വെടിനിർത്തലിൽ യുഎസ് ഇടപെടൽ ; ഉത്തരമില്ലാതെ മോദി

എം പ്രശാന്ത്
Published on May 14, 2025, 03:39 AM | 1 min read
ന്യൂഡൽഹി
പാകിസ്ഥാനുമായുള്ള വെടിനിർത്തൽ പ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ രണ്ട് പ്രസംഗങ്ങളിലും അമേരിക്കയുടെ ഇടപെടലിനെക്കുറിച്ച് പരാമർശമില്ല. തിങ്കളാഴ്‌ച രാഷ്‌ട്രത്തോടുള്ള അഭിസംബോധനയിലും ചൊവ്വാഴ്‌ച ആദംപുർ വ്യോമതാവളത്തിൽ സൈനികരോടായി നടത്തിയ പ്രസംഗത്തിലും വെടിനിർത്തലിൽ അമേരിക്കയ്‌ക്കുള്ള പങ്കിനെക്കുറിച്ച് മിണ്ടിയില്ല. അമേരിക്കൻ ഇടപെടലിൽ ആണവയുദ്ധം ഒഴിവായെന്നും വെടിനിർത്തലിന് വ്യാപാരതാൽപ്പര്യങ്ങളും കാരണമായെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു മോദിയുടെ അഭിസംബോധന. എന്നിട്ടും ‘അടുത്ത സുഹൃത്തായ’ ട്രംപ് പറഞ്ഞതിനോട് പ്രതികരിച്ചില്ല.
വ്യാപാരബന്ധം ചർച്ചയായില്ലെന്നും കശ്‌മീരിൽ മൂന്നാംകക്ഷി ഇടപെടൽ അനുവദിക്കില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ചൊവ്വാഴ്‌ച പറഞ്ഞെങ്കിലും ട്രംപിന്റെ മറ്റ് അവകാശവാദങ്ങളെ തള്ളിയിട്ടില്ല. മാത്രമല്ല മോദിയുമായും വിദേശമന്ത്രി എസ് ജയ്‌ശങ്കറുമായും സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലുമായും അമേരിക്കയുടെ വൈസ് പ്രസിഡന്റും വിദേശകാര്യ സെക്രട്ടറിയുമൊക്കെ ചർച്ച നടത്തിയിരുന്നുവെന്ന് ജയ്‌സ്വാൾ സ്ഥിരീകരിക്കുകയും ചെയ്‌തു. ആണവായുധം പ്രയോഗിക്കാൻ പാകിസ്ഥാൻ ആലോചിച്ചെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നാണ് ഇടപെട്ടതെന്നാണ് അമേരിക്കൻ വാദം. ഇത്തരമൊരു ആക്രമണം ഭയന്നാണോ വെടിനിർത്തലിന് സന്നദ്ധമായതെന്ന ചോദ്യവും ഉയരുന്നുണ്ട്.
പഹൽഗാം ആക്രമണത്തിന് ഇടയാക്കിയ സുരക്ഷാവീഴ്‌ച, അമേരിക്കയുടെ നിർദേശപ്രകാരമാണോ വെടിനിർത്തൽ, ട്രംപ് എങ്ങനെ വെടിനിർത്തൽ പ്രഖ്യാപിച്ചു തുടങ്ങിയ വിഷയങ്ങളിൽ വ്യക്തത വരുത്താൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനമോ അതല്ലെങ്കിൽ പ്രധാനമന്ത്രി പങ്കെടുത്തുള്ള സർവകക്ഷി യോഗമോ വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി അടക്കം പ്രതിപക്ഷ പാർടി നേതാക്കൾ ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പ്രതികരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.









0 comments