മീററ്റ് കൊലപാതകം: ഭക്ഷണം വേണ്ട, മയക്കുമരുന്ന് മതിയെന്ന് പ്രതികൾ, ജയിലിൽ പ്രശ്നങ്ങളുണ്ടാക്കുന്നതായി പൊലീസ്

ലക്നൗ : ഉത്തർപ്രദേശിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾ ലഹരി ലഭിക്കാത്തതിനാൽ ജയിലിൽ പ്രശ്നങ്ങളുണ്ടാക്കുന്നതായി റിപ്പോർട്ട്. ഭക്ഷണം കഴിക്കാൻ ഇരുവരും തയാറാകുന്നില്ലെന്നും മയക്കുമരുന്ന് നൽകാനാണ് ആവശ്യപ്പെടുന്നതെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അടുത്തടുത്ത സെല്ലുകളിൽ പാർപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലീസ് ഇത് അനുവദിച്ചിട്ടില്ല.
നിലവിൽ മീററ്റ് ജില്ലാ ജയിലിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള പ്രത്യേക ബാരക്കുകളിലാണ് ഇരുവരെയും പാർപ്പിച്ചിരിക്കുന്നത്. ലഹരി ലഭിക്കാത്തതിനാലുള്ള വിത്ഡ്രോവൽ സിംപ്റ്റംസ് ഇരുവരും കാണിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മോർഫിൻ ഇൻജക്ഷൻ നൽകണമെന്നാണ് മുസ്കാൻ ആവശ്യപ്പെടുന്നത്. മരിജുവാനയടക്കമുള്ള ലഹരി വസ്തുക്കൾ നൽകണമെന്നാണ് സാഹിലിന്റെ ആവശ്യം.
ബ്രഹ്മപുരി ഇന്ദ്രനഗർ സ്വദേശിയായ സൗരഭ് രജ്പുതിന്റെ (29) കൊലപാതകത്തിലാണ് സൗരഭിന്റെ ഭാര്യ മുസ്കാൻ (27), സുഹൃത്ത് സാഹിൽ (25) എന്നിവർ പിടിയിലായത്. സൗരഭിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പതിനഞ്ചോളം കഷ്ണങ്ങളാക്കി വെള്ളം എത്തിക്കുന്ന വീപ്പയിൽ സിമന്റിട്ട് കോൺക്രീറ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റ് ചെയ്തതിനുപിന്നാലെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത മുസ്കാന്റെ ആരോഗ്യ നില ജയിലിൽ വച്ച് മോശമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുസ്കാൻ കടുത്ത ലഹരിക്ക് അടിമയാണെന്ന് കണ്ടെത്തിയത്. ലഹരി ലഭിക്കാത്തതിനെത്തുടർന്ന് സാഹിൽ ജയിലിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതിനാൽ ഇരുവരുടെയും സെല്ലുകളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇരുവരും സ്ഥിരമായി ലഹരി ഇൻജെക്ട് ചെയ്യുന്നവരാണെന്ന് പൊലീസ് പറഞ്ഞു.
മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭിനെ ഈ മാസം നാലിനാണ് പ്രതികൾ കൊലപ്പെടുത്തിയത്. കഴിഞ്ഞ മാസമാണ് സൗരഭ് നാട്ടിലെത്തിയത്. ഉറക്കഗുളിക ഭക്ഷണത്തിൽ കലർത്തി നൽകി മയക്കിയ ശേഷം മുസ്കാനും സാഹിലും സൗരഭിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം 15 കഷ്ണങ്ങളായി മുറിച്ചു. വെള്ളം എത്തിക്കാനുപയോഗിക്കുന്ന തരത്തിലുള്ള വലിയ വീപ്പയിൽ മൃതദേഹ ഭാഗങ്ങൾ സിമന്റിട്ട് മൂടി. തുടർന്ന് വീപ്പ സൗരഭിന്റെ വാടക ഫ്ലാറ്റിൽ ഉപേക്ഷിച്ച ശേഷം ഇരുവരും കടന്നുകളയുകയായിരുന്നു.
വീട്ടിൽ നിന്നും ദുർഗന്ധമുണ്ടായതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. 2016ലാണ് സൗരഭും മുസ്കാനും വിവാഹിതരായത്. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇരുവരും ഇന്ദ്രാനഗറിലെ വാടക ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഇവർക്ക് ഒരു മകളുണ്ട്. കൊലപാതകവിവരം പുറത്തറിയാതിരിക്കാനായി മുസ്കാൻ സൗരഭിന്റെ ഫോണിൽ നിന്ന് ബന്ധുക്കൾക്ക് മെസേജ് അയച്ചിരുന്നു. എന്നാൽ സൗരഭിനെ ഫോൺ ചെയ്തിട്ട് എടുക്കാഞ്ഞതിനെത്തുടർന്നാണ് ബന്ധുക്കൾ സംശയം തോന്നി പരാതി നൽകിയത്.









0 comments