോലി കരാറുകള്‍ നല്‍കുന്നത് പൂര്‍ണമായി തടയാന്‍ ട്രംപ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ട്രംപിന്റെ അടുത്ത അനുയായി ലോറ ലൂമറാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. "യുഎസ് ഐടി കമ്പനികൾ അവരുടെ ജോലി ഇന്ത്യൻ കമ്പനികൾക്ക് പുറംകരാർ നൽകുന്നത് തടയുന്നകാര്യം പ്രസിഡന്റ് ട്രംപ് പരിഗണിക്കുന്നു. ഇംഗ്ലീഷിനായി നിങ്ങൾ ഇനി 2 അമർത്തേണ്ടതില്ല. കോൾ സെന്ററുകളെ വീണ്ടും അമേരിക്കൻ ആക്കൂ!’ അവര്‍ എക്‌സിൽ കുറിച്ചു.
അമേരിക്കയിലേക്കുള്ള സോഫ്റ്റ്‌വെയർ കയറ്റുമതിയിൽ താരിഫ് ചുമത്താൻ ട്രംപ് ആലോചിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തിലുള്ള ഏതു നീക്കവും ഇന്ത്യന്‍ ഐടിമേഖലയെ സാരമായി ബാധിക്കും. ടിസിഎസ്, ഇൻഫോസിസ്, എച്ച്‌സിഎൽടെക്, വിപ്രോ തുടങ്ങിയ പ്രധാന ഇന്ത്യന്‍ ഐടി കമ്പനികളുടെ വരുമാനത്തിന്റെ 60ശതമാനത്തില്‍ അധികവും അമേരിക്കയില്‍നിന്നാണ്. എല്ലാ പുറംകരാർ ജോലിക്കും താരിഫ് ബാധകമാക്കണമെന്ന് ട്രംപിന്റെ വാണിജ്യ ഉപദേഷ്ടാവായ പീറ്റർ നവാരോ എക്സില്‍ പങ്കിട്ടതും ആശങ്ക പരത്തുന്നു.









0 comments