ജാർഖണ്ഡിൽ ഏറ്റുമുട്ടൽ: മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു

റാഞ്ചി : ജാർഖണ്ഡിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഹസാരിബാഗ് ജില്ലയിൽ തിങ്കൾ പകലാണ് മാവോയിസ്റ്റുകളും സുരക്ഷാസേനയുമായി ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് നേതാവ് സഹ്ദേവ് സോറനും കൊല്ലപ്പെട്ടവരിലുണ്ട്. സോറന്റെ തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. സോറന്റെയും മറ്റ് രണ്ട് മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങൾ തിരച്ചിലിനിടെ കണ്ടെടുത്തതായി ജാർഖണ്ഡ് പൊലീസ് ഐജി (ഓപ്പറേഷൻസ്) മൈക്കൽ രാജ് എസ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഗോർഹാർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പന്തിത്രി വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. രഘുനാഥ് ഹെംബ്രാം എന്ന ചഞ്ചൽ, ബിർസെൻ ഗഞ്ച്ഹു എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് പേരെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. രഘുനാഥിന്റെ തലയ്ക്ക് 25 ലക്ഷം രൂപയും ഗഞ്ച്ഹുവിന്റെ തലയ്ക്ക് 10 ലക്ഷം രൂപയും ഇനാം പ്രഖ്യാപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
നിരവധി ആയുധങ്ങൾ കണ്ടെടുത്തതായും ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബൊക്കാറോ, ഗിരിദിഹ് ജില്ലകളുടെ അതിർത്തിയിലുള്ള പന്തിത്രി വനത്തിൽ കോബ്ര, ഹസാരിബാഗ്, ഗിരിദിഹ് പൊലീസ് ഉദ്യോഗസ്ഥർ സംയുക്തമായി ഓപ്പറേഷൻ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ജാർഖണ്ഡിൽ നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്. ഞായറാഴ്ച, ജാർഖണ്ഡിലെ പലാമു ജില്ലയിൽ സുരക്ഷാ സേനയുമായുള്ള വെടിവയ്പ്പിൽ ടിഎസ്പിസിയുടെ ഉപമേഖലാ കമാൻഡർ മുഖ്ദേവ് യാദവ് (40) എന്ന തൂഫാൻ ജി കൊല്ലപ്പെട്ടിരുന്നു.









0 comments