ഹിമാചലിൽ വീണ്ടും മണ്ണിടിച്ചിൽ; നാശനഷ്ടങ്ങൾ

himachal landslide
വെബ് ഡെസ്ക്

Published on Sep 06, 2025, 05:58 PM | 1 min read

സിംല : ഹിമാചൽ പ്രദേശിൽ വീണ്ടും മണ്ണിടിച്ചിൽ. സിർമൗർ ജില്ലയിലെ നൗഹ്രധർ പ്രദേശത്തെ ചൗക്കർ ഗ്രാമത്തിന് സമീപം ശനിയാഴ്ചയാണ് വൻ മണ്ണിടിച്ചിൽ ഉണ്ടായത്. ഏകദേശം 200 മീറ്ററോളം നീളത്തിൽ പ്രദേശത്തുള്ള കുന്നിന്റെ വലിയ ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. സംഭവം നടക്കുമ്പോൾ അഞ്ച് പേർ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും അവർ സുരക്ഷിതരാണെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. അഞ്ച് വീടുകൾ അപകടമേഖലയിലാണ്. മണ്ണിടിഞ്ഞ വഴിയിലുണ്ടായിരുന്ന മരങ്ങൾ ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.


കിന്നൗറിലെ നാഥ്പ അണക്കെട്ടിന് സമീപം ദേശീയ പാത 5 (എൻഎച്ച്-5) ലും‌‌‌‌ മണ്ണിടിച്ചിലുണ്ടായി. അണക്കെട്ടിലേക്ക് പാറകളും അവശിഷ്ടങ്ങളും ഇടിഞ്ഞുവീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് ​ഗതാ​ഗതം തടസപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് പതിവായി മണ്ണിടിച്ചിൽ ഉണ്ടാകുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിന്നൗർ ജില്ലയിൽ തുടർച്ചയായി മഴ പെയ്യുന്നത് തുടർന്നും മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്.


കാലവർഷത്തെത്തുടർന്ന് നിരവധി നാശനഷ്ടങ്ങളാണ് ഹിമാചലിലുണ്ടായത്. 300ലധികം പേർ മരിച്ചു. ഇതിൽ 190 പേർ മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, മുങ്ങിമരണങ്ങൾ, ഇടിമിന്നൽ തുടങ്ങിയ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിലും 161 പേർ റോഡപകടങ്ങളിലുമാണ് മരിച്ചതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എസ്ഡിഎംഎ) അറിയിച്ചു. സെപ്തംബർ 2 ന് വാങ്ടുവിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന അഞ്ച് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കാലവർഷക്കെടുതിയിൽ 3000 കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായി മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ് സുഖു വ്യക്തമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home