ഇൻഡോർ സ്വദേശിയുടെ കൊലപാതകം: കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തി

ഷില്ലോങ് : മേഘാലയയിൽ മധ്യപ്രദേശ് ഇൻഡോർ സ്വദേശി രാജ രഘുവംശി കൊല്ലപ്പെട്ട സംഭവത്തിൽ കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തി. ആയുധത്തിന്റെ ഫോട്ടോയും പൊലീസ് പുറത്തുവിട്ടു. രാജിന്റെ ഭാര്യ സോനം, സുഹൃത്ത് രാജ് കുശ്വാഹ, വിശാൽ ചൗഹാൻ, ആകാശ് രജ്പുത്, ആനന്ദ് കുർമി എന്നിവരാണ് ഇതുവരെ കേസിൽ അറസ്റ്റിലായത്. വിശാലാണ് കത്തി ഉപയോഗിച്ച് ആദ്യം രാജയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുവാഹത്തി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് അക്രമികൾ കത്തി വാങ്ങിയതെന്നും പൊലീസ് പറഞ്ഞു.
മെയ് 23നാണ് മേഘാലയയിൽ ഹണിമൂണിനായി എത്തിയ മധ്യപ്രദേശ് ഇൻഡോർ സ്വദേശികളായ രാജ രഘുവംശിയെയും ഭാര്യ സോനത്തെയും കാണാതായത്. അന്വേഷണത്തിൽ ജൂൺ 2ന് രാജയുടെ മൃതദേഹം സൊഹ്‌റയിലെ വെള്ളച്ചാട്ടത്തിന് സമീപത്തെ ആഴത്തിലുള്ള മലയിടുക്കിൽ നിന്ന് കണ്ടെത്തി. സോനത്തിനായി തെരച്ചിൽ തുടരുന്നതിനിടെയാണ് യുപിയിലെ ഗാസിപൂരിൽ നിന്ന് സോനം പിടിയിലായത്. ഇതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരം പുറത്തുവന്നത്.
വാടക കൊലയാളികളുടെ സഹായത്തോടെയാണ് രാജയെ ഭാര്യ സോനം കൊലപ്പെടുത്തിയത്. രാജ് കുശ്വാഹ എന്നയാളുമായി സോനം പ്രണയത്തിലായിരുന്നുവെന്നും ഭർത്താവ് രാജിന്റെ കൊലപാതകം ആസൂത്രണം ചെയ്തതാണെന്നും വിവരങ്ങൾ പുറത്തുവന്നിരുന്നു. മധ്യപ്രദേശിൽ നിന്നുള്ള മൂന്ന് വാടക കൊലയാളികളെ ഉപയോഗിച്ചാണ് സോനം കൃത്യം നടത്തിയത്.
മേഘാലയയിലെത്തി നോൻഗ്രിയാറ്റ് ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിൽ നിന്ന് ചെക് ഔട്ട് ചെയ്ത് ഇറങ്ങിയതിനു തൊട്ടുപിന്നാലെയാണ് ദമ്പതികളെ കാണാതായത്. ഇവിടെ നിന്ന് 20 കിലോമീറ്റർ അകലെയുള്ള സ്ഥലത്തുനിന്നാണ് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്. വെയ്‌സാവോങ് വെള്ളച്ചാട്ടത്തിലേക്കുള്ള പാർക്കിങ് സ്ഥലത്തിന് താഴെയുള്ള ആഴത്തിലുള്ള ഒരു മലയിടുക്കിൽ പൊലീസ് ഡ്രോണിന്റെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ട്രാൻസ്പോർട്ട് ബിസിനസ് നടത്തുകയാണ് രാജ രഘുവംശിയും കുടുംബവും. മെയ് 11 നാണ് ഇവർ വിവാഹിതരായത്. തുടർന്ന് മെയ് 20 ന് മേഘാലയയിലേക്ക് പോയതായി ബന്ധുക്കൾ പറഞ്ഞു.
മേഘാലയയിൽ എത്തിയ ശേഷം വാടകയ്‌ക്കെടുത്ത സ്‌കൂട്ടറിൽ മെയ് 22 നാണ് ദമ്പതികൾ മൗലഖിയാത് ഗ്രാമത്തിലെത്തിയത്. ശേഷം നോംഗ്രിയാത് ഗ്രാമത്തിലെ പ്രശസ്തമായ ലിവിംഗ് റൂട്ട് ബ്രിഡ്ജുകൾ സന്ദർശിച്ച ദമ്പതികൾ രാത്രി അവിടെ താമസിച്ചതായാണ് വിവരം. പിറ്റേന്ന് പുലർച്ചെ ഹോംസ്റ്റേയിൽ നിന്ന് ഇറങ്ങിയെങ്കിലും പിന്നീട് ദമ്പതികളെ കാണാതാവുകയായിരുന്നു. മെയ് 24 ന് ഷില്ലോങ്ങിനും സൊഹ്‌റയ്ക്കും ഇടയിലുള്ള റോഡിലെ ഒരു കഫേയിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തുടർന്ന് ഗ്രാമീണരുടെ സഹായത്തോടെ തിരച്ചിൽ ആരംഭിച്ചു. കാണാതായി 17 ദിവസങ്ങൾക്ക് ശേഷമാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടാക്കി സോനത്തെ കണ്ടെത്തിയത്.
കൊലപാതകം നടത്താൻ ആദ്യം രാജ് കുശ്വാഹയും വാടകക്കൊലയാളികളും വിസമ്മതിച്ചെന്നും പിന്നീട് 15 ലക്ഷം ഓഫർ ചെയ്താണ് സോനം കൃത്യം നടത്തിയതെന്നും വിവരമുണ്ട്. സോനം തന്നെയാണ് ഇവർക്ക് മേഘാലയയിലേക്കുള്ള ടിക്കറ്റുകൾ ബുക് ചെയ്ത് നൽകിയതെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. ഈ ആരോപണങ്ങൾ അന്വേഷിച്ച് വരികയാണ്. സോനമാണ് മേഘാലയയിലേക്കുള്ള യാത്ര ആസൂത്രണം ചെയ്തതെന്നും വിവരമുണ്ട്. രഘുവംശിയെ കൊലപ്പെടുത്താൻ സോനം കൊലയാളികൾക്ക് വാഗ്ദാനം ചെയ്തത് 20 ലക്ഷം രൂപയെന്ന് വിവരം. മേഘാലയ പൊലീസ് വൃത്തങ്ങളിൽ നിന്നാണ് വിവരം. ആദ്യപടിയായി വാടകക്കൊലയാളികൾക്ക് സോനം 15,000 രൂപ കൈമാറിയെന്നും ഇത് രഘുവംശിയുടെ വാലറ്റിൽ നിന്ന് എടുത്ത പണമാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
രാജയെ കൊല്ലാൻ സോനം മുമ്പും ശ്രമിച്ചിരുന്നതായും നാലാമത്തെ ശ്രമത്തിലാണ് രാജ രഘുവംശി കൊല്ലപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഗുവാഹത്തിയിൽ വച്ചായിരുന്നു ആദ്യശ്രമം. തുടർന്ന് മേഘാലയയിലെ സൊഹ്‌റയിൽ വച്ച് മറ്റ് രണ്ട് ശ്രമങ്ങൾ കൂടി നടത്തി. ഇവയെല്ലാം പരാജയപ്പെട്ടതിനെത്തുടർന്ന് വീസാവോങ് വെള്ളച്ചാട്ടത്തിൽ വെച്ച് നാലാമത്തെ ശ്രമത്തിൽ കൊലപ്പെടുത്തുകയായിരുന്നു. രാജയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മലയിടുക്കിൽ തള്ളുകയായിരുന്നു. ഇൻഡോറിൽ വച്ചുതന്നെ രാജയെ കൊലപ്പെടുത്താനുള്ള പദ്ധതി തയാറാക്കിയിരുന്നു. തുടർന്ന് രാജും കൂട്ടാളികളും മുമ്പ് തന്നെ ഗുവാഹത്തിയിലെത്തി. എന്നാൽ അവിടെവച്ച് കൊലപ്പെടുത്താൻ സാധിച്ചില്ല. പിന്നീടാണ് മേഘാലയയിൽ വച്ച് കൊല നടത്തിയത്.









0 comments