ജാർഖണ്ഡിൽ ഏറ്റുമുട്ടൽ: രണ്ട് മാവോയിസ്റ്റുകളെ വധിച്ചു

പ്രതീകാത്മകചിത്രം. photo credit: X
റാഞ്ചി : ജാർഖണ്ഡിലെ ബൊക്കാറോയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ചു. നാരായണപുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബാൻസി വില്ലേജിനു സമീപം വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് തിരച്ചിൽ നടക്കുകയാണ്.
നിരവധി ആയുധങ്ങളും കണ്ടെടുത്തതായി സുരക്ഷാ സേന വ്യക്തമാക്കി. പ്രദേശത്ത് മാവോയിസ്റ്റുകളുണ്ടെന്ന് പൊലീസിന് ലഭിച്ച വിവരത്തെത്തുടർന്ന് സേനയും പൊലീസും സംയുക്തമായി തിരച്ചിൽ ആരംഭിച്ചിരുന്നു. തിരച്ചിലിനിടെയാണ് വെടിവയ്പ്പുണ്ടായത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം ഛത്തീസ്ഗഢ്-ഒഡിഷ അതിർത്തിയിൽ ഗരിയാബാദിലുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇരു സംസ്ഥാനങ്ങളിലേയും പൊലീസ്, ഛത്തീസ്ഗഡിലെ കോബ്ര കമാൻഡോകൾ, ഒഡിഷ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, സിആർപിഎഫ് എന്നീ സേനകൾ സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് മാവോവാദികൾ കൊല്ലപ്പെട്ടത്.
സെൽട്രൽ കമ്മിറ്റിയിലെ മുതിർന്ന അംഗവും മാവോവാദി നേതാവുമായ ചലപതി അടക്കമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ചലപതിയുടെ തലയ്ക്ക് ഒരുകോടി രൂപ സുരക്ഷാസേന വിലയിട്ടിരുന്നു. ജനുവരി 16ന് ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയുടെ തെക്കൻ ഭാഗത്തുള്ള വനത്തിൽ സംയുക്ത സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോവാദികൾ കൊല്ലപ്പെട്ടിരുന്നു. ജനുവരി 12, ഒമ്പത്, ആറ് തിയ്യതികളിലും എൻകൗണ്ടറുകളിൽ മാവോവാദികൾ കൊല്ലപ്പെട്ടിരുന്നു.









0 comments