മധ്യപ്രദേശിലെ സർക്കാർ സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പിയത് നിലത്ത് പേപ്പറിൽ

ഭോപ്പാൽ: ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ സ്കൂൾ കുട്ടികളെ നിലത്തിരുത്തി പേപ്പറിൽ ഉച്ചഭക്ഷണം നൽകി. ഷിയോപൂർ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. കുട്ടികളെ നിലത്തിരുത്തി കടലാസ് കഷ്ണങ്ങളിൽ ഭക്ഷണം വിളമ്പി നൽകുന്ന വീഡിയോ പുറത്തുവന്നിരുന്നു. വിവാദമായതോടെ സ്‌കൂൾ പ്രിൻസിപ്പൽ ഭോഗറാം ധാക്കഡിനെ ജില്ലാ കലക്ടർ സസ്‌പെൻഡ് ചെയ്തു. സ്കൂളിൽ ഭക്ഷണം തയാറാക്കുന്ന സ്വയം സഹായ സംഘത്തിന്റെ കരാർ റദ്ദാക്കുകയും ചെയ്തു.
നവംബർ 6 നാണ് സംഭവം വീഡിയോ അടക്കം പുറത്തുവരുന്നത്. കുട്ടികൾ വരിവരിയായി നിലത്തിരിക്കുന്നതും അവർക്ക് മുന്നിൽ വച്ചിരിക്കുന്ന ചെറിയ പത്ര കഷ്ണങ്ങളിലേക്ക് ഒരു സ്ത്രീ ഭക്ഷണം വിളമ്പുന്നതും വീഡിയോയിൽ കാണാം. പ്രിൻസിപ്പലിന്റെയോ അധ്യാപകന്റെയോ മേൽനോട്ടമില്ലാതെയാണ് ഭക്ഷണം വിളമ്പുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ സംസ്ഥാനത്തും രാജ്യവ്യാപകമായും പ്രതിഷേധം ഉയർന്നു.
ആവശ്യമായ പോഷകാഹാരം നൽകുന്നതിനു വേണ്ടി പ്രധാനമന്ത്രി പോഷൺ ശക്തി നിർമ്മാൺ (പിഎം പോഷൺ) പദ്ധതി പ്രകാരം നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ ആളുകൾ ചോദ്യം ചെയ്തു. പാത്രങ്ങളുടെയും ജീവനക്കാരുടെയും കുറവ് മൂലമാണ് കുട്ടികള്‍ക്ക് പേപ്പറില്‍ ഭക്ഷണം നല്‍കിയതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. എന്നാൽ 20 വർഷത്തെ ഭരണംകൊണ്ട് കുട്ടികളുടെ പ്ലേറ്റുകൾ വരെ ബിജെപി മോഷ്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. രാജ്യത്തിന്റെ ഭാവിയെ പരിപോഷിപ്പിച്ചതിന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലജ്ജിക്കണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
കുട്ടികൾക്ക് നൽകുന്ന ഉച്ച ഭക്ഷണത്തിൽ പോലും കൃത്രിമം കാണിക്കുന്ന സർക്കാരുകൾ രാജ്യത്ത് നിലനിൽക്കുന്ന അത് കാലഘട്ടത്തിൽ തന്നെയാണ് സ്വാദിഷ്ടവും ആരോഗ്യകരവുമായ ഉച്ചഭക്ഷണം കേരളം നൽകുന്നത്. സംസ്ഥാനത്തെ ഉച്ചഭക്ഷണത്തിന്റെ മെനു അടുത്തിടെ പരിഷ്കരിച്ചിരുന്നു. കുട്ടികളുടെ അഭിപ്രായങ്ങൾക്കും ഇടം കൊടുത്തായിരുന്നു ഈ മാറ്റം. കേരളത്തിന്റെ ഉച്ചഭക്ഷണ പദ്ധതി രാജ്യത്തിന് തന്നെ മാതൃകയായിട്ടുണ്ട്.









0 comments