ചർച്ചയും ഭീകരതയും ഒരുമിച്ച് പോവില്ല, ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പാകിസ്ഥാനെ തുർക്കി പ്രേരിപ്പിക്കണം: വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പാകിസ്ഥാനെ തുർക്കി പ്രേരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ. പതിറ്റാണ്ടുകളായി പാകിസ്ഥാനിൽ വളർന്നുവന്ന ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ തുർക്കി ശക്തമായ നിലപാടെടുക്കണമെന്നും ഇന്ത്യ അറിയിച്ചു. വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. പരസ്‌പരം പങ്കുവയ്‌ക്കുന്ന ആശങ്കളുടെ അടിസ്ഥാനത്തിലാണ് ബന്ധങ്ങൾ കെട്ടിപ്പെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാകിസ്ഥാൻ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളെ കുറിച്ചും രൺധീർ സൂചിപ്പിച്ചു. ചർച്ചയും ഭീകരതയും ഒരുമിച്ച് പോവില്ല. കുറച്ച് വർഷങ്ങൾ മുൻപ് തന്നെ ചില ഭീകരവാദികളുടെ പേര് വിവരങ്ങൾ ഇന്ത്യ പാകിസ്ഥാന് നൽകിയിരുന്നു. അതേ കുറിച്ചുള്ള ചർച്ചയ്‌ക്ക് ഇന്ത്യ തയ്യാറാണ്. പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ പ്രദേശം വിട്ടുപോകുമ്പോൾ മാത്രമായിരിക്കും ജമ്മു കശ്മീരിനെക്കുറിച്ചുള്ള ഏതൊരു ഉഭയകക്ഷി ചർച്ചയ്‌ക്കും രാജ്യം തയ്യാറാവുന്നത്. അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്ഥാൻ വിശ്വസനീയമാം വിധം ഉപേക്ഷിക്കുന്നതുവരെ സിന്ധു നദീജല ഉടമ്പടി നിലവിലുള്ളത് പോലെ തുടരും. പ്രധാനമന്ത്രി പറഞ്ഞതുപോലെ, ‘വെള്ളത്തിനും രക്തത്തിനും ഒരുമിച്ച് ഒഴുകാൻ കഴിയില്ലല്ലോ.’– രൺധീർ വ്യക്തമാക്കി.
പാകിസ്ഥാന്റെ അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങളെ കുറിച്ച് ചൈനയുമായി സംസാരിച്ചുവെന്നും രൺധീർ ജയ്‌സ്വാൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയുടെയും ചൈനയുടെയും വക്താക്കൾ 2025 മെയ് 10ന് വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടാവേണ്ട പരസ്‌പര വിശ്വാസം, ബഹുമാനം, ഉഭയകക്ഷി ബന്ധം എന്നിവയെ കുറിച്ച് ചൈന ബോധവാൻമാരാണെന്നും രൺധീർ പറഞ്ഞു.









0 comments