ബജ്‌റംഗ്‌ദള്‍ പ്രവർത്തകന്റെ കൊലപാതകം: ദക്ഷിണ കന്നടയിൽ സംഘപരിവാർ ബന്ദ്; ബസുകൾക്ക് നേരെ ആക്രമണം

മംഗളൂരു: മംഗളൂരുവിൽ ബജ്‌റംഗ്‌ദള്‍ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ദക്ഷിണ കന്നടയിൽ വെള്ളിയാഴ്ച സംഘപരിവാർ ബന്ദ്. നിരവധി കൊലപാതക കേസുകളിലെ പ്രതിയും ബജ്‌രംഗദളുകാരനുമായ സുഹാസ് ഷെട്ടിയെ വ്യാഴാഴ്ച രാത്രി ഒരു സംഘം വെട്ടി കൊലപെടുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദുത്വ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്.
വെള്ളിയാഴ്ച രാവിലെ ബന്ദനുകൂലികൾ ബജ്‌പെ, മുൽകി തുടങ്ങിയ സ്ഥലങ്ങളിൽ ബസുകൾക്ക് നേരെ കല്ലെറിഞ്ഞു. കടകളും മറ്റും തുറക്കരുത് എന്ന് ബന്ദനുകൂലികൾ ആവശ്യപ്പെട്ടു. മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ മെയ് ആറിന് വൈകുന്നേരം ആറ് മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടാതെ സംഘർഷം നിലനിൽക്കുന്ന ദക്ഷിണ കന്നടയിൽ അഞ്ചാം തീയതി വരെ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വ്യാഴാഴ്ച വൈകീട്ട് ബജ്പേ കിന്നി പദവ് ക്രോസിൽ വെച്ചാണ് ആളുകൾ നോക്കി നിൽക്കെ സുഹാസിനെ അക്രമികൾ വെട്ടി കൊലപെടുത്തിയത്. കാറിലും പിക് അപ്പ് വാനിലുമായി എത്തിയ ആറോളം അക്രമികളാണ് കൊലപാതകം നടത്തിയത്. 2022ൽ സുറത്കലിൽ തുണിക്കടയിൽ വെച്ച് ഇരുപത്തിമൂന്നുകാരനായ ഫാസിലിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് സുഹാസ്. കഴിഞ്ഞവർഷമാണ് ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടി സുഹാസ് ഉൾപ്പടെ മൂന്ന് പ്രതികൾ ജയിലിൽ നിന്നും പുറത്ത് ഇറങ്ങിയത്.









0 comments