മുഹമ്മദ്‌ മസൂദ്‌ അസർ ആൽവി കൊടും ഭീകരൻ

masood azhar
വെബ് ഡെസ്ക്

Published on May 08, 2025, 01:30 AM | 2 min read

ന്യൂഡൽഹി :

കശ്‌മീർ കേന്ദ്രമാക്കി ഇന്ത്യക്കെതിരെ ഭീകരപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്ന കൊടുംഭീകരനാണ്‌ മസൂദ്‌ അസർ. പാകിസ്ഥാനിലെ പഞ്ചാബിലെ ബഹാവൽപുർ ആസ്ഥാനമായ ഭീകര സംഘടന ജയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനേതാവാണ്‌ ഈ അമ്പത്തിയാറുകാരൻ. ഇന്ത്യയുടെ തിരിച്ചടിയിൽ അസറിന്റെ ബന്ധുക്കളായ 10 പേർ കൊല്ലപ്പെട്ടതായാണ്‌ വിവരം.


2001ലെ പാർലമെന്റ് ആക്രമണം, 2008ലെ മുംബൈ ആക്രമണം, 2016ലെ പഠാൻകോട്ട് ആക്രമണം, 2019ലെ പുൽവാമ ആക്രമണം തുടങ്ങി ഇന്ത്യയിൽ നടന്നിട്ടുള്ള നിരവധി ഭീകരാക്രമണങ്ങളുടെ ഗൂഢാലോചനയിൽ പങ്കാളിയാണിയാൾ.


1968ൽ പാകിസ്ഥാനിലെ പഞ്ചാബ്‌ പ്രവിശ്യയിലെ ബഹാവൽപുരിൽ ജനനം. 2019ൽ യുഎൻ രക്ഷാസമിതി അന്താരാഷ്ട്ര ഭീകരരുടെ പട്ടികയിൽ മസൂദ് അസറിനെ ഉൾപ്പെടുത്തി. 1993ൽ ഹർകത്‌ ഉൽ അൻസാർ സ്ഥാപിച്ചു. 1998ൽ യുഎസിന്റെ സെൻട്രൽ ഇന്റലിജൻസ്‌ ഏജൻസി പുറത്തുവിട്ട റിപ്പോർട്ടുപ്രകാരം സംഘടന 1994 –-1998 കാലത്ത്‌ 13പേരെ തട്ടിക്കൊണ്ടുപോയതായി പറയുന്നു. 1994 ഫെബ്രുവരിയിൽ അനന്ത്‌നാഗിനടുത്തുള്ള ഖാനബാലിൽനിന്ന്‌ ഇന്ത്യ ഇയാളെ അറസ്റ്റു ചെയ്‌ത്‌ ജയിലിലടച്ചു. അസറിന്റെ മോചനത്തിന്‌ 1995ൽ കശ്‌മീരിൽനിന്ന്‌ ആറ്‌ വിനോദസഞ്ചാരികളെ തട്ടിക്കൊണ്ടുപോയി. 1999ൽ നേപ്പാളിലെ കാഠ്‌മണ്ഡുവിൽനിന്ന്‌ ഡൽഹിക്ക്‌ വരികയായിരുന്ന ഇന്ത്യൻ എയർലൈൻസിന്റെ വിമാനം 155 യാത്രക്കാരുമായി തട്ടിക്കൊണ്ടുപോയി. എ ബി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ അസറിനെ വിട്ടുകൊടുത്താണ്‌ യാത്രക്കാരെ മോചിപ്പിച്ചത്‌.


മോചനശേഷം ഹർകത്‌ ഉൽ അൻസാറിനെ അമേരിക്ക നിരോധിച്ച്‌ നിരോധിത ഭീകരസംഘടനകളുടെ പട്ടികയിൽ ചേർത്തു. ഇതിനുശേഷമാണ്‌ ജയ്‌ഷെ മുഹമ്മദ്‌ രൂപീകരിച്ചത്‌. 2002ൽ പാകിസ്ഥാൻ സംഘടനയെ നിരോധിച്ചു.


അസർ ആസൂത്രണംചെയ്ത ഭീകരാക്രമണങ്ങൾ


പാർലമെന്റ് ആക്രമണം 2001

2001 ഡിസംബർ 13ന്‌ ന്യൂഡൽഹിയിലെ ഇന്ത്യൻ പാർലമെന്റിനുനേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. പാകിസ്ഥാൻ ഭീകര സംഘടനകളായ ലഷ്‌കർ ഇ തായ്‌ബയും ജയ്‌ഷെ മുഹമ്മദുമാണ്‌ ആസൂത്രകർ. ഇതിന്റെ ഭാഗമായി 2001 ഡിസംബർ 29ന്‌ പാകിസ്ഥാൻ അസറിനെ തടങ്കലിൽ വച്ചു. 2002 ഡിസംമ്പർ 14ന്‌ വീട്ടുതടങ്കൽ അവസാനിപ്പിച്ചു.


മുംബൈ ആക്രമണം 2008

2008 ഡിസംബർ ഏഴിന്‌ മുബൈ ആക്രമണവുമായി ബന്ധപ്പെട്ട്‌ പാകിസ്ഥാൻ അറസ്റ്റുചെയ്‌തവരിൽ അസർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇല്ലെന്നുമുള്ള അവകാശവാദമുണ്ട്‌.


പഠാൻകോട്ട് ആക്രമണം 2016

2016ൽ പഠാൻകോട്ടിലെ ഇന്ത്യൻ വ്യോമത്താവളത്തിൽ നടന്ന ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ അസറായിരുന്നു. അയാളുടെ പങ്ക്‌ വ്യക്തമാക്കുന്ന തെളിവ്‌ അന്വേഷണ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്‌.


പുൽവാമ ആക്രമണം 2019

2019 ഫെബ്രുവരി 14ന്‌ ജമ്മു കശ്‌മീരിലെ പുൽവാമയിൽ ഒരു ചാവേർ ബോംബർ നടത്തിയ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ്‌ ജവാന്മാർ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദ്‌ ഏറ്റെടുത്തു.


ഇനി ദയ 
പ്രതീക്ഷിക്കേണ്ടെന്ന്‌ 
അസർ

പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയിൽ ജെയ്‌ഷെ മുഹമ്മദ്‌ തലവനായ ഭീകരൻ മസൂദ്‌ അസറിന്റെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹവൽപുരിലെ മര്‍ക്കസ് സുബഹാനള്ളയിൽ നടന്ന വ്യോമാക്രമണത്തിൽ മസൂദ്‌ അസറിന്റെ മൂത്ത സഹോദരി, ഭർത്താവ്‌, അനന്തരവൻ, അനന്തരവന്റെ ഭാര്യ, അനന്തരവൾ, അഞ്ച്‌ കുട്ടികൾ എന്നിവർ കൊല്ലപ്പെട്ടതായാണ്‌ റിപ്പോർട്ട്‌. അസറിന്റെ അടുത്ത നാല്‌ അനുയായികളും കൊല്ലപ്പെട്ടു.


ഇനി ആരും ദയ പ്രതീക്ഷിക്കേണ്ടെന്നും മസൂദ്‌ അസർ പ്രതികരിച്ചു. പശ്ചാത്താപമോ നിരാശയോ ഭീതിയോ ഇല്ലെന്നും അസർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. യുവാക്കളെ ഭീകരപ്രവർത്തനങ്ങൾക്ക്‌ പരിശീലനങ്ങൾ നൽകുന്നതും മര്‍ക്കസ് സുബഹാനള്ളയിലായിരുന്നു. മസൂദ്‌ അസറിന്‌ പുറമേ മുഫ്‌തി അബ്‌ദുൾ റൗഫ്‌ അസ്‌ഗർ, മൗലാനാ അമ്മർ തുടങ്ങിയ ഭീകരരും അവരുടെ കുടുംബങ്ങളും തങ്ങിയിരുന്നത്‌ ഇവിടെയാണ്‌. പഹൽഗാമിന്‌ തിരിച്ചടി നൽകാൻ തീരുമാനിച്ചപ്പോൾ ഇന്ത്യൻ സൈന്യത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു മർക്കസ്‌ സുഹ്‌ബാനള്ള.



deshabhimani section

Related News

View More
0 comments
Sort by

Home