മിഗ് സല്യൂട്ട്.. ഇന്ത്യൻ വ്യോമസേനയുടെ ഇതിഹാസ പോർവിമാനം മിഗ് 21 വിടവാങ്ങി

ചണ്ഡിഗഡ് വ്യോമസേന താവളത്തിൽ മിഗ് 21 വിമാനങ്ങളുടെ ഡീകമീഷൻ ചടങ്ങിൽനിന്ന് ഫോട്ടോ: പിടിഐ
ചണ്ഡിഗഡ്
ആറുപതിറ്റാണ്ട് ഇന്ത്യൻ വ്യോമസേനയുടെ കരുത്തായിരുന്ന ‘മിഗ് 21’ ഇതിഹാസ പോർവിമാനം വിടവാങ്ങി. വെള്ളിയാഴ്ച ചണ്ഡിഗഡിൽ നടന്ന ചടങ്ങിൽ മിഗ് 21 യുദ്ധവിമാനങ്ങൾ സേനയിൽനിന്ന് ഡീകമീഷൻ ചെയ്‌തു. വാട്ടർ സല്യൂട്ട് ഉൾപ്പെടെ നൽകി പ്രൗഢഗംഭീരമായ വിടവാങ്ങൽ ചടങ്ങാണ് ഒരുക്കിയത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, എയർ ചീഫ് മാർഷൽ എ പി സിങ് തുടങ്ങിയവർ പങ്കെടുത്തു.
മിഗ് 21 രാജ്യത്തിന്റെ അഭിമാനമാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. വ്യോമസേനയുടെ ആത്മവിശ്വാസത്തെ രൂപപ്പെടുത്തിയ വിമാനമാണ്. കേവലമൊരു വിമാനം മാത്രമല്ല, ഇന്ത്യയും റഷ്യയും തമ്മിലുള്ള ഗാഢബന്ധത്തിന്റെ തെളിവുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ‘മികോയെൻ ഗുരെവിച്ച് 21’ എന്ന മിഗ് 21 വിമാനം 1955ലാണ് സോവിയറ്റ് യൂണിയൻ വികസിപ്പിച്ചത്. 1963ൽ മിഗ് 21 എഫ്എൽ ഇന്ത്യ സ്വന്തമാക്കി. എഴുപതുകളുടെ അവസാനം മിഗ് 21ന്റെ മറ്റൊരു പതിപ്പായ ബിഐഎസും വാങ്ങി. തുടർന്ന് രണ്ടു വിഭാഗങ്ങളിലുമായി 874 മിഗ് 21 വിമാനങ്ങൾ വ്യോമസേനയ്ക്ക് ലഭിച്ചു.
റഷ്യൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിലും ഇന്ത്യ വിമാനം നിർമിച്ചു. കാർഗിലിൽ ഉൾപ്പെടെ പാകിസ്ഥാനെതിരായ യുദ്ധവിജയങ്ങളിൽ നിർണായക പങ്കുവഹിച്ചു. 2019 ബലാകോട്ട് ആക്രമണത്തിലും മിഗ് 21 കരുത്തായി. 2019ൽ ഇന്ത്യയെ ആക്രമിക്കാൻ ലക്ഷ്യമിട്ട് കശ്മീർ അതിർത്തി വഴി കടന്നുകയറിയ പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനത്തെ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ വെടിവച്ചു വീഴ്‌ത്തിയത് മിഗ് 21 ബൈസൺ ഉപയോഗിച്ചാണ്. ഒരുമാസംമുമ്പ് രാജസ്ഥാനിലെ ബിക്കാനിർ എയർഫോഴ്‌സ് സ്റ്റേഷനിൽ നിന്നാണ് മിഗ് 21 അവസാന ഫ്‌ളൈറ്റ് നടത്തിയത്. തദ്ദേശീയമായി നിർമിച്ച പുതുതലമുറ തേജസ് വിമാനങ്ങളാണ് മിഗിന് പകരമായി വ്യോമസേന ഉപയോഗിക്കുക.








0 comments