മണിപ്പുരിൽ വീണ്ടും സംഘർഷം

ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെ മണിപ്പുരിൽ വീണ്ടും സംഘർഷം. ചുരാചന്ദ്‌പുരിൽ യുവാക്കളും കേന്ദ്രസേനയും ഏറ്റുമുട്ടി. മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി പീസ് ഗ്രൗണ്ട് പരിസരത്ത് സ്ഥാപിച്ച ബോർഡുകളും തോരണങ്ങളും നശിപ്പിച്ചതിന് നിരവധി പേരെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്‌ച്ച വലിയസംഘം യുവാക്കൾ പൊലീസ് സ്‌റ്റേഷൻ വളഞ്ഞു.
സമാധാനപൂർവം തുടങ്ങിയ പ്രതിഷേധം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങി. കല്ലുകളും വടികളുമായി പ്രതിഷേധക്കാർ സുരക്ഷാഉദ്യോഗസ്ഥരെ ആക്രമിച്ചു. പൊലീസുകാരുടെ പ്രകോപനമാണ് സംഘർഷത്തില്‍ കലാശിച്ചതെന്ന് യുവാക്കൾ ആരോപിച്ചു. മൂന്നുദിവസത്തിനിടെ ചുരാചന്ദ്‌പുരിൽ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണിത്. മണിപ്പുരിൽ കലാപം തുടങ്ങി രണ്ടേകാൽ വർഷത്തിനുശേഷം അവിടെ എത്തിയ പ്രധാനമന്ത്രി എല്ലാവരും സമാധാനത്തിന്റെ പാതയിൽ നീങ്ങണമെന്നും സർക്കാർ കൂടെയുണ്ടാകുമെന്നും ആഹ്വാനം ചെയ്‌തിരുന്നു. എന്നാൽ ബിജെപി സർക്കാരിന്റെ കീഴിലും ഇപ്പോൾ രാഷ്ട്രപതി ഭരണത്തിലും മണിപ്പുരിൽ സംഘർഷങ്ങൾ തുടരുകയാണ്.
കലാപം കത്തിപ്പടർന്ന അവസരത്തിൽ മണിപ്പുരിലേക്ക് തിരിഞ്ഞുനോക്കാത്ത പ്രധാനമന്ത്രി 27 മാസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് എത്തിയത്. ഇതിൽ ജനങ്ങൾക്കിടയിൽ വലിയ രോഷമുണ്ടായിരുന്നു. മോദിയുടെ സന്ദർശനത്തിന് മുന്പ് യുവാക്കളും സ്‌ത്രീകളും ഉൾപ്പെടെ പങ്കെടുത്ത് വലിയ പ്രതിഷേധങ്ങളും നടന്നിരുന്നു. മോദിയുടെ സന്ദർശനം പ്രഹസനമായതിൽ ബിജെപി എംഎൽഎമാർക്കിടയിലും അമർഷമുണ്ട്. ഇത്രയും വൈകിയുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം മുറിവുകൾ ഉണക്കുമെന്ന പ്രതീതി പോലും ഉണ്ടാക്കിയില്ലെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.









0 comments