മണിപ്പുരില്‍ സിആർപിഎഫിന് നേരെ വെടിവയ്പ്

ന്യൂഡൽഹി
സംഘപരിവാർ ബന്ധമുള്ള ആരംബായ് തെങ്കോൽ നേതാവിന്റെ അറസ്റ്റിനെ തുടർന്ന് വീണ്ടും കലുഷിതമായ മണിപ്പുരിൽ അക്രമങ്ങള്‍ തുടരുന്നു. നിരോധനാജ്ഞ ലംഘിച്ച് മെയ്‌ത്തീ വിഭാഗക്കാർ സുരക്ഷാസേനയുമായി ഏറ്റുമുട്ടി.
ഇംഫാൽ വെസ്റ്റിൽ സുരക്ഷാസേനയ്‌ക്ക് നേരെ അജ്ഞാതർ വെടിയുതിർത്തു. റോഡിലെ തടസ്സം നീക്കുകയായിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമികൾ ഏഴു തവണ വെടിയുതിർത്തു. ബിഷ്‌ണുപുർ ജില്ലയിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. തിങ്കൾ രാത്രി ഖുരായ് ലാംലോങ്ങിലുണ്ടായ സംഘർഷത്തിൽ പ്രതിഷേധക്കാർ റോഡുകൾ ഉപരോധിച്ചു. ടയർ കൂട്ടിയിട്ട് കത്തിച്ചു. വാഹനങ്ങൾക്ക് തീയിട്ടു. പൊലീസ് കണ്ണീർ വാതകവും റബർ ബുള്ളറ്റുകളും ഉപയോഗിച്ചു. അക്രമങ്ങളിൽ പങ്കില്ലെന്ന് പ്രതികരിച്ച ആരംബായ് തെങ്കോൽ 10 ദിവസത്തേക്ക് പ്രഖ്യാപിച്ച ബന്ദിൽ ഇളവുവരുത്തുന്നതായും ചൊവ്വാഴ്‌ച അറിയിച്ചു. മണിപ്പുർ മുൻ മുഖ്യമന്ത്രി ബിരേൻസിങ്, ആരംബായ് തെങ്കോൽ സ്ഥാപകനായ ബിജെപി എംപി ലെയ്‌ഷെംബ സനജോബ എന്നിവരുമായി ഡൽഹിയിൽ ആഭ്യന്തരമന്ത്രി അമിത്‌ഷായുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം. മെയ്‌ത്തീ സായുധ സേനയായ ആരംബായ് തെങ്കോലിന്റെ നേതാവ് കാനൻ സിങ്ങിനെയും മറ്റ് അഞ്ചുപേരെയും ശനിയാഴ്‌ച രാത്രിയാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്.
അതേസമയം, അടച്ചിട്ടിരിക്കുന്ന ഹൈവേകളിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതില്‍ കുക്കി സംഘടനകളുമായി ആഭ്യന്തര മന്ത്രാലയം ചർച്ച പുനഃരാരംഭിച്ചു.









0 comments