കേന്ദ്രത്തിന്റെ മണിപ്പുര്‍ ചർച്ച പ്രഹസനം

ന്യൂഡൽഹി : മണിപ്പുർ വിഷയം പരിഹരിക്കാൻ കേന്ദ്രം ആത്മാർഥത കാണിക്കുന്നില്ലെന്നും നടപടികൾ പ്രഹസനം മാത്രമാണെന്നും ഗോത്ര സംഘടനകൾ. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായുള്ള ചർച്ചയ്ക്ക് ശേഷമായിരുന്നു മണിപ്പുർ ഏകോപന സമിതിയായ കൊകോമിയുടെ പ്രസ്താവന. ‘ശനിയാഴ്‌ച നടന്ന ചർച്ചയെ ഒരു പ്രതീകാത്മക നടപടി എന്നുമാത്രമാണ് വിശേഷിപ്പിക്കാനാവുക. മെയ്‌ത്തീ, കുക്കി വിഭാഗങ്ങളിൽനിന്ന് വിരലിലെണ്ണാവുന്ന പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്. വീണ്ടും വീണ്ടും പ്രശ്‌നപരിഹാരത്തിന്റെ മുഖംമൂടി അണിയുകയാണ് കേന്ദ്രസർക്കാർ ’ –- പ്രസ്താവനയിൽ പറഞ്ഞു.
ലോക്സഭയിൽ ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തുമെന്ന അമിത്ഷായുടെ പ്രസ്താവനയെ സാധൂകരിക്കാനുള്ള തന്ത്രം മാത്രമായിരുന്നു ചർച്ചയെന്ന് മെയ്ത്തീ സംഘടനകളും പ്രതികരിച്ചു. മെയ്ത്തീ സംഘടനകളിൽനിന്ന് ആറുപേരും കുക്കി സംഘടനകളിൽനിന്ന് ഒമ്പത് പേരുമാണ് ചർച്ചയിൽ പങ്കെടുത്തത്. ഇന്റലിജൻസ് ബ്യൂറോയിൽ നിന്ന് വിരമിച്ച സ്‌പെഷ്യൽ ഡയറക്ടർ എ കെ മിശ്ര ഉൾപ്പെടെയുള്ളവരാണ് കേന്ദ്രസർക്കാരിനുവേണ്ടി ചർച്ചയിൽ പങ്കെടുത്തത്.
വീണ്ടും സംഘര്‍ഷം
സമാധാനശ്രമങ്ങള്‍ക്കിടെ മണിപ്പുരിൽ വീണ്ടും സംഘര്‍ഷം. കാങ്പോക്പി ജില്ലയിലെ കോൺസാക്കുൽ ഗ്രാമത്തിൽ നാഗ ഗോത്രവിഭാഗം നേതാക്കളടക്കമുള്ളവരെ സായുധരായ സംഘം ആക്രമിച്ചു. എട്ടോളം ഗ്രാമീണര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഗ്രാമത്തലവന്‍ ഐംസൺ അബോൺമൈ(65), ചെയര്‍മാന്‍ ഡി ആദം (40) എന്നിവരെ ഇവരെ ഇംഫാലിലെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കുകയാണ്. സുരക്ഷ ശക്തമാക്കി.









0 comments