മണിപ്പുരിൽ ഗോത്ര വിഭാഗക്കാരനെ വെടിവച്ചുകൊന്നു

ഇംഫാൽ : രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിട്ടും മണിപ്പുരിൽ കലാപത്തിന് ശമനമില്ല. ചുരാചന്ദ്‌പുരിൽ ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾ വെടിയേറ്റ് മരിച്ചു. മാർ വിഭാഗക്കാരനായ ലാൽരൂപി പഖുമതേ (53)യാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. സുരക്ഷാസേനയാണോ ആൾക്കൂട്ടത്തിൽ കടന്നുകയറിയ അക്രമികളാണോ വെടിവച്ചതെന്ന് വ്യക്തമല്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
പതാക നാട്ടുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്‌ച മാർ, സോമി ഗോത്ര വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. ഇരുവിഭാഗങ്ങളും തമ്മിൽ സമാധാന ചർച്ച നടത്തി മണിക്കൂറുകൾക്കകമാണ് അക്രമം. സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവയ്‌ക്കുകയും ചെയ്‌തു. സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടിക്ക് മജിസ്ട്രേറ്റ് ഉത്തരവിട്ടു. ഒന്നരവർഷത്തിലേറെയായി തുടരുന്ന കലാപത്തിൽ 250ലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. അറുപതിനായിരത്തിലേറെ പേര്‍ കുടിയിറക്കപ്പെട്ടു.









0 comments