മണിപ്പുരിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധക്കാർ; സബ് കളക്ടറുടെ ഓഫീസ് കത്തിച്ചു

photo credit: pti
ഇംഫാൽ: മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട് സംഘപരിവാർ ബന്ധമുള്ള ആരംബായ് തെങ്കോൽ നേതാവ് അറസ്റ്റിലായതിനെ തുടർന്ന് സംസ്ഥാനത്ത് വ്യാപക അക്രമം. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധക്കാർ രാത്രി മുഴുവൻ പന്തം കൊളുത്തി പ്രകടനം നടത്തുകയും സർക്കാർ കെട്ടിടം കത്തിക്കുകയും സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടാവുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു.
ഇംഫാൽ വെസ്റ്റ് ജില്ലയിലെ ക്വാകിത്തേലിലും സിംഗ്ജമൈയിലും പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് നിരവധി തവണ കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇംഫാൽ ഈസ്റ്റ് ജില്ലയിലെ യാരിപോക് തുലിഹാളിലുള്ള സബ് ഡിവിഷണൽ കളക്ടർ (എസ്ഡിസി) ഓഫീസ് കത്തിച്ചതായും കെട്ടിടത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായും ഔദ്യോഗിക രേഖകൾ നശിച്ചതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബൽ, ബിഷ്ണുപൂർ, കാക്ചിംഗ് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
2023 ലെ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ടാണ് ആരംബായ് തെങ്കോൽ നേതാവിനെ സിബിഐ ഇംഫാൽ വിമാനത്താവളത്തിൽ വെച്ച് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. ഇയാളെക്കൂടാതെ മറ്റ് നാല് പേരെകൂടി അറസ്റ്റ് ചെയ്‌തിട്ടുണ്ട്. അവരുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
2023 മെയിൽ തുടങ്ങിയ കലാപത്തിൽ 260ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. കലാപം ആളിക്കത്തിക്കാൻ ബിജെപി മുഖ്യമന്ത്രി ബിരേൻ സിങ് ശ്രമിച്ചെന്ന് കുക്കി സംഘടനകൾ കുറ്റപ്പെടുത്തി. ഇതിനുതെളിവായി ബിരേൻ സിങ്ങിന്റെ ശബ്‌ദരേഖയും പുറത്തുവിട്ടിരുന്നു. ഇത് നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ ഘട്ടത്തിലാണ് ബിരേൻസിങ് രാജിവച്ചത്.









0 comments