കേന്ദ്രത്തിന്റെ അവകാശവാദം തള്ളി കുക്കികൾ ; സമാധാനനീക്കം പ്രതിസന്ധിയിൽ

ന്യൂഡൽഹി
മണിപ്പുരിലെ സമാധാനത്തിനായി പ്രധാനചുവടുവയ്‌പാകുന്ന തീരുമാനങ്ങളെടുത്തുവെന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ അവകാശവാദം തള്ളി കുക്കികൾ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇംഫാൽ സന്ദർശിക്കുന്നതിന് മുന്പേ സാഹചര്യം മെച്ചപ്പെട്ടുവെന്ന് വരുത്താനുള്ള ശ്രമത്തിനാണ് തിരിച്ചടിയേറ്റത്. ദേശീയ പാത –2 തുറക്കാൻ കുക്കി-,സോ കൗൺസിലുമായി ധാരണയായിയെന്നും സസ്-പെൻഷൻ ഓഫ് ഓപ്പറേഷൻസ് (എസ്ഒഒ) കരാർ ഒപ്പുവച്ചെന്നുമായിരുന്നു ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. ഇത് കൗൺസിൽ തള്ളി. ദേശീയ പാത –2 ഒരിക്കലും തടഞ്ഞിട്ടില്ലന്നും സുരക്ഷ ഉറപ്പാക്കേണ്ടത് ആഭ്യന്തരമന്ത്രാലയമാണെന്നും പ്രസ്‌താവനയിൽ പറഞ്ഞു. കേന്ദ്രസർക്കാർ നിലപാട് തെറ്റിദ്ധരിപ്പിക്കുന്നതാണ്. കാങ്‌പോക്പി ജില്ലയിലൂടെ കടന്നുപോകുന്ന ഹൈവേയെ കുറിച്ചാണ് തർക്കം. അവിടെ പുറത്തുനിന്നുള്ളവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാകുന്നില്ലെന്നും കൗൺസിൽ അറിയിച്ചു.
കേന്ദ്രസർക്കാർ വാദത്തെ തള്ളി യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ടും, കുക്കി നാഷണൽ ഓർഗനൈസേഷനും (കെഎൻഒ) സംയുക്ത പ്രസ്‌താവന ഇറക്കി. മാർച്ച് 8 മുതൽ മണിപ്പൂരിലെ എല്ലാ റോഡുകളിലൂടെയും ഗതാഗതം സാധ്യമാക്കിയെന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്‌താവനയും ഇതോടെ ചോദ്യമുനയിലായി.
അതിനിടെ ത്രികക്ഷി സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് (എസ്ഒഒ) കരാർ കുക്കികളുമായി ഒപ്പുവെച്ചതിനെതിരെ മെയ്‌ത്തി സംഘടനകളും രംഗത്തെത്തി. കരാർ റദ്ദാക്കണമെന്ന് 2023 മാർച്ചിൽ മന്ത്രിസഭ പ്രമേയം പാസാക്കിയിരുന്നു. നിയമവിരുദ്ധ തീരുമാനം മണിപ്പൂരിനെ ദുർബലമാക്കുന്നതാണെന്നും കോർഡിനേറ്റിങ് കമ്മിറ്റി ഓൺ മണിപ്പൂർ ഇന്റഗ്രിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.









0 comments